ന്യൂദല്‍ഹി- ആള്‍ട് ന്യൂസ് സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ ദല്‍ഹിയിലെ പാട്യാല ഹൗസ് കോടതി തള്ളി. ദല്‍ഹി പോലീസ് ആവശ്യപ്പെട്ടതു പ്രകാരം മാധ്യമ പ്രവര്‍ത്തകനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ദല്‍ഹി പൊലീസ് പട്യാല ഹൗസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 153 (കലാപം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രകോപനം), 295 (മതവിഭാഗങ്ങളെ മോശമായി ചിത്രീകരിക്കല്‍) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്. വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എഫ്സിആര്‍എ നിയമത്തിന്റെ 35-ാം വകുപ്പും ചുമത്തിയിട്ടുണ്ട്.സുബൈറിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവും ഇഡി നടത്തും. സുബൈറിനെ ജൂണ്‍ 27ന് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.സുബൈര്‍ 2018ല്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ് ചെയ്തെന്ന് ആരോപിച്ചാണ് അറസ്റ്റ്.
രാഷ്ട്രീയ ഹിന്ദു ഷേര്‍ സേനയുടെ ജില്ലാ തലവനായ ഭഗവാന് ശരണ്‍ എന്നയാളുടെ പരാതിയിലാണ് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. 2014ന് ശേഷം ഹണിമൂണ്‍ ഹോട്ടലില്‍ നിന്ന് ഹനുമാന് ഹോട്ടലിലേക്ക് പേരുമാറ്റുന്ന ഹോട്ടലിന്റെ ചിത്രം ട്വീറ്റ് ചെയ്തതിനാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തതെന്നാണ് ദല്‍ഹി പോലീസ് പറഞ്ഞിരുന്നത്.
രാജ്യത്തെ പ്രമുഖ ഫാക്ട് ചെക്കിങ്ങ് മാധ്യമമാണ് മാധ്യമപ്രവര്ത്തകന് മുഹമ്മദ് സുബൈര്‍ ജോലി ചെയ്യുന്ന ആള്‍ട്ട് ന്യൂസ്. സത്യാനന്തര കാലത്തെ സത്യങ്ങള്‍ തുറന്നുകാണിക്കുന്ന വെബ് പോര്‍ട്ടലാണ് ആള്‍ട്ട് ന്യൂസ്. സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ഈ വെബ്സൈറ്റ് കൃത്യമായ ഇടപെടലുകള്‍ നടത്താറുണ്ട്. ബി.ജെ.പി ഗവണ്മെന്റിനെതിരെ പോര്‍ട്ടല്‍ വസ്തുതാപരമായി വിമര്‍ശനമുന്നയിക്കാറുമുണ്ട്.
2018 മാര്‍ച്ചിലാണ് കേസിനാധാരമായ ട്വീറ്റ് സുബൈര്‍ പോസ്റ്റ് ചെയ്തത്. 2020ലാണ് ഇതിനെതിരെ കേസെടുത്തിരുന്നത്.
തീവ്ര ഹിന്ദുത്വ നേതാക്കളായ യതി നരസിംഹാനന്ദ, മഹന്ദ് ബജ്റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവര്‍ നടത്തിയ വിദ്വേഷപ്രസംഗം ആള്‍ട്ട് ന്യൂസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സംഘപരിവാര്‍ ആള്‍ട്ട് ന്യൂസിനെതിരെ സൈബര്‍ ആക്രമണവും നടത്തിയിരുന്നു. പ്രവാചകനെതിരായ ബി.ജെ.പി നേതാവ് നുപൂര്‍ ശര്‍മയുടെ പരാമര്‍ശം പുറം ലോകത്തെത്തിച്ച മാധ്യമപ്രവര്‍ത്തകനും മുഹമ്മദ് സുബൈറായിരുന്നു.






