Sorry, you need to enable JavaScript to visit this website.

എണ്ണ വിപണിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് ബൈഡനും മാക്രോണും

ബെര്‍ലിന്‍- ആഗോള എണ്ണ വിപണിയില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും. ജി7 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും ഇക്കാര്യം സംസാരിച്ചത്. 

യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ ആഗോള എണ്ണ വിപണിയിലുള്ള പ്രതിസന്ധിയാണ് ഇരു നേതാക്കളും സംസാരിച്ചത്. എന്നാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇനിയും ക്രൂഡ് ഓയില്‍ ഉത്പാദനം കൂട്ടുകയെന്നത് സാധ്യമല്ലെന്ന് മക്രോണ്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ ഒപെക് അംഗങ്ങളായ യു.എ.ഇയും സൗദി അറേബ്യയുമായും ചര്‍ച്ച നടത്തിയിരുന്നെന്നും മക്രോണ്‍ ബൈഡനോട് പറഞ്ഞു. ഇരു രാജ്യങ്ങളും പരമാവധി എണ്ണ ഉത്പാദനം നിലവില്‍ നടത്തുന്നുണ്ടെന്നും ഇനിയും ഉത്പാദനം കൂട്ടാന്‍ പറ്റില്ലെന്നാണ് തനിക്ക് ലഭിച്ച വിശദീകരണമെന്ന് മക്രോണ്‍ ബൈഡനോട് പറഞ്ഞു.

ക്രൂഡ് ഓയില്‍ ഉത്പാദനത്തിലും കയറ്റുമതിയിലും മുന്‍നിരയിലുള്ള റഷ്യന്‍ എണ്ണ വിപണിക്ക് മേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ആഗോള എണ്ണ വിപണിയില്‍ പ്രതിസന്ധി ഉണ്ടാവാതിരിക്കാനാണ് യു.എസ് ശ്രമിക്കുന്നത്. എണ്ണ ഉത്പാദനം കൂട്ടി വിപണി വില ത്വരിതപ്പെടുത്താന്‍ യു.എ.ഇയോയും സൗദിയോടും യു.എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. റഷ്യയില്‍ നിന്നും പ്രതിദിനമുള്ള രണ്ട് മില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കു മതി നിര്‍ത്തി പകരം മറ്റ് സമാന്തര വിപണി കണ്ടെത്താനാണ് യൂറോപ്പ് ശ്രമിക്കുന്നത്. 

എന്നാല്‍ ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്ന റഷ്യയെ മാറ്റി നിര്‍ത്തുക പാശ്ചാത്യ രാജ്യങ്ങള്‍ക്ക് എളുപ്പമല്ല. ഇത്രയധികം എണ്ണ പകരം മറ്റെവിടെ നിന്ന് എത്തിക്കുമെന്നാണ് ഉയരുന്ന ചോദ്യം. നിലവില്‍ 10.5 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലാണ് സൗദിയില്‍ പ്രതിദിനം ഉല്‍പാദിപ്പിക്കുന്നത്. 12.5 മില്യണ്‍ ബാരലാണ് സൗദിക്കുള്ള പ്രതിദിന ഉല്‍പാദന ശേഷി. മൂന്ന് ബില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലാണ് യു.എ.ഇ ഉത്പാദിപ്പിക്കുന്നത്. ഉത്പാദന ശേഷി 3.4 മില്യണും. പൂര്‍ണമായും ഉത്പാദനം കൂട്ടുകയെന്നത് എണ്ണ ഉത്പാദക രാജ്യങ്ങളുടെ ഒപെക് കൂട്ടായ്മയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാവും.
 

Latest News