വി.ഡി. സതീശന്‍ പവനായിയെപ്പോലെ, പരിഹസിച്ച് ഷംസീര്‍

തിരുവനന്തപുരം- അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കടന്നാക്രമിച്ച് തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കാണുമ്പോള്‍ നാടോടിക്കാറ്റ് സിനിമയിലെ പവനായി എന്ന കഥാപാത്രത്തെ ഓര്‍മ വരുന്നെന്ന് ഷംസീര്‍ പറഞ്ഞു. സതീശനെ പ്രതിപക്ഷ നേതാവായി കൊണ്ടുവരുമ്പോള്‍ എന്തൊക്കെയായിരുന്നു ബഹളം- ഷംസീര്‍ ആരാഞ്ഞു. ഇതാ കേരളത്തെ രക്ഷിക്കാന്‍ പോകുന്നു എന്ന വിധത്തിലായിരുന്നു പ്രചാരണം. അവസാനം പവനായി ശവമായ പോലെ അദ്ദേഹം ഇരിക്കുകയാണ്. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തിന് തെളിച്ചമില്ലെന്നും ഷംസീര്‍ പരിഹസിച്ചു.
സതീശന്‍ ഉമ്മന്‍ചാണ്ടിയെ കണ്ടുപഠിക്കണം. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടണം. എന്തും ഏതും വിളിച്ചു പറയരുത്. മുഖ്യമന്ത്രിയെ കൂപമണ്ഡൂകം എന്നുവിളിക്കുന്നത് ശരിയാണോ?
ഇ.ഡി. കേരളത്തിലെത്തുമ്പോള്‍ നല്ലതാണ്. കേന്ദ്രത്തിലെത്തുമ്പോള്‍ മോശം. എന്താണ് അങ്ങനെ?
എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുത്തില്ലെന്ന് ചോദിച്ചു. വഴിയില്‍ കുരയ്ക്കുന്ന നായ്ക്കളെ കല്ലെറിയാന്‍ നിന്നാല്‍ ലക്ഷ്യത്തിലെത്തില്ല എന്നതാണ് കാരണം. അങ്ങനെ പലരും കുരയ്ക്കും. അതിന്റെയൊന്നും പിറകേ പോകേണ്ട കാര്യം ഞങ്ങള്‍ക്കില്ല.
സതീശന്‍ ഷാഫി പറമ്പിലിനെ നമ്പരുത്. അദ്ദേഹം ഉമ്മന്‍ ചാണ്ടിയുടെ പ്രധാനപ്പെട്ട ആളായിരുന്നു. അദ്ദേഹത്തിന് അല്‍പം ക്ഷീണം വന്നപ്പോള്‍ ഇപ്പോള്‍ സതീശന്‍ ഫാന്‍ ക്ലബ്ബിന്റെ കണ്‍വീനറായി പ്രവര്‍ത്തിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍- ഷംസീര്‍ പറഞ്ഞു.

 

Latest News