ഹാദിയ കേസില്‍ കേരള ഹൈക്കോടതി പരിധി ലംഘിച്ചെന്ന് സുപ്രീം കോടതി; രൂക്ഷ വിമര്‍ശനം

ന്യൂദല്‍ഹി- ഷെഫിന്‍ ജഹാനുമായുളള ഹാദിയയുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി അധികാരപരിധികള്‍ ലംഘിച്ചാണ് ഹാദിയയുടെ അച്ഛന്‍ സമര്‍പിച്ച ഹേബിയസ് കോര്‍പസ് പരിഗണിച്ചതെന്ന് സുപ്രീം കോടതി. കേസില്‍ വിധി പറഞ്ഞ് ഒരു മാസത്തിനു ശേഷം തിങ്കളാഴ്ച പുറത്തു വിട്ട പൂര്‍ണ വിധിന്യായത്തില്‍ കേരള ഹൈക്കോടതിയെ സുപ്രീം കോടതി രൂക്ഷ വിമര്‍ശിച്ചു. കേസില്‍ ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകള്‍  വിശദമായി വിധിയില്‍ പ്രതിപാദിക്കുന്നുണ്ട്.

ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിയുടെ സ്വാകാര്യതയുടെ പരിധിക്കുള്ളില്‍ മാത്രം ഒതുങ്ങുന്നതാണെന്നും ഭരണകൂടത്തിനോ മറ്റാര്‍ക്കെങ്കിലുമോ ഇതില്‍ കൈക്കടത്താന്‍ യാതൊരു അധികാരവുമില്ലെന്നും സുപ്രീം കോടതി വിധിയില്‍ തീര്‍ത്തു പറയുന്നു. വ്യക്തിയുടെ സ്വാകാര്യത ലംഘിക്കാനാവില്ല. ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യാനുള്ള ഒരാളുടെ അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഹൈക്കോടതി വിധിയെ തള്ളി സുപ്രീം കോടതി വിശദമാക്കി.  ഇത്തരം കാര്യങ്ങളില്‍ ഭരണകൂട ഇടപെടലുകള്‍ സ്വാതന്ത്ര്യത്തിനു മേല്‍ ഗുരുതരമായ വിഘാതങ്ങള്‍ക്കു കാരണമാകുമെന്നും ഇത് മറ്റുള്ളവരെ ഈ സ്വാതന്ത്ര്യം അനുഭവിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി. 

ചില സാമൂഹിക സാഹചര്യങ്ങള്‍ ഹൈക്കോടതിയെ തെറ്റായി നയിച്ചു. ആദ്യ ഹരജിയില്‍ ഹാദിയയെ ഷെഫിനൊപ്പം പോകാന്‍ അനുവദിച്ച ഹൈക്കോടതി തന്നെ ഹാദിയയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ രണ്ടാം ഹരജിയില്‍ അതിനനുവദിച്ചില്ല. ഹേബിയസ് കോര്‍പസ് ഹരജിയില്‍ തീവ്രവാദം പോലുള്ള വിഷയങ്ങള്‍ വലിച്ചിഴച്ചത് അനാവശ്യമായിരുന്നു. ഇതിലിടപെടാന്‍ കോടതിക്ക് അധികാരമില്ല. ഇവിടെ ഹൈക്കോടതിക്ക് പൂര്‍ണായും തെറ്റി. സംരക്ഷണം ആവശ്യമായ വ്യക്തിയുടെ രക്ഷാകര്‍തൃത്വം ഭരണകൂടം ഏറ്റെടുക്കുന്ന തത്വത്തിന് ഹാദിയ കേസില്‍ പ്രസക്തിയില്ല. ഹാദിയയുടെ ഇഷ്ടം അനുവദിച്ചു കൊടുക്കാത്ത ഹൈക്കോടതി നടപടി ഭരണഘടന നല്‍കുന്ന അവകാശം കോടതി തന്നെ ഇല്ലാതാക്കുന്ന പോലെയായി. ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ ചേര്‍ന്നെഴുതിയ വിധിന്യായത്തില്‍ പറയുന്നു.  

Latest News