Sorry, you need to enable JavaScript to visit this website.

പാകിസ്താന്‍ പ്രവാസിയുടെ വൃക്കയില്‍ നിന്നും 200 കല്ലുകള്‍ നീക്കം ചെയ്തു

ദുബായ്- ഒന്നല്ല, 200 കല്ലുകളാണ് നീക്കം ചെയ്തത്, അതും വൃക്കയില്‍ നിന്ന്! നാലുവര്‍ഷമായി വൃക്കയിലെ കല്ലിനെ തുടര്‍ന്ന് പ്രയാസം അനുഭവിക്കുന്ന പാകിസ്താനി പ്രവാസിക്കാണ് ദുബൈയിലെ ശസ്ത്രക്രിയാ വിദഗ്ധര്‍ സൗഖ്യം നല്‍കിയത്. പന്ത്രണ്ട് വര്‍ഷമായി ദുബായില്‍ താമസിക്കുന്ന പാകിസ്താനി മിയാന്‍ ഖാന്റെ വൃക്കയില്‍ ഒന്നിലധികം കല്ലുകളുണ്ടെന്നും ഇടതുവൃക്ക നഷ്ടപ്പെടുമെന്നും ഇയാളോട് ഒന്നിലേറെ ഡോക്ടര്‍മാര്‍ അഭിപ്രായം പറഞ്ഞിരുന്നു. 
ഷാര്‍ജയിലെ ബുര്‍ജീല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിയതോടെയാണ് മിയാന്‍ ഖാന്റെ ജീവിതത്തില്‍ നിന്നും വേദനയെ പുറത്തേക്കെടുത്തത്. ബുര്‍ജീലിലെ യൂറോളജിസ്റ്റും ഇന്റര്‍വെന്‍ഷന്‍ കാര്‍ഡിയോളജിസ്റ്റും ചേര്‍ന്ന് പ്രവര്‍ത്തിച്ചത് മിയാന്‍ ഖാന്‍ ഭാഗ്യമായി. 
മറ്റു ചികിത്സാ രീതികളോടെല്ലാം പ്രതിരോധം കാണിക്കുന്ന വൃക്കയിലെ കല്ലുള്ള രോഗികളില്‍ നടത്തുന്ന പെര്‍ക്യുട്ടേനിയസ് നെഫ്രോലിത്തോട്ടമി നടപടി ക്രമമാണ് മിയാന്‍ ഖാന്‍ ശിപാര്‍ശ ചെയ്തത്. 
36 X 41 മില്ലിമീറ്റര്‍ വലിപ്പമുള്ള ഒരു വലിയ കല്ല് ഉള്‍പ്പെടെ മിയാന്‍ ഖാന്റെ പിറകിലെ ചെറിയ താക്കോല്‍ ദ്വാരത്തിലൂടെ 200 കല്ലുകളാണ് നീക്കം ചെയ്തതെന്ന് യൂറോളജിസ്റ്റ് ഡോ. വൈഭവ് എ ഗോര്‍ഡേ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നു ദിവസത്തിനുള്ളില്‍ മിയാന്‍ ഖാന് വീട്ടിലേക്ക് മടങ്ങാനും സാധിച്ചു. 
ശസ്ത്രക്രിയയ്ക്ക് ശേഷം എട്ടു ദിവസത്തിന് ശേഷം മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട ഖാന്‍ തിരികെ ആശുപത്രിയിലെത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മൂത്രാശയത്തില്‍ കട്ടപിടിച്ചതായി കണ്ടെത്തുകയും അത് നീക്കം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. 
താന്‍ വലിയ വേദനകള്‍ അനുഭവിച്ചിരുന്നതായും വാഹനമോടിക്കുമ്പോള്‍ ഒരു കാല്‍ മുകളില്‍ വെക്കുകയും വേദന സഹിക്കാന്‍ വയ്യാതെ ഉറങ്ങുമ്പോള്‍ വയറിന്റെ ഇടതുഭാഗത്ത് വെള്ളക്കുപ്പിയും തലയിണയും വെച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. 

അല്ലാഹു കരുണയുള്ളവനും സര്‍വശക്തനുമാണെന്നുമാണ് മിയാന്‍ ഖാന്‍ തന്റെ ദുരിതത്തില്‍ നിന്നും മോചിതനായപ്പോള്‍ പറഞ്ഞത്. ഡോക്ടര്‍മാര്‍ക്കും നന്ദി. തനിക്കൊരു പുതുജീവിതം ലഭിച്ചതായി തോന്നുവന്നുവെന്നും അദ്ദേഹം പറഞ്ഞു.
 

Tags

Latest News