കൊണാക്രി- ആഫ്രിക്കന്‍ നാടായ ഗിനിയയില്‍ ഗര്‍ഭം ധരിക്കാന്‍ പച്ചമരുന്ന് നല്‍കി തട്ടിപ്പ് നടത്തിയ സ്ത്രീക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ. കഷായം കുടിപ്പിച്ച് സ്ത്രീകളുടെ വയര്‍ വീര്‍പ്പിച്ചാണ് നെന ഫാന്റ കമാറ ഇരകളുടെ വിശ്വാസം നേടിയിരുന്നത്. 700-ലേറെ സ്ത്രീകളെ കബളിപ്പിച്ചാണ് പണം തട്ടിയത്. അഞ്ച് വര്‍ഷത്തെ തടവ് കുറഞ്ഞുപോയെന്നും ചികിത്സാ തട്ടിപ്പ് നടത്തിയ സ്ത്രീക്ക് കഠിന ശിക്ഷ നല്‍കണമെന്നും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയ സ്ത്രീകള്‍ പ്രതികരിച്ചു. ഗിനിയയില്‍ മാത്രമല്ല, ആഫ്രിക്കയുടെ മിക്ക ഭാഗങ്ങളിലും പരമ്പരാഗത മരുന്നുകള്‍ സാധാരണമാണ്.
ജീവന്‍ തന്നെ അപകടത്തിലാക്കുന്ന മരുന്നുകള്‍ നല്‍കിയ വ്യാജ ഡോക്ടര്‍ 1,65,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ഇതേ ആരോപണം നേരിട്ട രണ്ട് സഹായികള്‍ക്ക് മൂന്നും നാലും വര്‍ഷം തടവും വിധിച്ചു. ആദ്യം ഏതാനും ഇലകളാണ് നല്‍കിയതെന്നും തുര്‍ന്ന് ഛര്‍ദിലുണ്ടാതോടെ നല്ല ലക്ഷണമാണെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചുവെന്നും അനുഭവസ്ഥരായ സ്ത്രീകള്‍ പറഞ്ഞു. വീണ്ടും കാണാന്‍ ചെന്നപ്പോള്‍ കഷായക്കൂട്ട് നല്‍കി തിളപ്പിച്ച് കുടിക്കാനാണ് ആവശ്യപ്പെട്ടത്. ഈ കഷായം കഴിക്കുന്നതോടെ സാവകാശം വയര്‍ വീര്‍ത്തു തുടങ്ങും. പിന്നീട് വയര്‍ തൊട്ട് പരിശോധിച്ച ശേഷം ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിക്കും. ഒരു കാരണവശാലും ആശുപത്രിയില്‍ പോകരുതെന്ന പ്രത്യേക നിര്‍ദേശവും നല്‍കാറുണ്ടെന്ന് ഇരകളായ സ്ത്രീകള്‍ പറഞ്ഞു. ഗര്‍ഭിണിയാണെന്ന് പ്രഖ്യപിക്കുന്ന ദിവസം പണത്തിനു പറമെ, വസ്ത്രങ്ങളും കോഴികളും നല്‍കണം. 17 മുതല്‍ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ 33 ഡോളറാണ് ചികിത്സയുടെ തുടക്കത്തില്‍ നല്‍കിയിരുന്നത്. ചില സ്ത്രീകള്‍ക്ക് 12 മാസം മുതല്‍ 18 മാസം വരെ ഗര്‍ഭം തുടര്‍ന്നതും ഗര്‍ഭിണികള്‍ക്ക് കൃത്യമായി ആര്‍ത്തവമുണ്ടായതുമാണ് സംശയത്തിനിടയാക്കിയത്. കമാറ ഓരോ മാസവും ആയിരക്കണക്കിന് ഡോളര്‍ സമ്പാദിച്ചുവെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.
പരമാവധി ജയില്‍ ശിക്ഷ ലഭിച്ചെങ്കിലും ഇരകളായ 700 ലേറെ സ്ത്രീകള്‍ക്ക് നല്‍കാന്‍ നഷ്ടപരിഹാരം തീരെ പോരെന്ന് അഭിഭാഷകന്‍ സെനി കമാനോ പ്രതികരിച്ചു. വ്യാജ ചികിത്സ കൊണ്ട് പലര്‍ക്ക് സങ്കീര്‍ണതകള്‍ നേരിടേണ്ടിവരുമെന്ന് 47 സ്ത്രീകളെ പരിശോധിച്ച പോലീസ് ഡോക്ടര്‍ പറഞ്ഞു.
സ്ത്രീകളുടെ സ്വപ്നം പൂവണിയിക്കാന്‍ താന്‍ കഠിനാധ്വാനം ചെയ്തുവെന്നും ബാക്കി ദൈവത്തിന്റെ കൈകളിലല്ലേയെന്നും വിധി കേട്ട കമാറ ചോദിച്ചു. ഇത്രയല്ലേ ശിക്ഷ ലഭിച്ചുള്ളൂ എന്നു കരുതി സന്തോഷം പ്രകടിപ്പിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്ത കമാറയുടെ നടപടി കോടതി മുറിയിലുണ്ടായിരുന്നവരെ രോഷാകുലരാക്കിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.