Sorry, you need to enable JavaScript to visit this website.

ലോകകപ്പിനായി 12,000 താൽക്കാലിക വിദേശ ജീവനക്കാരെ നിയമിക്കാനൊരുങ്ങി അക്കോർ

ദോഹ- 2022 ഫിഫ ലോകകപ്പിനായി 12,000 താൽക്കാലിക വിദേശ ജീവനക്കാരെ നിയമിക്കാനൊരുങ്ങി അക്കോർ. ലോകകപ്പിനായുള്ള താമസ സൗകര്യങ്ങളൊരുക്കുന്നതിന് യൂറോപ്പിലെ ഏറ്റവും വലിയ ഹോട്ടൽ ഓപറേറ്ററായ അക്കോറിനെ ഖത്തർ നിയമിച്ചിട്ടുണ്ട്. ഖത്തറിലെ അപ്പാർട്ട്‌മെന്റുകളിലും വീടുകളിലുമായുള്ള 65,000 മുറികൾ പ്രവർത്തിപ്പിക്കുന്നതിനാണ് ബിഗ് ഹോട്ടൽ ഓപറേറ്റർ 12,000 താൽക്കാലിക വിദേശ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നത്. 65,000 മുറികൾ 600 ഹോട്ടലുകൾ തുറക്കുന്നതിന് തുല്യമാണ്, അതിനാൽ മികച്ച സേവനം ഉറപ്പുവരുത്തുവാൻ മതിയായ ആളുകളെ നിയമിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, അക്കോർ ചെയർമാനും സി.ഇ.ഒയുമായ സെബാസ്റ്റ്യൻ ബാസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഏഷ്യ, സബ്-സഹാറൻ ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് വീട്ടുജോലിക്കാർ, ഫ്രണ്ട് ഡെസ്‌ക് ജീവനക്കാർ, ലോജിസ്റ്റിക് വിദഗ്ധർ തുടങ്ങിയവർ റിക്രൂട്ട് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വീടുകളിലും അപ്പാർട്ടുമെന്റുകളിലും ഹോട്ടൽ ശൈലിയിലുള്ള മുറികൾ പ്രവർത്തിപ്പിക്കുക എന്നത് അക്കോറിന് വലിയൊരു ലോജിസ്റ്റിക് വെല്ലുവിളിയായിരിക്കുമെന്ന് ബാസ് പറഞ്ഞു. ഹോട്ടൽ ഓപറേറ്റർ ചൈനയിൽ നിന്ന് ഫർണിച്ചറുകൾ നിറച്ച 500 കണ്ടെയ്നറുകൾ, സോഫകൾ മുതൽ വെള്ളി പാത്രങ്ങൾ വരെ ലഭ്യമാക്കും.  
ടൂർണമെന്റിനിടെ ഖത്തറിൽ പ്രതീക്ഷിക്കുന്ന വാഹനങ്ങളുടെ ലഭ്യതക്കുറവ് മറികടക്കാൻ അക്കോർ അയൽരാജ്യമായ സൗദി അറേബ്യയിയിൽ നിന്ന് ട്രക്കുകളും ബസുകളും കാറുകളും വിന്യസിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും ഓപറേഷൻ ഉൽപ്പാദിപ്പിക്കുന്ന 150 ടൺ പുതപ്പുകൾ അലക്കുവാൻ ഒരു പ്രാദേശിക കമ്പനിയെ ഇതിനകം തന്നെ നിയമിച്ചതായി സെബാസ്റ്റ്യൻ ബാസ് പറഞ്ഞു.
ഖത്തറിന്റെ ഔദ്യോഗിക ലോകകപ്പ് താമസ വെബ്‌സൈറ്റിന് ഇതുവരെ 25,000 ബുക്കിംഗുകൾ ലഭിച്ചിട്ടുണ്ടെന്നും ഒരു ലക്ഷത്തിലധികം മുറികൾ വാഗ്ദാനം ചെയ്യുമെന്നും ടൂർണമെന്റ് സംഘാടകർക്കായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഉമർ അൽ ജാബർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'ആദ്യ മത്സരം ആരംഭിക്കുന്നത് വരെ ഞങ്ങൾ സമ്മർദത്തിലായിരിക്കും. ഇത് സാധാരണമാണ്, ഞങ്ങൾ അതിന് തയാറാണ്,' അൽ ജാബർ പറഞ്ഞു. നവംബർ, ഡിസംബർ മാസങ്ങളിലായി 28 ദിവസം നീളുന്ന ടൂർണമെന്റിൽ 1.2 ദശലക്ഷം സന്ദർശകരെ ആകർഷിക്കാൻ കഴിയുമെന്നാണ് ഖത്തറിന്റെ പ്രതീക്ഷ.
ദോഹ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന രണ്ട് ക്രൂയിസ് കപ്പലുകളിൽ 4,000 മുറികൾ, 1,000 ബെഡൂയിൻ ശൈലിയിലുള്ള മരുഭൂമി ടെന്റുകൾ, പ്രീ ഫാബ്രിക്കേറ്റഡ് ഫാൻ വില്ലേജ് ക്യാബിനുകളിലെ മുറികൾ എന്നിവയും ഖത്തർ വാഗ്ദാനം ചെയ്യുന്നു. ലോകകപ്പ് വേളയിൽ ഖത്തറിൽ രാത്രി തങ്ങാൻ ആഗ്രഹിക്കുന്ന ടിക്കറ്റെടുത്ത ആരാധകർക്ക് മുൻകൂട്ടി ബുക്ക് ചെയ്ത താമസം നിർബന്ധമാണെന്ന് അൽ ജാബർ പറഞ്ഞു. താമസ സൗകര്യമില്ലാതെ നിർബന്ധിത ഫാൻ ഐ.ഡി നൽകില്ല.

Tags

Latest News