Sorry, you need to enable JavaScript to visit this website.

ടാക്‌സികളിൽ പുകവലി അനുവദിച്ചാൽ 500 റിയാൽ പിഴ

റിയാദ്- ടാക്‌സി കാറുകൾക്കുള്ളിൽ ഡ്രൈവർമാർ പുകവലിക്കുകയോ യാത്രക്കാരെ പുകവലിക്കാൻ അനുവദിക്കുകയോ ചെയ്താൽ 500 റിയാൽ പിഴ ലഭിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി. 
പബ്ലിക് ടാക്‌സികളും വ്യക്തികൾക്കു കീഴിലെ ടാക്‌സികളുമായും ബന്ധപ്പെട്ട 35 നിയമ ലംഘനങ്ങൾ പൊതുഗതാഗത അതോറിറ്റി നിർണയിച്ചു. ഈ നിയമ ലംഘനങ്ങൾക്ക് 500 റിയാൽ മുതൽ 5,000 റിയാൽ വരെ പിഴ ലഭിക്കും.
അംഗീകാരമുള്ള സ്ഥാപനങ്ങൾ സാങ്കേതികമായി സജ്ജീകരിച്ച ശേഷം ടാക്‌സികളിൽ എന്തെങ്കിലും വിധത്തിലുള്ള മാറ്റങ്ങൾ വരുത്തൽ, മുഴുവൻ അംഗീകൃത സാങ്കേതിക സജ്ജീകരണങ്ങളും ടാക്‌സികളിൽ ഏർപ്പെടുത്താതിരിക്കൽ, അംഗീകൃത പ്രവർത്തന കാലാവധിയിൽ കൂടുതൽ കാലം കാർ ഉപയോഗിക്കൽ, അതോറിറ്റി നിർണയിക്കുന്ന ഇലക്‌ട്രോണിക് സംവിധാനങ്ങളുമായി ടാക്‌സിയെ ബന്ധിപ്പിക്കാതിരിക്കൽ, ലൈസൻസ് ലഭിക്കാത്തവർ ടാക്‌സി ഓടിക്കൽ, വിദേശ ടാക്‌സികൾ സൗദിയിലെ നഗരങ്ങൾക്കകത്തും നഗരങ്ങൾക്കിടയിലും സർവീസ് നടത്തൽ-രജിസ്റ്റർ ചെയ്തതല്ലാത്ത രാജ്യത്തേക്ക് സർവീസ് നടത്തൽ, ലൈസൻസ് റദ്ദാക്കിയ ശേഷം കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ റദ്ദാക്കാതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് 5,000 റിയാൽ തോതിൽ പിഴ ലഭിക്കും. 
ടാക്‌സി സേവനം നൽകാൻ വിസമ്മതിക്കൽ, യാത്രക്കാരന്റെ നിർത്താനുള്ള ആവശ്യം അവഗണിച്ച് സർവീസ് തുടരൽ, നിയമാവലി നിർണയിക്കുന്ന പ്രത്യേക സാഹചര്യങ്ങളിൽ സേവനം നൽകാൻ വിസമ്മതിക്കൽ, ഓപ്പറേറ്റിംഗ് കാർഡ് പുതുക്കാൻ കാലതാമസം വരുത്തൽ, നിയമ വിരുദ്ധമായി യാത്രക്കാരെ അന്വേഷിച്ച് റോഡുകളിൽ ചുറ്റിക്കറങ്ങൽ, റോഡുകളിൽ കാൽനടയാത്രക്കാർക്ക് പ്രത്യേകം നിശ്ചയിച്ച ഫുട്പാത്തുകളിൽ നിന്നല്ലാതെ യാത്രക്കാരെ കയറ്റൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന രേഖകൾ കാണിച്ചുകൊടുക്കാതിരിക്കൽ, പുകവലി വിലക്ക് അടക്കം നിയമാവലി അനുശാസിക്കുന്ന വാചകങ്ങളും ബോർഡുകളും അടയാളങ്ങളും കാറിനകത്ത് സ്ഥാപിക്കാതിരിക്കൽ, ആശയവിനിമയ സംവിധാന വിവരങ്ങളും ദേശീയ അഡ്രസ്സും ബന്ധപ്പെട്ട അതോറിറ്റിക്ക് നൽകാതിരിക്കൽ-പുതുക്കാതിരിക്കൽ, പ്രവർത്തന കാലാവധി അവസാനിക്കുകയോ ഓപ്പറേറ്റിംഗ് കാർഡ് റദ്ദാക്കുകയോ ചെയ്ത ശേഷം കാറിന്റെ രജിസ്‌ട്രേഷൻ ഇനത്തിൽ മാറ്റം വരുത്താതിരിക്കൽ, ലൈസൻസ് ലഭിക്കാതെ ടാക്‌സി മേഖലയിൽ പ്രവർത്തിക്കൽ, കാലാവധി തീർന്ന ലൈസൻസ് ഉപയോഗിച്ച് പ്രവർത്തിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് 1,000 റിയാൽ തോതിൽ പിഴ ലഭിക്കും. 
ഡ്രൈവർ പുകവലിക്കൽ-യാത്രക്കാരെ പുവലിക്കാൻ അനുവദിക്കൽ, ടാക്‌സി സർവീസിന് ലൈസൻസുള്ള നഗരത്തിനകത്ത് ഒറ്റ യാത്രക്കിടെ വ്യത്യസ്തമായ ഒന്നിലധികം ഓർഡറുകൾ സംയോജിപ്പിക്കൽ, ഹാന്റ് ബാഗേജ് അല്ലാത്ത ലഗേജുകളും ചരക്കുകളും കാറിനകത്ത് കയറ്റൽ-ഡിക്കിയുടെ ശേഷിയിൽ കൂടുതൽ ലഗേജ് കയറ്റൽ, യാത്രക്കാരില്ലാതെ ലജേഗ് കയറ്റൽ, യാത്രക്കാരുടെ സ്വകാര്യത ഏതെങ്കിലും രീതിയിൽ ലംഘിക്കൽ, പൊതുമര്യാദകൾ പാലിക്കാതിരിക്കൽ, യാത്രക്കാരുമായി നല്ല രീതിയിൽ പെരുമാറാതിരിക്കൽ, വ്യക്തിശുചിത്വവും നല്ല വേഷവിധാനങ്ങളും പാലിക്കാതിരിക്കൽ, കാറിന്റെ അകവും പുറവും വൃത്തിയായി സൂക്ഷിക്കാതിരിക്കൽ, കാറിനകത്ത് കയറുമ്പോഴും ഇറങ്ങുമ്പോഴും വികലാംഗരെ സഹായിക്കാതിരിക്കൽ, ഡ്രൈവർമാർ യൂനിഫോം പാലിക്കാതിരിക്കൽ, കാറിനകത്ത് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താതിരിക്കൽ എന്നീ നിയമ ലംഘങ്ങൾക്ക് 500 റിയാൽ തോതിലാണ് പിഴ. 
പൊതുഗതാഗത അതോറിറ്റി ആവശ്യപ്പെടുമ്പോൾ കാർ സാങ്കേതിക പരിശോധനക്ക് വിധേയമാക്കാതിരിക്കുന്നതിന് 2,000 റിയാലും അംഗീകൃത നിരക്ക് നയം പാലിക്കാത്തതിന് 3,000 റിയാലും അതോറിറ്റി വിളിപ്പിക്കുന്നതു മുതൽ 10 ദിവസത്തിനകം അതോറിറ്റിയിൽ ഹാജരാകാതിരിക്കുന്നതിന് 3,000 റിയാലും സർവീസ് ആരംഭിക്കുമ്പോൾ മീറ്റർ പ്രവർത്തിപ്പിക്കാത്തതിന് 3,000 റിയാലും യാത്രക്കാർ മറന്നുവെച്ച വസ്തുക്കളും നഷ്ടപ്പെട്ട വസ്തുക്കളും ഉടമകളെ തിരിച്ചേൽപിക്കുകയോ പോലീസ് സ്റ്റേഷന് കൈമാറാതിരിക്കുകയോ ചെയ്യുന്നതിന് 2,000 റിയാലും കാലാവധി തീർന്ന ഓപ്പറേറ്റിംഗ് കാർഡും ലൈസൻസും ഉപയോഗിച്ച് ടാക്‌സി സർവീസ് നടത്തുന്നതിന് 3,000 റിയാലും ലൈസൻസ് സസ്‌പെന്റ് ചെയ്ത കാലത്ത് സർവീസ് നടത്തുന്നതിന് 4,000 റിയാലും പിഴ ലഭിക്കുമെന്ന് അതോറിറ്റി അറിയിച്ചു.
യാത്രക്കാരെ അന്വേഷിച്ച് ടാക്‌സികൾ റോഡുകളിൽ ചുറ്റിക്കറങ്ങുന്നതിന് വിലക്കുണ്ട്. ടാക്‌സികൾക്ക് യാത്രക്കാരെ കയറ്റുന്നതിന് പ്രത്യേക പാർക്കിംഗുകളില്ലാത്ത റോഡുകളിലും പാർക്കിംഗുകൾ തമ്മിൽ 500 മീറ്ററിൽ കുറയാത്ത അകലമുള്ള റോഡുകളിലും പബ്ലിക് ടാക്‌സികൾക്ക് യാത്രക്കാരെ അന്വേഷിച്ച് ചുറ്റിക്കറങ്ങാവുന്നതാണ്. ടാക്‌സി കമ്പനിയുടെ നിയമാനുസൃത പദവിയിൽ വരുത്തുന്ന മാറ്റങ്ങൾ അതോറിറ്റിയിൽ അറിയിക്കാതിരിക്കൽ, ഫാമിലി ടാക്‌സിയിൽ സ്ത്രീകൾ ഒപ്പമില്ലാതെ പുരുഷന്മാരെ കയറ്റൽ എന്നിവയും പിഴ ലഭിക്കുന്ന നിയമ ലംഘനങ്ങളാണ്.  

Tags

Latest News