അബഹ - കനത്ത മഴയിൽ അസീർ പ്രവിശ്യയിൽ ജനജീവിതം നിശ്ചലമായി. തുടർച്ചയായി അഞ്ചാം ദിവസമാണ് അസീർ പ്രവിശ്യയിൽ ശക്തമായ മഴ പെയ്യുന്നത്.
അബഹ, ഖമീസ് മുശൈത്ത്, അൽനമാസ്, തത്ലീത്ത്, ബൽഖറൻ, തന്നൂമ, ത്വരീബ്, ബൽഹമർ, ബൽസമർ, ബൈഹാൻ എന്നിവിടങ്ങളിലെല്ലാം മഴ പെയ്തു.
അബഹയിൽ കനത്ത മഴയിൽ മാലിന്യങ്ങൾ ഒഴുകി ഡ്രൈനേജുകൾ അടഞ്ഞതു മൂലം അൽമൻസക്, അൽ മുവദ്ദിഫീൻ, അൽമുറൂജ്, റിംഗ് റോഡ്, അൽമൻഹൽ, അൽദുബാബ്, അൽബസറ ഡിസ്ട്രിക്ടുകളിലും മദീന റോഡിലും പലയിടങ്ങളിലും വെള്ളം കയറി. നഗരസഭാ ജീവനക്കാർ മാലിന്യങ്ങൾ നീക്കം ചെയ്ത് ഡ്രൈനേജുകളും ഓവുചാലുകളും വൃത്തിയാക്കി വെള്ളം തിരിച്ചുവിട്ടു.
ബീശക്ക് തെക്ക് സ്വമഖിലുണ്ടായ മലവെള്ളപ്പാച്ചിൽ മൂലം ബീശ-ഖമീസ് മുശൈത്ത് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് നിരവധി പേരുടെ വീടുകളിലും വെള്ളം കയറി. ഇടുങ്ങിയ ഓവുചാലുകളും ഡ്രൈനേജുകളുമാണ് വീടുകളിൽ വെള്ളം കയറുന്നതിന് ഇടയാക്കിയത്. നിരവധി വാഹനങ്ങളും വെള്ളത്തിൽ കുടുങ്ങി. മോശം ഡ്രൈനേജ് സംവിധാനമാണ് വീടുകളിൽ വെള്ളം കയറുന്നതിന് ഇടയാക്കുന്നതെന്ന് അൽഹാജൂൻ ഗ്രാമവാസി നാസിർ അൽ ശഹ്റാനി പറഞ്ഞു.
അൽഹാജൂനിൽ മലവെള്ളം തിരിച്ചു വിടുന്നതിനുള്ള പദ്ധതി അംഗീകാരത്തിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് സമർപ്പിച്ചിട്ടുണ്ടെന്നും താൽക്കാലിക പരിഹാരമെന്നോണം മൺതിട്ടകൾ സ്ഥാപിച്ച് അൽദാൽ താഴ്വരയിൽ ജലമൊഴുക്കിന്റെ ഗതി തിരിച്ചു വിട്ടിട്ടുണ്ടെന്നും സ്വമഖ് ബലദിയ മേധാവി ബന്ദർ അൽത്വലീഹ പറഞ്ഞു. കനത്ത മഴയിൽ ബൽസമറിലെ അൽഖിൽസ അണക്കെട്ട് നിറഞ്ഞു. തായിഫിൽ പലയിടത്തും ആലിപ്പഴ വർഷത്തിന്റെ അകമ്പടിയോടെയായിരുന്നു മഴ. അബഹക്ക് വടക്ക് ഇരുപതു കിലോമീറ്റർ ദൂരെ ബനീമാലിക്കിലെ ഗ്രാമങ്ങളിൽ മഴക്കൊപ്പമുണ്ടായ കനത്ത ആലിപ്പഴ വർഷത്തിൽ ഏതാനും വാഹനങ്ങൾ കുടുങ്ങി. വിനോദ സഞ്ചാരികൾ അടക്കമുള്ളവരുടെ കാറുകളാണ് കുടുങ്ങിയത്.
തായിഫിൽ 48 മണിക്കൂറിനിടെയുണ്ടായ കനത്ത മഴയിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി. ഡ്രൈനേജ് കനാലുകൾ അടഞ്ഞതാണ് റോഡുകളിൽ വെള്ളം കയറുന്നതിന് ഇടയാക്കിയത്. നഗരത്തിൽ 34 ഡ്രൈനേജ് കനാലുകളാണ് അടഞ്ഞത്.
നഗരസഭാ തൊഴിലാളികൾ മാലിന്യങ്ങൾ നീക്കം ചെയ്ത് ഡ്രൈനേജ് കനാലുകൾ തുറക്കുകയും മോട്ടോറുകൾ ഉപയോഗിച്ച് റോഡുകളിൽ നിന്ന് വെള്ളം അടിച്ചൊഴിവാക്കുകയും ചെയ്തു. നഗരത്തിലെ 34 ഇടങ്ങളിൽ നിന്ന് മോട്ടോറുകളും ടാങ്കറുകളും ഉപയോഗിച്ച് വെള്ളം അടിച്ചൊഴിവാക്കി. മഴക്കുള്ള സാധ്യത കണക്കിലെടുത്ത് നഗരത്തിലെ ഡ്രൈനേജ് കനാലുകൾ നഗരസഭ മുൻകൂട്ടി വൃത്തിയാക്കുകയും കനാലുകളിൽ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിരുന്നു. മഴവെള്ളം വേഗത്തിൽ തിരിച്ചു വിടുന്നതിന് ഇത് സഹായകമായി. മലവെള്ളപ്പാച്ചിൽ തടയുന്നതിനും മഴവെള്ളം തിരിച്ചുവിടുന്നതിനും ഏതാനും പദ്ധതികൾ അടുത്ത കാലത്ത് തായിഫ് നഗരസഭ നടപ്പാക്കിയിരുന്നു. തായിഫ് ഉമ്മുൽ അറാദ് ഡിസ്ട്രിക്ടിൽ റോഡിൽ വെള്ളം കയറിയതിനാൽ ഗേൾസ് സെക്കണ്ടറി സ്കൂളിലെ 150 ലേറെ വിദ്യാർഥിനികൾ സ്കൂളിൽ നിന്ന് പുറത്തിറങ്ങാനാകാതെ കുടുങ്ങി. സിവിൽ ഡിഫൻസ് അധികൃതരാണ് ഇവരെ സുരക്ഷിതമായി പുറത്തു കടത്തിയത്. തായിഫ് വാദി വജിൽ ഏതാനും വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. ഇവരെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തി.
അൽബാഹ ഖിൽവ ഗവർണർ അബ്ദുല്ല അൽ ഹർബിയും സർക്കാർ വകുപ്പ് മേധാവികളും മലവെള്ളപ്പാച്ചിൽ മൂലം നാലു മണിക്കൂർ നേരം വഴിയിൽ കുടുങ്ങി. മികച്ച റോഡും മറ്റു സൗകര്യങ്ങളുമില്ലാത്തതിൽ പ്രദേശവാസികളുടെ ആവലാതികൾ കേൾക്കുന്നതിനും പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും അൽശഅബ് സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് ഗവർണറും ഉദ്യോഗസ്ഥരും മലവെള്ളപ്പാച്ചിൽ മൂലം വഴിയിൽ കുടുങ്ങിയത്.






