ലഖ്‌നൗ- വിമാനത്തിനുള്ളില്‍ കൊതുകു ശല്യമുണ്ടെന്ന് പരാതിപ്പെട്ട ഡോക്ടറെ ഇന്‍ഡിഗോ അധികൃതര്‍ വിമാനത്തില്‍ നിന്ന് ബലമായി ഇറക്കി വിട്ടു. തിങ്കളാഴ്ച വൈകുന്നേരം ലഖ്‌നൗവില്‍ നിന്നും ബംഗളൂരുവിലേക്ക് പറക്കാനിരുന്ന വിമാനത്തില്‍ നിന്നാണ് ഡോ. സൗരഭ് റായ് എന്ന ഹൃദ്രോഗ വിദഗ്ധനെ അധികൃതര്‍ ലഖനൗ വിമാനത്താവളത്തില്‍ ഇറക്കി വിട്ടത്. തന്റെ പരാതി പരിഹരിക്കുന്നതിനു പകരം വിമാന ജീവനക്കാര്‍ തന്നെ കൈകാര്യം ചെയ്‌തെന്നും റായ് ആരോപിച്ചു. ഇന്‍ഡിഗോ വിമാനത്തില്‍ രൂക്ഷമായ കൊതുകു ശല്യമുണ്ടായിരുന്നു. പരാതി ഉന്നയിച്ചപ്പോള്‍ അവര്‍ എന്നെ ഭീഷണിപ്പെടുത്തുകയാണ ചെയ്തത്- റായ് പറഞ്ഞു.
എന്നാല്‍ വിമാനജീവനക്കാരോട് മോശമായി പെരുമാറിയതിനാണ് ഡോക്ടറെ പുറത്താക്കിയതെന്ന് വിമാന കമ്പനി അധികൃതര്‍ പറയുന്നു. വിമാനത്തിലെ കൊതുകു ശല്യത്തെ കുറിച്ച് അദ്ദേഹം പരാതിപ്പെട്ടിരുന്നെന്നും എന്നാല്‍ ഇതു പരിഹരിക്കാന്‍ വിമാന ജീവനക്കാര്‍ എത്തുന്നതിനു മുമ്പ് തന്നെ അദ്ദേഹം മോശം ഭാഷയിലും ഭീഷണി സ്വരത്തിലും സംസാരിക്കുകയുമായിരുന്നു. ഇതു കാരണമാണ് അദ്ദേഹത്തെ വിമാനത്തില്‍ നിന്നിറക്കിയത്- ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
എന്നാല്‍ കൊതുകു ശല്യം ചൂണ്ടിക്കാട്ടിയ ഡോക്ടറോഡ് വിമാന ജീവനക്കാര്‍ മോശമായാണ് പ്രതികരിച്ചതെന്ന് സഹയാത്രികര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്്. കൊതുകു ശല്യമുണ്ടെങ്കില്‍ വേറെ വിമാനം പിടിച്ചു പോകാനാണ് ജീവനക്കാര്‍ ഡോക്ടറോട് പറഞ്ഞതെന്ന് ഒരു ദൃക്‌സാക്ഷി പറയുന്നു. വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട ഡോക്ടര്‍ക്ക് എയര്‍പോര്‍ട്ട് ലോഞ്ചിലേക്ക്് പോകാനുള്ള സൗകര്യവും ഇന്‍ഡിഗോ അധികൃതര്‍ ഒരുക്കിയില്ലെന്നും പരാതിയുണ്ട്.