Sorry, you need to enable JavaScript to visit this website.

ജെസ്വിനെ തഴഞ്ഞതെന്തിന്?

വ്യാഴാഴ്ച രാവിലെയാണ് ജെസ്വിൻ ആൾഡ്രിന് യു.എസ് എംബസിയിൽ നിന്ന് വിസ എത്തിയത്. ലോക ചാമ്പ്യൻഷിപ്പിനായി ഓറിഗണിലേക്ക് പറക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇരുപതുകാരൻ. എന്നാൽ ഏറ്റവുമധികം ദൂരത്തേക്ക് ലോംഗ്ജമ്പ് ചാടിയ ഇന്ത്യക്കാരനെ ലോക മീറ്റിനുള്ള ടീമിൽ നിന്ന് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ തഴഞ്ഞു. 
ഈ വർഷം വലിയ പ്രതീക്ഷയോടെയാണ് ജെസ്വിൻ തുടങ്ങിയത്. തിരുവനന്തപുരത്ത് നടന്ന ഇന്ത്യൻ ഗ്രാന്റ്പ്രിയിൽ ഒന്നാം സ്ഥാനക്കാരനായിരുന്നു. വലിയ വ്യത്യാസത്തിൽ ലോക മീറ്റിന്റെ യോഗ്യതാ മാർക്ക് കടന്നു. ഈ വർഷത്തെ മികച്ച ചാട്ടങ്ങളിൽ ഏഴാം സ്ഥാനത്തുണ്ട് ജെസ്വിൻ. എന്നിട്ടും എന്തിനാണ് ജെസ്വിനെ തഴഞ്ഞതെന്ന് വ്യക്തമല്ല. എന്തായാലും തീരുമാനം ജെസ്വിനെ തകർത്തിരിക്കുകയാണ്. കോമൺവെൽത്ത് ഗെയിംസിനുള്ള അത്‌ലറ്റിക് ടീമിൽ നിന്ന് തഴഞ്ഞപ്പോഴും ലോക മീറ്റിൽ മത്സരിക്കാമല്ലോ എന്ന പ്രതീക്ഷയിൽ നിൽക്കുകയായിരുന്നു ഈ അത്‌ലറ്റ്. 
ഏപ്രിലിൽ തേഞ്ഞിപ്പലത്തു നടന്ന ഫെഡറേഷൻ കപ്പിൽ ജെസ്വിൻ ആൾഡ്രിൻ സ്വർണം നേടിയത് 8.37 മീറ്റർ ചാടിയാണ്. മറ്റൊരു ഇന്ത്യക്കാരനും സാധിക്കാത്ത ദൂരം. എന്നാൽ കാറ്റിന്റെ ഗതി കൂടുതലായതിനാൽ ഇത് ദേശീയ റെക്കോർഡായി പരിഗണിച്ചില്ല. കാറ്റിന്റെ വേഗം അനുവദനീയ പരിധിയിലായ സമയത്ത് 8.26 മീറ്റർ വരെ ജെസ്വിൻ ചാടിയിട്ടുണ്ട്. 8.22 മീറ്റർ മാത്രമാണ് ലോക മീറ്റിനുള്ള യോഗ്യതാ മാർക്ക്. 8.22 മീറ്റർ ചാടിയിരുന്നുവെങ്കിൽ 2019 ലെ ലോക മീറ്റിൽ അഞ്ചാം സ്ഥാനത്തെത്തുമായിരുന്നു ജെസ്വിൻ. കഴിഞ്ഞ ഒളിംപിക്‌സിൽ വെങ്കലും നേടാമായിരുന്നു. 
സമീപകാലത്ത് ഫോം മങ്ങിയതാവാം ജെസ്വിനെ തഴയാൻ കാരണം. ഇറ്റലിയിലും സ്‌പെയിനിലും മേയിൽ നടന്ന മീറ്റുകളിൽ 7.82 മീറ്ററും 769 മീറ്ററും ചാടാനേ മലയാളി താരത്തിന് സാധിച്ചുള്ളൂ. ചെന്നൈയിൽ ജൂണിൽ നടന്ന ദേശീയ ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക് മീറ്റിലെ പ്രകടനമായിരുന്നു ഏറ്റവും നിരാശാജനകം. യോഗ്യതാ റൗണ്ടിൽ 7.71 മീറ്റർ അനായാസം പിന്നിട്ട ജെസ്വിന് ഫൈനലിൽ 7.51 മീറ്ററുമായി അഞ്ചാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. 
അത് ജെസ്വിന് ഇരുട്ടടിയായി. കോമൺവെൽത്ത് ഗെയിംസിനും ലോക മീറ്റിനുമുള്ള ഇന്ത്യൻ ടീമിൽ ജെസ്വിന് സ്ഥാനം നഷ്ടപ്പെട്ടു. പകരം ടീമിൽ സ്ഥാനം നേടിയത് രണ്ട് മലയാളികളാണ് -മുരളി ശ്രീശങ്കറും മുഹമ്മദ് യഹ്‌യയും. യഹ്‌യയുടെ കരിയർ ബെസ്റ്റ് 8.15 മീറ്റർ മാത്രമാണ്. എന്നാൽ സ്ഥിരത പുലർത്തുന്നു. 
എങ്കിലും ലോക മീറ്റിൽ ജെസ്വിന് പങ്കെടുക്കാൻ അവസരം നൽകാമായിരുന്നു. ലോക മീറ്റിൽ ഒരു രാജ്യത്തിന് എത്ര അത്‌ലറ്റുകളെയും പങ്കെടുപ്പിക്കാം. മാത്രമല്ല യോഗ്യതാ മാർക്ക് കടന്ന് ജെസ്വിനുൾപ്പെടെ 10 അത്‌ലറ്റുകൾക്ക് മാത്രമാണ് ലോക മീറ്റിൽ സ്ഥാനം പിടിക്കാനായത് ബാക്കി 22 പേരും റാങ്കിംഗ് വഴിയാണ് കടന്നു കൂടിയത്. 
ജെസ്വിനെ തഴഞ്ഞെങ്കിലും നിരവധി മലയാളികൾ ലോക മീറ്റിനുള്ള ടീമിൽ സ്ഥാനം നേടി. എം.പി ജാബിർ (400 മീ. ഹർഡിൽസ്), എം. ശ്രീശങ്കർ, മുഹമ്മദ് അനീസ് (ലോംഗ്ജമ്പ്), അബ്ദുല്ല അബൂബക്കർ, എൽദോസ് പോൾ (ട്രിപ്പിൾജമ്പ്), അമോജ് ജേക്കബ്, നോഹ് നിർമൽ ടോം, മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ് (4ഃ400 റിലേ) എന്നിവർ ഇന്ത്യൻ സംഘത്തിലുണ്ട്. അമോജ് ഫിറ്റ്‌നസ് തെളിയിക്കേണ്ടതുണ്ട്. 
 

Latest News