കണ്ണൂര്‍- മൂന്നു ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം.പി കണ്ണൂരില്‍ എത്തി. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന് കെ.സി.വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിച്ചു. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.
വയനാടിലെ എം.പി.ഓഫീസ്, എസ്.എഫ് ഐ പ്രവര്‍ത്തകര്‍ തകര്‍ത്തതിന് പിന്നാലെയുള്ള ഈ സന്ദര്‍ശനത്തിന് വലിയ രാഷ്ടീയ പ്രാധാന്യമുണ്ട്. വിമാനമിറങ്ങിയ ശേഷം അദ്ദേഹം വിമാനത്താവളത്തിനടുത്തെ ഹോട്ടലിലേക്കാണ് പോയത്. പ്രഭാത ഭക്ഷണത്തിന് ശേഷം വയനാട്ടിലേക്ക് യാത്ര തിരിക്കും. മട്ടന്നൂര്‍ ടൗണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് വിമാനത്താവളത്തിലും പരിസരങ്ങളിലും ഏര്‍പ്പെടുത്തിയത്. അഞ്ച് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ അഞ്ഞൂറു പോലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചത്.