Sorry, you need to enable JavaScript to visit this website.

കോൺട്രാക്ടിംഗ് മേഖലയിൽ 30 ലക്ഷം ജീവനക്കാർ

റിയാദ് - സൗദിയിൽ കോൺട്രാക്ടിംഗ് മേഖലയിൽ 30 ലക്ഷം ജീവനക്കാരുള്ളതായി സൗദി കോൺട്രാക്‌ടേഴ്‌സ് അതോറിറ്റി ഡയറക്ടർ ബോർഡ് പ്രസിഡന്റ് എൻജിനീയർ സകരിയ അൽഅബ്ദുൽഖാദിർ പറഞ്ഞു. ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സ് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സകരിയ അൽഅബ്ദുൽഖാദിർ. രാജ്യത്ത് ചെറുതും വലുതുമായ 1,65,000 കോൺട്രാക്ടിംഗ് കമ്പനികളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. 
കോൺട്രാക്ടിംഗ് മേഖലയിൽ നിരവധി തൊഴിലുകൾ സൗദിവൽക്കരിച്ചിട്ടുണ്ട്. കൂടുതൽ തൊഴിലുകൾ സൗദിവൽക്കരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി സൗദി കോൺട്രാക്‌ടേഴ്‌സ് അതോറിറ്റി സഹകരിച്ചുവരികയാണ്. 
കോൺട്രാക്ടിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ പേരും സൗദി കോൺട്രാക്‌ടേഴ്‌സ് അതോറിറ്റി സേവനങ്ങൾ മനസ്സിലാക്കണമെന്നും അതോറിറ്റി സേവനങ്ങൾ പരിഷ്‌കരിക്കാൻ സഹായകമായ നിർദേശങ്ങൾ സമർപ്പിക്കണമെന്നും സകരിയ അബ്ദുൽഖാദിർ പറഞ്ഞു.
അഞ്ചു വർഷത്തിനിടെ സൗദിയിൽ കോൺട്രാക്ടിംഗ് മേഖലയിൽ 20 ട്രില്യൺ റിയാലിന്റെ പദ്ധതികൾ ആരംഭിച്ചതായി ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സിലെ നാഷണൽ കോൺട്രാക്‌ടേഴ്‌സ് കമ്മിറ്റി പ്രസിഡന്റ് ഹമദ് അൽഹമാദ് പറഞ്ഞു. കോൺട്രാക്ടിംഗ് മേഖലയുടെ പ്രാധാന്യവും രാജ്യത്തിന്റെ വികസനത്തിൽ ഈ മേഖല വഹിക്കുന്ന പങ്കുമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. കൊറോണ മഹാമാരിക്കു ശേഷം കോൺട്രാക്ടിംഗ് മേഖല പൂർണ തോതിലുള്ള ഉണർവ് വീണ്ടെടുത്തിട്ടില്ല. 
അതിവേഗത്തിൽ ഉണർവ് വീണ്ടെടുക്കുക ദുഷ്‌കരമാണ്. എന്നാൽ കോൺട്രാക്ടിംഗ് മേഖല ഉയർച്ചയുടെ പടവുകളിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കോൺട്രാക്ടിംഗ് മേഖലയിൽ സൗദിവൽക്കരണം നിരന്തരം വർധിച്ചുവരികയാണ്. ഈ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി യുവാക്കളുടെ എണ്ണം ഉയർത്താൻ ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ തൊഴിലാളികൾക്കുള്ള ലെവി തവണകളായി അടയ്ക്കാൻ സംവിധാനം ഏർപ്പെടുത്തൽ, നിർബന്ധിത യോഗ്യത പരീക്ഷ നിർത്തിവെക്കൽ, ക്വാറന്റൈൻ സെന്ററുകൾ പ്രവർത്തിപ്പിക്കാൻ കമ്പനികൾക്ക് ലൈസൻസുകൾ അനുവദിക്കൽ, പ്രൊഫഷൻ മാറ്റം, സ്‌പോൺസർഷിപ്പ് മാറ്റം എന്നിവയിലൂടെ തൊഴിലാളികളുടെ പദവി ശരിയാക്കൽ എന്നിവ അടക്കം കോൺട്രാക്ടിംഗ് മേഖലക്ക് സഹായകമായ നിരവധി തീരുമാനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പ്രഖ്യാപിക്കുന്നതിൽ നാഷണൽ കോൺട്രാക്‌ടേഴ്‌സ് കമ്മിറ്റി പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഹമദ് അൽഹമാദ് പറഞ്ഞു. 
ചടങ്ങിനിടെ ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സും സൗദി കോൺട്രാക്‌ടേഴ്‌സ് അതോറിറ്റിയും സഹകരണ കരാർ ഒപ്പുവെച്ചു. ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സ് സെക്രട്ടറി ജനറൽ ഹുസൈൻ അൽഅബ്ദുൽഖാദിറും സൗദി കോൺട്രാക്‌ടേഴ്‌സ് അതോറിറ്റി സെക്രട്ടറി ജനറൽ എൻജിനീയർ സാബിത് ആലുസുവൈദുമാണ് കരാറിൽ ഒപ്പുവെച്ചത്. പരസ്പര സഹകരണം ശക്തമാക്കാനും കോൺട്രാക്ടിംഗ് മേഖലയുടെ വികസനത്തിന് ഒരുമിച്ച് പ്രവർത്തിക്കാനും നിർമാണ പദ്ധതികൾ സൗദി കോൺട്രാക്ടിംഗ് കമ്പനികൾക്ക് അനുവദിക്കാനും കോൺട്രാക്ടിംഗ് കമ്പനികൾക്ക് ആവശ്യമായ സാങ്കേതിക മാർഗനിർദേശങ്ങൾ നൽകാനും കോൺട്രാക്ടിംഗ് മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പ്രതിബന്ധങ്ങളും നിർണയിച്ച് പോംവഴികൾ സമർപ്പിക്കാനും നിർമാണ പദ്ധതികളിൽ സൗദി കോൺട്രാക്ടിംഗ് സ്ഥാപനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കാനും കരാറിലൂടെ ലക്ഷ്യമിടുന്നു. 
സൗദി കോൺട്രാക്ടിംഗ് അതോറിറ്റി അംഗത്വം വിപുലമാക്കൽ, അതോറിറ്റി സേവനങ്ങൾ പ്രയോജനപ്പെടുത്തൽ, വിവര, അനുഭവ സമ്പത്ത് കൈമാറ്റം, പരസ്പര സഹകരണത്തോടെ സെമിനാറുകളും സമ്മേളനങ്ങളും ശിൽപശാലകളും സംഘടിപ്പിക്കൽ എന്നിവയും കരാറിലൂടെ ലക്ഷ്യമിടുന്നു. 
 

Tags

Latest News