Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ സോഷ്യൽ ഫോറം സൗദി മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി

ജിദ്ദ- ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി 2022 വർഷത്തെ മെമ്പർഷിപ്പ് കാമ്പയിന് ജിദ്ദയിൽ തുടക്കം കുറിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും മറ്റു സാമൂഹിക സാംസ്‌കാരിക സേവന മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങളും പുതുതായി മെമ്പർഷിപ് സ്വീകരിച്ചു. സോഷ്യൽ ഫോറത്തിന്റെ ഭാഗമാവാൻ എത്തിയ പ്രവർത്തകരും പങ്കെടുത്ത ചടങ്ങ് സോഷ്യൽ ഫോറം നാഷണൽ വൈസ് പ്രസിഡന്റ് നസ്രുൽ ഇസ്‌ലാം ചൗധരി ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിൽ നിലനിൽക്കുന്ന നിലവിലെ രാഷ്ട്രീയ സാഹചര്യം മുസ്‌ലിംകളും ദളിതുകളും മറ്റു ന്യൂനപക്ഷ പിന്നോക്ക വിഭാഗക്കാരും വളരെയധികം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് നമ്മുടെ പൂർവികർ മാതൃരാജ്യത്തിനു വേണ്ടി സ്വന്തം ജീവൻ ബലി നൽകി നേടിയെടുത്ത സ്വാതന്ത്ര്യം തിരിച്ചുപിടിക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണെന്നും അതിനു ജാതി മത വർണ ഭാഷകൾക്കതീതമായി പ്രവർത്തിക്കുന്ന അർപ്പണ ബോധവും ദേശത്തോട് കൂറുമുള്ള ഒരു യുവതലമുറക്കേ സാധിക്കൂ എന്നും അത്തരം ഒരു സംഘടിത ശക്തിയാണ് ഇന്ത്യൻ സോഷ്യൽ ഫോറമെന്നും നസ്രുൽ ഇസ്ലാം ചൗധരി പറഞ്ഞു. 
തൊഴിൽ തേടി രാജ്യത്തിനു പുറത്തു വന്ന നാം ഓരോരുത്തരും സ്വരാജ്യത്തേക്ക് തിരിച്ചു പോകുവാനുള്ളവരാണെന്നും അതുകൊണ്ട് തന്നെ മാതൃരാജ്യത്ത് സമാധാനപരമായ അന്തരീക്ഷം നിലനിർത്തേണ്ടത് നാം ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. നാം നിലകൊള്ളുന്ന പ്രദേശങ്ങളിൽ പ്രയാസം അനുഭവിക്കുന്നവരുടെ പ്രയാസങ്ങളിൽ പങ്കാളികളാവാനും നിയമം അനുശാസിക്കുന്ന തരത്തിൽ ഇടപെടാനും നാം ഓരോരുത്തരും തയാറാവണമെന്നും അത് സോഷ്യൽ ഫോറം പ്രവർത്തകന്റെ കടമയാണെന്നും നിലവിൽ ആയിരക്കണക്കിന് പ്രവാസികൾക്ക് അത്താണിയാവാൻ നമുക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ആലിക്കോയ ചാലിയം അധ്യക്ഷത വഹിച്ചു. കേരളത്തിലെ പിണറായി സർക്കാരും മോഡി സർക്കാരിന്റെ പാത തന്നെയാണ് തുടർന്നു പോകുന്നത്. 
മതേതരത്വത്തിന്റെയും ന്യൂനപക്ഷ സംരക്ഷണത്തിന്റെയും മൊത്തം കുത്തക ഏറ്റെടുത്ത ഇടതുപക്ഷം 2002 ൽ വംശഹത്യയുടെ ഭാഗമായി 3000 ൽപരം മുസ്ലിംകളെ കൊന്നൊടുക്കിയ ഗുജറാത്തിലേക്കു സർക്കാരിന്റെ ചെലവിൽ ചീഫ് സെക്രട്ടറി അടക്കമുള്ളവരെ ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ വിട്ടതിന്റെ രസതന്ത്രം നാൾക്കുനാൾ ബോധ്യപ്പെട്ടു കൊണ്ടരിക്കുകയാണ്. 
രണ്ടാം പിണറായി സർക്കാരിന്റെ വരവോടെ കേരളത്തിലെ സി.പി.എം ഇടത് ധാരയിൽനിന്നും അകന്ന് തീവ്ര ഹിന്ദുത്വ നിലപാടാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിനു സാധാരണക്കാർ സമ്മേളന വേദിയിൽ വെച്ച് സോഷ്യൽ ഫോറം മെമ്പർഷിപ് സ്വീകരിക്കുകയും ചെയ്തു. 
യൂനിവേഴ്‌സൽ ഇൻസ്‌പെക്ഷൻ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ എൻജിനീയർ അബ്ദുൽ മജീദ് ബദറുദ്ദീൻ, മുൻ പത്രപ്രവർത്തകനും ഉറുദു കമ്യൂണിറ്റിയിലെ പ്രമുഖനുമായ മെഹ്താബ് ഖാദർ, എയ്‌സ് ഫൗണ്ടേഷൻ സിവിൽ സർവീസ് അക്കാദമിയുടെ എക്‌സിക്യൂട്ടീവ് മെമ്പറും ജിദ്ദയിലെ വിദ്യാഭ്യാസ പ്രോത്സാഹന മേഖലയിലെ നിറസാന്നിധ്യവുമായ മുഹമ്മദ് ഇഖ്ബാൽ ഉള്ളാൾ കർണാടക, സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഫിറോസ് അഹമ്മദ് അലഹബാദ്, സോഷ്യൽ ഫോറം കർണാടക സ്‌റ്റേറ്റ് പ്രസിഡന്റ് സയ്യിദ് ആസിഫ്, സോഷ്യൽ ഫോറം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് കോയിസ്സൻ ബീരാൻകുട്ടി, സോഷ്യൽ ഫോറം തമിഴ്‌നാട് വൈസ് പ്രസിഡന്റ് മുഹമ്മദ് റഫീഖ്, നോർത്തേൺ സ്‌റ്റേറ്റ് സെക്രട്ടറി സൽമാൻ സിദ്ദീഖി ലഖ്‌നൗ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി എക്‌സിക്യൂട്ടീവ് മെമ്പർ മുനീർ ഗുരുവായൂർ നന്ദി പറഞ്ഞു.

Tags

Latest News