Sorry, you need to enable JavaScript to visit this website.

സ്വർണവിലയിൽ ചാഞ്ചാട്ടം; പവന് 38,320 രൂപ

കൊച്ചി-സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ചാഞ്ചാട്ടം. ആഭരണ കേന്ദ്രങ്ങളിൽ പവന് 960 രൂപ ഉയർന്ന് 38,320 രൂപയിൽ രാവിലെ ഇടപാടുകൾക്ക് തുടക്കം കുറിച്ചെങ്കിലും ഉച്ചയോടെ പവന് 200 രൂപ കുറഞ്ഞ് 38,080 രൂപയായി, ഗ്രാമിന് വില 4760 രൂപ.
കേന്ദ്രം സ്വർണ ഇറക്കുമതി ഡ്യൂട്ടിയിൽ വരുത്തിയ മാറ്റമാണ് ആഭ്യന്തര മഞ്ഞലോഹ വിലയിൽ പ്രതിഫലിച്ചത്. സ്വർണ ഇറക്കുമതി തീരുവ 10.75 ശതമാനത്തിൽനിന്ന് 15.75 ശതമാനമായി ഉയർത്തി. നേരത്തെ സ്വർണത്തിന്റെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി 7.5 ശതമാനമായിരുന്നത് 12.5 ശതമാനമാക്കി. 2.5 ശതമാനം അഗ്രികൾച്ചർ സെസും ചേരുന്നതോടെ വെളളിയാഴ്ച്ച മുതൽ 15.75 ശതമാനമാകും ഡ്യൂട്ടി.
സ്വർണ ഇറക്കുമതി തീരുവ ഉയർത്തിയത്  കള്ളക്കടത്ത് വ്യാപിക്കാൻ ഇടയാക്കുമെന്നാണ് വ്യാപാര രംഗത്തുള്ളവരുടെ വിലയിരുത്തൽ. ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യത്തിന് നേരിട്ട റെക്കോർഡ് തകർച്ചക്ക് കടിഞ്ഞാൺ ഇടാനാണ് ധനമന്ത്രാലയം  മഞ്ഞലോഹത്തിൽ പിടിമുറുക്കിയത്.
ജൂണിൽ സ്വർണ ഇറക്കുമതി നൂറ് ടണ്ണിന് അടുത്ത് വരുമെന്നാണ് വിലയിരുത്തൽ. മെയ് മാസം 107 ടൺ സ്വർണം ഇറക്കുമതി നടത്തിയിരുന്നു. രൂപയുടെ മൂല്യം 79.11 ലേയ്ക്ക് ഇടിഞ്ഞ സാഹചര്യത്തിലാണ് നാണയത്തിന് കരുത്ത് പകരാൻ പുതിയ നീക്കം. ഇതിനിടയിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 1825 ഡോളറിൽ നിന്നും 1789 ഡോളറായി ഇടിഞ്ഞു.
 

Latest News