Sorry, you need to enable JavaScript to visit this website.

വി.പി.എൻ സ്വകാര്യത നിയമം; കമ്പനികൾക്ക് മൂന്ന് മാസം കൂടി സാവകാശം

വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വി.പി.എൻ) ഓപറേറ്റർക്കും ക്ലൗഡ് സർവീസുകൾക്കും ഇന്ത്യയിൽ പ്രവർത്തിക്കുന്നതിനായി രൂപം നൽകിയ പുതിയ നിയമാവലി നടപ്പാക്കുന്ന കാര്യത്തിൽ കമ്പനികൾക്ക് മൂന്ന് മാസത്തെ സാവകാശം കൂടി അനുവദിച്ചു. ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്റേതാണ് (സേർട്ട്-ഇൻ) തീരുമാനം. പുതിയ നിയമം തങ്ങളുടെ ഉപഭോക്താക്കളുടെ രഹസ്യ സ്വഭാവവും സ്വകാര്യതയും സൂക്ഷിക്കുന്നതിന് ഭീഷണിയാവുമെന്ന് കണ്ട് വി.പി.എൻ പ്രൊവൈഡർമാരായ സർഫ്ഷാർക്, നോർഡ്‌വി.പി.എൻ, എക്‌സ്പ്രസ്‌വി.പി.എൻ തുടങ്ങിയ സ്ഥാപനങ്ങൾ തങ്ങളുടെ ഇന്ത്യയിലെ സെർവറുകൾ ഒഴിവാക്കിയതിനെ തുടർന്നാണ് കേന്ദ്രം ഇളവ് നൽകിയിരിക്കുന്നത്.
ഇതനുസരിച്ച് പുതിയ വി.പിഎൻ നിയമാവലി നടപ്പിൽ വരുത്തുന്നതിനുള്ള കാലാവധി സെപ്റ്റംബർ 23 വരെ നീട്ടിയതായി കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐ.ടികാര്യ മന്ത്രാലയം അറിയിച്ചു.
പുതിയ നിയമാവലി പ്രകാരം വി.പി.എൻ സർവീസ് പ്രൊവൈഡർമാർ തങ്ങളുടെ ഉപഭോക്താക്കളെ സംബന്ധിച്ച അഞ്ച് വർഷമോ അതിൽ കൂടുതലോ ഉള്ള വിവരങ്ങൾ സൂക്ഷിച്ചുവെക്കണം. ഉപഭോക്താക്കളുടെ പേര്, എത്ര കാലം സേവനം ഉപയോഗപ്പെടുത്തി, ഉപഭോക്താക്കൾക്ക് നൽകിയ ഐ.പി അഡ്രസുകൾ, ഇമെയിൽ വിലാസങ്ങൾ, ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്യുമ്പോൾ ഉപയോഗിച്ച ഐ.പി അഡ്രസുകളും സമയവും തുടങ്ങിയ സ്വകാര്യ വിവരങ്ങളാണ് സൂക്ഷിക്കേണ്ടത്. ഈ വർഷം ഏപ്രിൽ 26 നാണ് ഇതുസംന്ധിച്ച് സേർട്ട്-ഇൻ വി.പി.എൻ സേവനദാതാക്കൾക്ക് നിർദേശം നൽകിയത്. ഇതിനു പുറമെ ഉപയോക്താക്കൾ വി.പി.എൻ സേവനം ഉപയോഗിക്കുന്നത് എന്തിനു വേണ്ടിയെന്ന് വ്യക്തമാക്കുന്ന ഡാറ്റ, ഉപയോക്താക്കളുടെ വിലാസം, മൊബൈൽ നമ്പർ, ഉപഭോക്താക്കളുടെ ഓണർഷിപ് പാറ്റേൺ എന്നിവയെക്കുറിച്ചെല്ലാമുള്ള വിവരങ്ങൾ സർവീസ് പ്രൗഡർമാർ സൂക്ഷിച്ചുവെക്കണം. നിരവധി ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ അഭ്യർഥന കണക്കിലെടുത്താണ്  സമയം നീട്ടിനൽകിയതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ നിരവധി വി.പി.എൻ, ഡാറ്റാ സെന്ററുകൾ, വെർച്വൽ പ്രൈവറ്റ് സെർവറുകൾ (വി.പി.എസ്), ക്ലൗഡ് സർവീസ് പ്രൊവൈഡർമാർ എന്നിവരും ഇതേ ആവശ്യമുന്നയിച്ചു.
പുതിയ വി.പി.എൻ നിയമാവലി നടപ്പാക്കുന്ന കാര്യത്തിൽ പിന്നോട്ടില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. കംപ്യൂട്ടറുകളോ സൈബർ സംവിധാനങ്ങളോ ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളോ, രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും ഭീഷണി സൃഷ്ടിക്കുന്നതും ഇതര രാജ്യങ്ങളുമായുള്ള നമ്മുടെ സൗഹൃദ ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്നതും പൊതുവായ ക്രമസമാധാന നില തകർക്കുന്നതുമായ കാര്യങ്ങൾ ചെയ്യുന്നതും കണ്ടുപിടിക്കാനാണ് പുതിയ നിയമവാലിയെന്ന് സേർട്ട്-ഇൻ ഏപ്രിലിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. പുതിയ നിയമാവലി അനുസരിക്കാൻ ബുദ്ധിമുട്ടുള്ള വി.പി.എൻ സ്ഥാപനങ്ങൾക്ക് രാജ്യത്തുനിന്ന് പോകാമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐ.ടി വകുപ്പ് മന്ത്രി രാജീവ് ചന്ദശേഖരൻ വ്യക്തമാക്കിയിട്ടുണ്ട്.

Latest News