ട്രെയിനില്‍ പതിനാറുകാരിക്കെതിരായ അതിക്രമം: 5 പ്രതികളും ഒളിവില്‍, മൂന്നു പേരെ തിരിച്ചറിഞ്ഞു

കൊച്ചി- ട്രെയിനില്‍ പതിനാറുകാരിയെ അതിക്രമിച്ചത് ചോദ്യം ചെയ്തതിന്, ദളിത് കോണ്‍ഗ്രസ് നേതാവായ പിതാവിനെയും സഹയാത്രക്കാരനെയും മര്‍ദിച്ച് അവശനാക്കിയ മൂന്ന് പേരെ തിരിച്ചറിഞ്ഞു. അഞ്ചംഗ സംഘമാണ് അത്രികമം നടത്തിയത്. എറണാകുളത്ത് ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശികളായ ഇവര്‍. അമ്പത് വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ഇവരുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സീസണ്‍ ടിക്കറ്റുകാരായ ഇവര്‍ ഒളിവിലാണെന്ന് എറണാകുളം സൗത്ത് റെയില്‍വേ പൊലീസ് പറഞ്ഞു.
പ്രതികളിലൊരാളുടെ സീസണ്‍ ടിക്കറ്റ് പാസിന്റെ ചിത്രം റെയില്‍വെ പൊലീസിന് ലഭിച്ചിട്ടുണ്ട്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രതികള്‍ക്കായുള്ള പരിശോധന. പോക്സോ, ട്രെയിനില്‍ അടിപി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ശനിയാഴ്ച രാത്രി 7.50ന് എറണാകുളം-ഗുരുവായൂര്‍ സ്പെഷ്യല്‍ ട്രെയിനിലായിരുന്നു കേസിനാസ്പദമായ സംഭവം. ട്രെയിന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പിന്നിട്ടതോടെയായിരുന്നു അഞ്ചംഗസംഘം പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലം പറയുകയുകയും ചെയ്തത്.
രാത്രിയായതിനാല്‍ ട്രെയിന്‍ യാത്രക്കാരും കുറവായിരുന്നു. ഉണ്ടായിരുന്ന മറ്റുള്ളവരാരും വിഷയത്തില്‍ ഇടപെട്ടതുമില്ല. ഉപദ്രവത്തിനെതിരെ പ്രതികരിച്ച മലപ്പുറം സ്വദേശിയായ യുവാവിനാണ് മര്‍ദനേമറ്റത്. പെണ്‍കുട്ടിയുടെ പിതാവ് എതിര്‍ത്തപ്പോള്‍ ഇവര്‍ ഭീഷണിപ്പെടുത്തി.  പതിനാറുകാരിയുടെ പാരാതിയില്‍ തൃശൂര്‍ റെയില്‍വെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എറണാകുളം സൗത്ത് റെയില്‍വെ പൊലീസിന് കൈമാറുകയായിരുന്നു. അതേസമയം, പരാതിപ്പെട്ടിട്ടും ഇടപെട്ടില്ലെന്ന ആക്ഷേപത്തെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാര്‍ഡില്‍ നിന്ന് സതേണ്‍ റെയില്‍വെ വിശദീകരണം തേടി. ഇതര സംസ്ഥാനക്കാരനായ ഗാര്‍ഡ് സംഭവം അടിപിടിയായി തെറ്റിദ്ധരിക്കുകയായിരുന്നുവെന്നാണ് സൂചന.  ട്രെയിന്‍ ആലുവ പിന്നിടതിന് ശേഷമാണ് തന്നോട് പരാതി പറഞ്ഞതെന്നാണ് ഗാര്‍ഡിന്റെ വിശദീകരണം. എന്നാല്‍ ട്രെയിന്‍ ഇടപ്പള്ളിയിലെത്തിയപ്പോള്‍ ഗാര്‍ഡിനെ അറിയിച്ചിരുന്നതായി കുട്ടിയുടെ പിതാവ് പറയുന്നു. ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിലായാണ് സംഘത്തിലെ അഞ്ചുപേരും ഇറങ്ങിപ്പോയത്. അന്വേഷണത്തിന്റെ ഭാഗമായി ഗാര്‍ഡിന്റെയും മൊഴിയെടുക്കും.

 

Latest News