Sorry, you need to enable JavaScript to visit this website.

അറ്റുപോകരുത്, വാർധക്യത്തോടുള്ള കരുതൽ

ജനങ്ങളെ പൊതുവായി വലിയ തോതിൽ ബാധിക്കാത്ത രീതിയിൽ നികുതി വർധന ഏർപ്പെടുത്തിയോ അല്ലെങ്കിൽ ഏതെങ്കിലും വരുമാനത്തിൽ നിന്നുള്ള നിശ്ചിത ശതമാനം പെൻഷൻ ഫണ്ടിലേക്ക് നീക്കിവെക്കുന്ന തരത്തിൽ സാമ്പത്തിക ക്രമീകരണങ്ങൾ നടത്തുകയോ വേണം. അനാവശ്യ ചെലവുകൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയാൽ തന്നെ പെൻഷൻ വിതരണത്തിനുള്ള പണം കണ്ടെത്താനാകും. വീണ്ടും വീണ്ടും കടമെടുക്കുന്നതിന് പകരം ഇത്തരത്തിലുള്ള പ്രായോഗിക മാർഗങ്ങളാണ് സർക്കാർ സ്വീകരിക്കേണ്ടത്. 

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ ഇടതുമുന്നണി സർക്കാർ തുടർഭരണം നേടിയതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. പൊതുവായി പറഞ്ഞാൽ കേരളത്തിലെ ജനങ്ങൾ മുമ്പെങ്ങുമില്ലാത്ത രീതിയിൽ പ്രളയത്തെയും നിപ രോഗബാധയെയും എറ്റവുമൊടുവിൽ കോവിഡിനെയുമെല്ലാം നേരിട്ടപ്പോൾ അതിന് താങ്ങായി നിൽക്കാൻ, കഴിഞ്ഞ സർക്കാർ കാണിച്ച ജാഗ്രതയാണ് ഇടതുമുന്നണിയെ കൂടുതൽ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിച്ചത്. 
ജനങ്ങൾക്ക് ആവശ്യമായ സമയത്ത് കരുതൽ കൊടുക്കേണ്ടത് ഒരു ജനാധിപത്യ സർക്കാരിന്റെ ഏറ്റവും വലിയ കടമയാണെന്നും അത്തരത്തിൽ പ്രവർത്തിക്കുന്ന സർക്കാരുകളെ ജനങ്ങൾ പിന്തുണയ്ക്കുമെന്നതിന്റെ തെളിവു കൂടിയായിരുന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്. ജനങ്ങൾ വലിയ വിപത്തിനെ നേരിടേണ്ടി വന്നപ്പോൾ അതിനെ പ്രതിരോധിക്കുന്നതിൽ സർക്കാർ ജനങ്ങൾക്കൊപ്പം നിന്നതുകൊണ്ടാണ് കേരളത്തിൽ തുടർഭരണം സാധ്യമായതെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. ഇതിൽ ഏറ്റവുമധികം പ്രധാനപ്പെട്ട പങ്കുവഹിച്ചത് സർക്കാരറിന്റെ സാമൂഹ്യ സുരക്ഷാ  പെൻഷൻ പദ്ധതിയാണ്. 
സംസ്ഥാനത്തെ 60 വയസ്സ് കഴിഞ്ഞ 52.27 ലക്ഷം ജനങ്ങൾക്കാണ് പ്രതിമാസം 1600 രൂപ നിരക്കിൽ പെൻഷൻ നൽകുന്നത്. നേരത്തെ 600 രൂപയുണ്ടായിരുന്നത് വർധിപ്പിച്ച് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ സർക്കാർ അത് 1600 രൂപയിലെത്തിക്കുകയായിരുന്നു. കോവിഡിന്റെ താണ്ഡവത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക നില ആകെ താറുമാറാകുകയും ജോലിയും കൂലിയുമില്ലാതെ ലക്ഷക്കണക്കിനാളുകൾ കഷ്ടപ്പാട് അനുഭവിക്കുകയും ചെയ്തപ്പോഴാണ് പ്രതിമാസം ലഭിക്കുന്ന 1600 രൂപയുടെ മൂല്യം കേരളത്തിലെ വലിയൊരു വിഭാഗം കുടുംബങ്ങൾ തിരിച്ചറിഞ്ഞത്. 
കോവിഡിന്റെ രൂക്ഷതയിൽ ഒരു രൂപയുടെ പോലും വരുമാനമില്ലാതെ ജീവിതം കഴിക്കേണ്ടിവന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾ കേരളത്തിലുണ്ടായിരുന്നു. വീട്ടിലുള്ള പ്രായമായവരുടെ പേരിൽ സാമൂഹ്യ പെൻഷൻ ഇനത്തിൽ എത്തുന്ന 1600 രൂപ അക്ഷരാർത്ഥത്തിൽ വലിയൊരു കച്ചിത്തുരുമ്പ് തന്നെയായിരുന്നു. അതുപയോഗിച്ചാണ് അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോയത്. സാമൂഹ്യ പെൻഷൻ ഇനത്തിൽ മുൻകാലത്തുണ്ടായിരുന്ന കുടിശ്ശിക തീർത്തുകൊടുത്തുവെന്ന് മാത്രമല്ല, കോവിഡ് കാലത്ത് എല്ലാ മാസങ്ങളിലും കൃത്യമായി പെൻഷൻ കൊടുക്കുകയും ചില മാസങ്ങളിൽ അഡ്വാൻസായി പെൻഷൻ നൽകുകയും ചെയ്തുവെന്നതാണ് പിണറായി സർക്കാരിന് വലിയ വിജയം സമ്മാനിച്ചത്. 
പെൻഷനിൽ കുടിശ്ശിക വരുത്താതെ കഴിഞ്ഞ മെയ് മാസം വരെ നൽകാൻ നിലവിലുള്ള സർക്കാരറിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ സമീപഭാവിയിൽ സാമൂഹ്യ പെൻഷൻ വിതരണത്തിന്റെ അവസ്ഥയെന്താകുമെന്ന കാര്യത്തിൽ ഇപ്പോൾ വലിയ തോതിൽ ആശങ്ക ഉയർന്നിരിക്കുകയാണ്. വലിയ കട ബാധ്യതയിലേക്കാണ് സാമൂഹ്യ പെൻഷൻ പദ്ധതി സർക്കാരിനെ കൊണ്ടെത്തിച്ചിരിക്കുന്നത്. മുടക്കമില്ലാതെ പെൻഷൻ വിതരണം ചെയ്യണമെങ്കിൽ വർഷം തോറും പതിനായിരം കോടി രൂപ കണ്ടെത്തണമെന്നത് സംസ്ഥാനത്തെ വലിയ തോതിൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. 
2018 മുതൽ കേരള സോഷ്യൽ സെക്യൂരിറ്റീസ് പെൻഷൻ ലിമിറ്റഡ് ( കെ.എസ്.എസ്.പി.എൽ) എന്ന പേരിൽ ഒരു കമ്പനിക്ക് രൂപം നൽകി അത് വഴിയാണ് സർക്കാർ പെൻഷൻ വിതരണം ചെയ്തു വരുന്നത്. 
ഈ കമ്പനി ബിവറേജസ് കോർപറേഷൻ, കെ.എസ്.എഫ്.ഇ, പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം എന്നിവിടങ്ങളിൽ നിന്ന് വായ്പയെടുത്താണ് പെൻഷൻ വിതരണത്തിനുള്ള പണം കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് സർക്കാർ ജാമ്യം നിന്നിരുന്നു. എന്നാൽ കമ്പനി എടുക്കുന്ന വായ്പയ്ക്ക് ഇനി മുതൽ ജാമ്യം നിൽക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനമെടുത്തിരിക്കുകയാണ്. ഇതോടു കൂടി ഇനി മുതൽ കെ.എസ്.എസ്.പി.എല്ലിന് വായ്പ നൽകാൻ ആരും തയാറാകാത്ത സ്ഥിതിയുണ്ടാകും. അത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാനിരിക്കുന്നത്. സാമൂഹ്യ പെൻഷൻ അനിശ്ചിതമായി മുടങ്ങുകയോ അല്ലെങ്കിൽ പൂർണമായും നിലച്ചുപോകുകയോ ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേരാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ സംഭവിച്ചാൽ ഈ പദ്ധതിയുടെ പിൻബലത്തിൽ തുടർഭരണത്തിലെത്തിയ പിണറായി സർക്കാരിന് അത് വലിയ തിരിച്ചടിയാകും ഉണ്ടാക്കുക.
കെ.എസ്.എസ്.പി.എൽ വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയതും കമ്പനി എടുത്തിട്ടുള്ള വായ്പകളെ കേരളത്തിന്റെ മൊത്തം കടത്തിൽ ഉൾപ്പെടുത്തുമെന്നും ഇത് സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള ശേഷിയെ ബാധിക്കുമെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെയാണ് സംസ്ഥാന സർക്കാർ കെ.എസ്.എസ്.പി.എല്ലിന്റെ വായ്പകൾക്ക് ജാമ്യം നിൽക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. 2018 ൽ കെ.എസ്.എസ്.പി.എൽ രൂപീകരിച്ചത് മുതൽ ഇതുവരെ 32,000 കോടി രൂപയുടെ കടബാധ്യത കമ്പനിക്കുണ്ട്. ഇതിന്റെ പലിശ കൂടി കൂട്ടുമ്പോൾ ബാധ്യത 35,000 കോടിയിലേറെ വരും. 
ഇനിയും കടമെടുക്കുകയെന്നത് കെ.എസ്.എസ്.പി.എല്ലിനെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. സർക്കാർ ജാമ്യം നിൽക്കില്ലെന്ന് തീരുമാനിച്ചതോടെ കടം കിട്ടാത്ത അവസ്ഥയുമുണ്ടാകും. അടുത്ത മാസം മുതൽ പെൻഷൻ വിതരണത്തിനുള്ള പണം കണ്ടെത്താൻ കമ്പനിക്ക് കഴിയാതെ വന്നാൽ അതിന്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ തലയിലായിരിക്കും വരിക.
കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആഘോഷമാക്കിയതാണ് സാമൂഹ്യ പെൻഷൻ പദ്ധതി. അതിന് ഏതെങ്കിലും തരത്തിലുള്ള തടസ്സം നേരിട്ടാൽ അതിനെതിരെ വലിയ തോതിലുള്ള ജനകീയ രോഷം സർക്കാരരിന് അനുഭവിക്കേണ്ടിവരും. അതിലെല്ലാമുപരി ഈ പദ്ധതി നിലനിൽക്കേണ്ടത് കേരളത്തിലെ ജനങ്ങളുടെ ആവശ്യം കൂടിയാണ്. 60 വയസ്സ് കഴിഞ്ഞ ലക്ഷക്കണക്കിനാളുകൾ അവരുടെ വാർധക്യത്തിൽ മരുന്ന് വാങ്ങുന്നതിനും മറ്റുമുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനുമെല്ലാം സാമൂഹ്യ പെൻഷനായി കിട്ടുന്ന പണത്തെയാണ് ആശ്രയിക്കുന്നതെന്ന കാര്യം ഒരിക്കലും സർക്കാർ വിസ്മരിച്ചു കൂടാത്തതാണ്. 
കേരളത്തിലെ നിലവിലുള്ള ജീവിത സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ 1600 രൂപ ഒരു വലിയ തുകയല്ല. എങ്കിൽ പോലും  ഓരോ മാസത്തിന്റെയും ആദ്യ ദിവസങ്ങളിൽ കൃത്യമായ ഒരു തുക തങ്ങളുടെ കൈവശം എത്താനുണ്ടെന്ന ബോധ്യം വാർധക്യത്തിലേക്ക് കടന്ന വലിയൊരു വിഭാഗം ജനങ്ങളിലുണ്ടാക്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അതിനെ തകർക്കുന്ന സമീപനം സർക്കാരിൽ നിന്നുണ്ടാകരുത്.
പ്രതിവർഷം പതിനായിരം കോടിയിലേറെ രൂപ സാമൂഹ്യ പെൻഷന് വേണ്ടി കണ്ടെത്തുകയെന്നത് സാമ്പത്തികമായി എപ്പോഴും പ്രയാസങ്ങൾ നേരിടുന്ന കേരളത്തെ സംബന്ധിച്ച് വലിയ ബാധ്യതയാണെന്ന കാര്യത്തിൽ സംശയമില്ല. 
എക്കാലവും കടം വാങ്ങിക്കൊണ്ട് മാത്രം പെൻഷൻ തുക വിതരണം ചെയ്യുകയെന്നത് ഒട്ടും പ്രായോഗികമല്ലാത്ത കാര്യമാണ്. തൽക്കാലത്തേക്ക് ഇത് നടക്കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ മുന്നോട്ട് കൊണ്ടുപോകാനാകില്ല. അതുകൊണ്ട് തന്നെ പെൻഷൻ വിതരണത്തിനുള്ള പണം കണ്ടെത്തുന്നതിന് മറ്റു മാർഗങ്ങൾ സ്വീകരിക്കണം.
ജനങ്ങളെ പൊതുവായി വലിയ തോതിൽ ബാധിക്കാത്ത രീതിയിൽ നികുതി വർധന ഏർപ്പെടുത്തുകയോ അല്ലെങ്കിൽ ഏതെങ്കിലും വരുമാനത്തിൽ നിന്നുള്ള നിശ്ചിത ശതമാനം പെൻഷൻ ഫണ്ടിലേക്ക് നീക്കിവെക്കുന്ന തരത്തിൽ സാമ്പത്തിക ക്രമീകരണങ്ങൾ നടത്തുകയോ വേണം. അനാവശ്യ ചെലവുകൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയാൽ തന്നെ പെൻഷൻ വിതരണത്തിനുള്ള പണം കണ്ടെത്താനാകും. 
വീണ്ടും വീണ്ടും കടമെടുക്കുന്നതിന് പകരം ഇത്തരത്തിലുള്ള പ്രായോഗിക മാർഗങ്ങളാണ് സർക്കാർ സ്വീകരിക്കേണ്ടത്. കൂടുതൽ കരുതലും സംരക്ഷണവുമൊക്കെ അർഹിക്കുന്നവരാണ് വാർധക്യത്തിലേക്ക് നീങ്ങിയവർ. അവർ തളർന്നുപോകാതെ ചേർത്തു നിർത്തേണ്ടത് ഒരു ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്തമാണ്.

Latest News