Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

ഖത്തർ പ്രവാസത്തിൽ മോഹൻ അയിരൂരിന്റെ കൈയൊപ്പുകൾ

സർഗാത്മകമായ ഇടപെടലുകളിലൂടെ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക കലാരംഗങ്ങളിൽ ശ്രദ്ധേയ സാന്നിധ്യം അടയാളപ്പെടുത്തിയ മോഹൻ അയിരൂർ നാലു പതിറ്റാണ്ട് നീണ്ട ഖത്തറിലെ ധന്യമായ പ്രവാസ ജീവിതം അവസാനിപ്പിച്ച് ദോഹ വിടുന്നു. 1983 ൽ ഖത്തറിലെത്തിയ ശേഷം നാടക നടൻ, സംവിധാകൻ, ഗായകൻ, അവതാരകൻ , ജനസേവകൻ, സാമൂഹ്യ പ്രവർത്തകൻ, സംഘാടകൻ തുടങ്ങി വിവിധ മേഖലകളിൽ തന്റെ സജീവമായ സാന്നിധ്യമടയാളപ്പെടുത്തിയാണ് മോഹൻ അയിരൂർ ഖത്തറിനോട് വിട പറയുന്നത്.

ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോൾ സിനിമ നടനാകണമെന്ന അടങ്ങാത്ത മോഹവുമായി പല വാതിലുകളും മുട്ടിയെങ്കിലും ഗോഡ്ഫാദർ ഇല്ലാത്തതിനാൽ മോഹം സാക്ഷാൽക്കരിക്കാനായില്ല. മിമിക്രി, മോണോ ആക്ട്, ഫാൻസി ഡ്രസ്സ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സമ്മാനം നേടിയ മോഹൻ അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമായാണ് ഖത്തറിലെത്തിയത്. ഖത്തറിൽ അരങ്ങേറിയ നിരവധി നാടകങ്ങളിൽ അരങ്ങ് നിറഞ്ഞ നടനായും സംവിധാകനായും സംഘാടകനുമായുമൊക്കെ തിളങ്ങിയ മോഹൻ പ്രവാസ ലോകത്തെ കലാപ്രവർത്തനങ്ങളുടെ പിമ്പലത്തിൽ മലയാള സിനിമയിൽ തന്റെ സ്ഥാനം കണ്ടെത്തി. റോയ് മണപ്പളളിൽ കഥ, തിരക്കഥ, സംവിധാനം എന്നിവയൊരുക്കുന്ന തൂലിക എന്ന തന്റെ അമ്പതാമത് സിനിമ അടുത്ത മാസം റിലീസാവാനിരിക്കേയാണ് ഖത്തർ പ്രവാസികളുടെ സംഭാവനയായ മോഹൻ അയിരൂർ പ്രവാസ ലോകത്തോട് വിട പറയുന്നത്. സിനിമയോടൊപ്പം സീരിയൽ രംഗത്തും സജീവമായ മോഹന്റെ അമ്പത്തിയൊന്നാമത് സീരിയലാണ് സാന്ത്വനം.

മലയാളത്തിലെ പ്രഗൽഭ സംവിധായകരായ പി.എൻ. മേനോൻ, ഷാജി കൈലാസ്, ജോഷി, സിദ്ദീഖ്, ശ്രീകുമാരൻ തമ്പി, സുരേഷ് ഉണ്ണിത്താൻ തുടങ്ങിയവരുടെ സിനിമകളിലൊക്കെ ഭേദപ്പെട്ട വേഷം ചെയ്യാൻ അവസരം ലഭിച്ചുവെന്നത് സിനിമ രംഗത്തെ ഭാഗ്യമായാണ് മോഹൻ കരുതുന്നത്. പ്രവാസ ലോകത്തെ തന്റെ കലാപ്രവർത്തനങ്ങളും ഇടപെടലുകളുമാണ് തനിക്ക് സിനിമയിലേക്കുളള വഴി തുറന്നതെന്നാണ് മോഹൻ കരുതുന്നത്.

സംവിധാകൻ ഫാസിലിന്റെ സഹോദരൻ ഖൈസ് അബ്ദുൽ ഹമീദ് ഖത്തർ പ്രവാസിയായിരുന്നു. വിവിധ വേദികളിലെ മോഹന്റെ മിന്നും പ്രകടനങ്ങൾ ശ്രദ്ധിച്ച അദ്ദേഹമാണ് ക്രോണിക് ബാച്ചിലർ എന്ന സിനിമയിലേക്കുള്ള വഴിയൊരുക്കിയത്. ക്രോണിക് ബാച്ചിലറിൽ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ വില്ലനായി രംഗപ്രവേശം ചെയ്ത മോഹൻ അയിരൂർ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളിൽ പ്രവാസ ലോകത്തെ തന്റെ സജീവ സാന്നിധ്യം നിലനിർത്തിക്കൊണ്ട് തന്നെ വിവിധങ്ങളായ നിരവധി വേഷങ്ങളിലൂടെ തന്റെ അഭിനയ മികവ് തെളിയിച്ചു കഴിഞ്ഞു.

പുരോഗതിയിലേക്ക് കുതിക്കുവാനൊരുങ്ങിയ ഖത്തറിന്റെ സാംസ്‌കാരിക ഭൂമികയോടൊപ്പം വളർന്ന കലാകാരനാണ് മോഹൻ അയിരൂർ. പ്രവാസികൾക്കിടയിൽ നാടകവും ഗാനമേളകളുമൊന്നും അധികം പ്രചാരത്തിലാവാത്ത കാലത്താണ് മികച്ച പല നാടകങ്ങളും അവതരിപ്പിച്ച് സഹൃദയ ലോകത്തിന്റെ പിന്തുണയോടെ മുന്നേറാൻ മോഹൻ അയിരൂരിന് സാധിച്ചത്. ഡോ. വി.കെ. മോഹനൻ, ഷാജി സെബാസ്റ്റ്യൻ എന്നീ സഹൃദയരുമൊത്ത് രൂപീകരിച്ച കരിഷ്മ ആർട്സ് ഖത്തറിലെ മലയാളി കലാപ്രവർത്തനത്തിന്റെ സുപ്രധാന വേദിയായിരുന്നു. കരിഷ്മ ആർട്സിന്റെ സ്ഥാപക പ്രസിഡന്റായ മോഹൻ കോൺഫഡറേഷൻ ഓഫ് കേരള ഓർഗനൈസേഷൻ സ്ഥാപക ജനറൽ കൺവീനർ എന്ന നിലയിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പ്രവാസി ദോഹ, ഇന്ത്യൻ കൾച്ചറൽ സെന്റർ, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം എന്നിവയൊക്കെ മോഹൻ അയിരൂരിന്റെ കലാസാംസ്‌കാരിക ഇടപെടലുകളുടെ ഭാഗമായിരുന്നു.

1991 ൽ ഖത്തറിലെ റമദ റിനൈസൻസ് ഹോട്ടൽ അങ്കണത്തിൽ സംഘടിപ്പിച്ച അനശ്വര ഗാനങ്ങളുടെ മുഖ്യ സംഘാടകനായിരുന്നു മോഹൻ. കംപ്യൂട്ടറിൽ മലയാളം ലിപിയില്ലാത്ത അന്ന് സ്വന്തം കൈപ്പടയിലെഴുതിയ പോസ്റ്ററുകൾ ദോഹയിലെ വിവിധ റെസ്റ്റോറന്റുകളിലും മറ്റും പതിച്ചതും ഇന്നും മോഹൻ ഓർക്കുന്നു. അനശ്വര ഗാനങ്ങൾ നിറഞ്ഞ സദസ്സിൽ രണ്ട് പ്രദർശനങ്ങളാണ് നടന്നത്.

ഖത്തറിലെത്തി പത്തു വർഷത്തോളം എൻ.ഐ.സി.സിയിൽ അക്കൗണ്ടന്റായി ജോലി ചെയ്ത മോഹൻ സുഹൃത്ത് ഡോ. വി.കെ. മോഹനനുമായി ചേർന്ന് ഫോട്ടോ പവർ സ്റ്റുഡിയോ ആരംഭിച്ചാണ് തന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ചത്.

നിരുപാധികമായ സ്നേഹ സൗഹൃദങ്ങൾക്ക് എന്നും പ്രാമുഖ്യം നൽകുന്ന മോഹന്റെ ഏറ്റവും വലിയ സമ്പത്തും ഈ സൗഹൃദം തന്നെയാകും. മതജാതി രാഷ്ട്രീയ ഭേദമെന്യേ ഖത്തറിലെ മലയാളി പ്രമുഖരുമായുമൊക്കെ വളരെ ഊഷ്മളമായ സൗഹൃദം സൂക്ഷിക്കുന്ന മോഹൻ അയിരൂരിന്റെ സ്നേഹവലയം വളരെ വിശാലമാണ് .

പത്തനംതിട്ട ജില്ലയിൽ സൈനിക ഉദ്യോഗസ്ഥനായിരുന്ന കെ.പി. ജോണിന്റെയും അധ്യാപികയായിരുന്ന സാറാമ്മ ജോണിന്റെയും മകനായാണ് മോഹൻ ജനിച്ചത്. മകൻ ഉത്തരവാദിത്ത ബോധമുള്ള ഒരു അധ്യാപകനോ ഉദ്യോഗസ്ഥനോ ആകണമെന്നാണ് പിതാവ് ആഗ്രഹിച്ചത്. പിതാവിന് കലാപാരമ്പര്യമുണ്ടായിരുന്നിട്ടും ഈ രംഗത്ത് വേണ്ടത്ര പ്രോൽസാഹനമോ അവസരങ്ങളോ നൽകാതെ രക്ഷിതാക്കൾ വളർത്തിയത് ജീവിതത്തിൽ ലക്ഷ്യം പിഴക്കുമോ എന്ന ആശങ്ക കൊണ്ടായിരുന്നു. ദൈവം കനിഞ്ഞരുളിയ സിദ്ധികളൊക്കെ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തിയപ്പോൾ ലക്ഷ്യം പിഴച്ചില്ലെന്ന് മാത്രമല്ല സഹൃദയ ലോകത്തിന്റെ പിന്തുണയുള്ള സിനിമ സീരിയൽ നടനായും കലാകാരനായും മോഹൻ അയിരൂർ അംഗീകരിക്കപ്പെട്ടുവെന്നും വേണം കരുതാൻ.

കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്നും പ്രീഡിഗ്രി പാസായ മോഹൻ പ്രൈവറ്റായാണ് ബി.കോമിന് പഠിച്ചത്. മൂന്ന് വർഷത്തോളം മുമ്പൈയിൽ ജോലി ചെയ്ത സമയത്ത് കലാഭവൻ മുംബൈ, ആദം തിയേറ്റേഴ്‌സ് എന്നിവയുമായി സഹകരിച്ച് അമ്പതോളം അമേച്വർ നാടകങ്ങളിൽ അഭിനയിച്ചു. ഈ മൂന്ന് വർഷക്കാലം തന്റെ കലാസാംസ്‌കാരിക ജീവിതത്തിലെ പരിശീലന കാലമായിരുന്നുവെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.

ഹമദ് ഹോസ്പിറ്റലിൽ നഴ്സായിരുന്ന ഉഷയാണ് ഭാര്യ. മുമ്പൈ ഫിലിം സിറ്റിയിലെ വിസ് ലിംഗ് വുഡ്സിൽ നിന്നും എം.ബി.എ പൂർത്തിയാക്കി. മൂത്ത മകൾ പുഞ്ചിരി ഹമദ് മെഡിക്കൽ കോർപറേഷനിൽ മെഡിക്കൽ കോർഡിനേറ്ററാണ് . മരുമകൻ ജോസി എബ്രഹാം ഗൽഫ് ടൈംസിലാണ് ജോലി ചെയ്യുന്നത്.

രണ്ടാമത്തെ മകൾ പഞ്ചമി ക്ലിനിക്കൽ സൈക്കോളജിസ്റ്റായി പ്രിയതമൻ അനീഷ് ജോർജിനോടൊപ്പം കുവൈത്തിലാണ് .
ഇളയ മകൾ പൗർണമി ബി.കോം കഴിഞ്ഞ് ബാംഗ്ളൂരിൽ ജോലി ചെയ്തുവരുന്നു. കലയും കുടുംബ ജീവിതവും ദൈവവിശ്വാസവും പ്രാർഥനയുമൊക്കെ തന്റെ ജീവിതത്തെ മനോഹരമാക്കുന്ന ഘടകങ്ങളാണെന്നാണ് മോഹൻ കരുതുന്നത്.


 

Latest News