മലപ്പുറം- ഹൈസ്കൂൾ വിദ്യാർഥികളുടെ സംഘടനയായ ടീൻ ഇന്ത്യ സംഘടിപ്പിക്കുന്ന കേരള കൗമാര സമ്മേളനം 2018 ഏപ്രിൽ 15, 16 തീയതികളിലായി മലപ്പുറത്തു നടക്കും.
'നന്മയുടെ ലോകം ഞങ്ങളുടേത്' എന്നാണ് സമ്മേളനത്തിന്റെ പ്രമേയം.
കൗമാര പ്രായത്തിലുള്ള വിദാർഥികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെയും അവരെ കരുവാക്കിക്കൊണ്ട് പണം വാരുന്ന വിപണി തന്ത്രങ്ങളെയും സമ്മേളന പ്രചാരണങ്ങളിൽ തുറന്നുകാട്ടും. കൗമാരത്തിന്റെ നന്മകളും ഊർജവും മനുഷ്യക്ഷേമത്തിനും സേവനത്തിനും ഉപയോഗിക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ വ്യക്തിത്വങ്ങൾ സമ്മേളനത്തിൽ സംബന്ധിക്കുകയും വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്യും. ആറു വേദികളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രഭാഷണങ്ങളും കലാ അവതരണങ്ങളും പ്രായോഗിക പരിശീലനങ്ങളും പ്രദർശനങ്ങളും ഉണ്ടാകും. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുത്ത ആയിരത്തോളം വിദ്യാർഥി പ്രതിഭകളാണ് സമ്മേളന പ്രതിനിധികളായി പങ്കെടുക്കുക. അവസാനദിവസം നടക്കുന്ന പൊതുസമ്മേളനത്തിൽ പതിനായിരം ഹൈസ്കൂൾ വിദ്യാർഥികളുടെ സംഗമം നടക്കും.
തെരുവു നാടകം, പാട്ടുകൂട്ടം, പ്രദർശനം, കവലപ്രസംഗം തുടങ്ങി കൗമാരക്കാരുടെ കഴിവുകൾ കാഴ്ചവെക്കുന്ന രീതിയിൽ വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
സമ്മേളന സ്വാഗത സംഘം ഓഫീസ് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. സമ്മേളന ജനറൽ കൺവീനർ ജലീൽ മോങ്ങം, കൺവീനർ മുസ്തഫാ ഹുസൈൻ, ടീൻ ഇന്ത്യ സംസ്ഥാന സമിതിയംഗങ്ങളായ നാസർ കറുത്തേനി, ഫൈസൽ തൃശൂർ, നുഅ്മാൻ വയനാട്, ആർടിസ്റ്റ് ലൗലി കാസിൽ, നഗരിവകുപ്പ് കൺവീനർ ഇ. അബ്ദുൽ ഗഫൂർ, അസിസ്റ്റന്റ് കൺവീനർ എഞ്ചിനീയർ അബ്ദുൽ കരീം, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം സി. ബഷീർ തുടങ്ങിയവർ പങ്കെടുത്തു.






