Sorry, you need to enable JavaScript to visit this website.

ഖത്തര്‍- സൗദി അതിര്‍ത്തി അബു സംറയില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍

ദോഹ- ഖത്തര്‍- സൗദി അറേബ്യ അതിര്‍ത്തി അബു സംറയില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് പ്രതിമാസ വാര്‍ത്താ കുറിപ്പിനെ ഉദ്ധരിച്ച് ലാന്റ് കസ്റ്റംസ് അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ യൂസഫ് അഹമ്മദ് അല്‍ഹമ്മദി വിശദമാക്കി. അതിര്‍ത്തി കടക്കുന്ന യാത്രക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുന്നതിന് നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള വിപുലീകരണമാണ് പുരോഗമിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. 

ഖത്തറിന്റെ ഏക കര അതിര്‍ത്തിയാണ് സൗദിയുമായുള്ള അബു സംറ. ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പ്രധാന ക്രോസിംഗിന്റെ മൊത്തം വികസന പ്രവര്‍ത്തനങ്ങള്‍ 2022ല്‍ മൂന്നാം പാദത്തോടെ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. 190,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള നിരവധി പുതിയ കെട്ടിടങ്ങളും ഇടനാഴികളും ഒരേസമയം 500 ട്രക്കുകള്‍ക്ക് സേവനം നല്‍കുന്ന ട്രക്ക് ചെക്കിംഗ് പോയിന്റുകളും ഉള്‍പ്പെടെ അതിര്‍ത്തി ശേഷിയുടെ ഇരട്ടിയായി വര്‍ധിപ്പിക്കും.

ചരക്കുകള്‍ക്കുള്ള പരിശോധനാ പ്ലാറ്റ്ഫോമുകളുടെ ശേഷി വര്‍ധിപ്പിക്കുക, യാത്രക്കാര്‍ക്ക് അനുയോജ്യമായ വിധത്തില്‍ പരിശോധന യാര്‍ഡിന്റെ ശേഷി വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് വിപുലീകരണ പദ്ധതികളില്‍ ചിലതെന്ന് അല്‍ഹമ്മദി വിശദമാക്കി. പരിശോധനകള്‍ നിര്‍വഹിക്കാന്‍ ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുകയും അതിര്‍ത്തിയിലെ യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും പരിശോധന നിര്‍വഹിച്ച് വേഗത്തില്‍ പുറപ്പെടാനും ഉതകുന്ന വിധത്തില്‍ കസ്റ്റംസ് സംവിധാനങ്ങളെ ബന്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags

Latest News