Sorry, you need to enable JavaScript to visit this website.

രാജസ്ഥാനിലാകെ നിരോധനാജ്ഞ,  ഉദയ്പൂര്‍ കൊലക്കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും

ജയ്പുര്‍- രാജസ്ഥാനിലെ ഉദയ്പൂര്‍ കൊലപാതകത്തില്‍ അന്വേഷണം ഏറ്റെടുക്കാനൊരുങ്ങി എന്‍ഐഎ . കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം എന്‍ഐഎ പ്രത്യേക സംഘം ഉദയ്പൂരില്‍ എത്തി. ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. കൊലപാതകത്തിന് പിന്നില്‍ ഭീകരവാദസംഘടനകള്‍ക്ക് പങ്കുണ്ടെന്നാണ് കേന്ദ്രം കരുതുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പരിശോധന. തയ്യല്‍ക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയ രണ്ട് പേരെ രാജസ്ഥാന്‍ പോലീസ് ഇന്നലെ രാജസമന്തയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കും.
അതേസമയം, കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഒരു ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരുന്നു. എല്ലാ ജില്ലകളില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ഉദയ്പൂരില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടുരുന്നു. കല്ലേറില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൊലപാതകം നടന്ന മാല്‍ദയില്‍ മാത്രം നാല് കമ്പനി പ്രത്യേക പോലീസ് സംഘത്തെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ടതിനാണ് തയ്യല്‍ക്കാരനായ കനയ്യലാലിനെ രണ്ട് പേര്‍ ചേര്‍ന്ന് വെട്ടിക്കൊന്നത്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കിയതായും ഗവര്‍ണര്‍ അറിയിച്ചു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അശോക് ഗെലോട്ട് വ്യക്തമാക്കി.
സമാധാനം നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമുണ്ടെന്നും അശോക് ഗെലോട്ട് പറഞ്ഞു. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കണമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 
 

Latest News