Sorry, you need to enable JavaScript to visit this website.

ജോലിക്കിടെ ലക്ഷ്യംതെറ്റി രണ്ട് തമിഴ്‌നാട്ടുകാർ മരുഭൂമിയിൽ മരിച്ചു

മസ്‌കത്ത്- മരുഭൂമിയിൽ ജലവും ഭക്ഷണവും കിട്ടാതെ രണ്ട് തമിഴ്‌നാട് സ്വദേശികൾ ഒമാനിലെ മരുഭൂമിയിൽ ദാരുണമായി മരിച്ചു.  തിരുനെൽവേലി സ്വദേശി സയ്യിദ് മുഹമ്മദ് അമീസ് സിക്കന്ദർ (30), ട്രിച്ചി രാധനെല്ലൂർ സ്വദേശി ഗണേഷ് വർധാൻ (33) എന്നിവരാണ് മരിച്ചത്. നെറ്റ്‌വർക് സർവേയുമായി ബന്ധപ്പെട്ട ജോലിക്കായി പോയ ഇവർ മരുഭൂമിയിൽ കുടുങ്ങിപ്പോവുകയായിരുന്നു. നാലു ദിവസമായി കാണാതിരുന്ന ഇവരെ ഒമാൻ അതിർത്തി പ്രദേശമായ ഒബാറിന് സമീപം ഫസദിലെ മരുഭൂമിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മരുഭൂമിയിൽ കുടുങ്ങിയ ഇവർ ജലപാനമില്ലാതെ സൂര്യതാപമേറ്റ്  മരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ വാഹനത്തിന്റെ ടയർ മണലിൽ താഴ്ന്നാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങൾ വാഹനത്തിന് കുറച്ച് അകലെനിന്ന് കണ്ടെത്തുകയായിരുന്നു.
ഇവരെ കാണാതായതിനെത്തുടർന്ന് ഉന്നതങ്ങളിൽ പരാതി നൽകി തെരച്ചിൽ ആരംഭിച്ചിരുന്നുവെങ്കിലും ഇൻറർനാഷനൽ വെഹിക്കിൾ മോണീറ്ററീസ് സിസ്റ്റം (ഐ.വി.എം.എസ്) സിഗ്‌നൽ കാണിക്കാതിരുന്നത് കൊണ്ട് ലോക്കേഷൻ കണ്ടെത്താൻ കമ്പനി അധികൃതർക്ക് കഴിഞ്ഞില്ലെന്നാണ് പറയുന്നത്. മൃതദേഹങ്ങൾ സുൽത്താൻ കാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  
 

Tags

Latest News