കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ സ്‌കൂള്‍  വിദ്യാര്‍ഥിനിയെ സുരക്ഷാ ജീവനക്കാരന്‍ പീഡിപ്പിച്ചു 

തേഞ്ഞിപ്പലം- കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സുരക്ഷാ ജീവനക്കാരന്‍ കസ്റ്റഡിയില്‍. സര്‍വകലാശാലയിലെ സുരക്ഷാജീവനക്കാരനും വിമുക്ത ഭടനുമായ മണികണ്ഠനെയാണ് പോക്‌സോ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
പരിസരത്തെ സ്‌കൂളില്‍നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സര്‍വകലാശാല കാമ്പസിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ യൂണിഫോമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മണികണ്ഠന്‍ പീഡിപ്പിച്ചെന്നാണ് പരാതി. ജൂണ്‍ 29ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.
സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ഥിനികളാണ് കാമ്പസിലെത്തിയത്. കാടുമൂടിയ സ്ഥലത്തുകൂടെ നടന്നുപോയ ഇവരെ കണ്ട സുരക്ഷാജീവനക്കാരന്‍ പെണ്‍കുട്ടികളോട് കയര്‍ക്കുകയും തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് കൂട്ടത്തിലൊരു പെണ്‍കുട്ടിയെ തിരികെ വിളിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയാണ് ഇയാള്‍ പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.
വിമുക്ത ഭടനായ മണികണ്ഠന്‍ സര്‍വകലാശാലയിലെ കരാര്‍ ജീവനക്കാരനാണ്. ഇയാളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെന്നും പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും തേഞ്ഞിപ്പലം പോലീസ് പറഞ്ഞു
 

Latest News