Sorry, you need to enable JavaScript to visit this website.

തിരിച്ചുവരവിലും ഊഹാപോഹങ്ങൾ ആത്മവിശ്വാസം തളർത്തി

ഇന്ത്യൻ ഓഹരി സൂചികയുടെ തിരിച്ചുവരവ് നിക്ഷേപകർക്ക് ആശ്വാസം പകർന്നുവെങ്കിലും തിരക്കിട്ട് പുതിയ വാങ്ങലിന് വലിയോരു വിഭാഗം പ്രദേശിക നിക്ഷേപകർ തയാറായില്ല. വിപണി കൂടുതൽ തളരുമെന്ന ഊഹാപോഹങ്ങളും ഒരു വിഭാഗം ഇടപാടുകാരും ആത്മവിശ്വാസത്തിന് മങ്ങലേൽപിച്ചു. ബോംബെ സെൻസെക്‌സ് 1367 പോയന്റും നിഫ്റ്റി 405 പോയന്റും പോയ വാരം ഉയർന്നു. തൊട്ട് മുൻവാരത്തിലെ അഞ്ചര ശതമാനം തകർച്ചയിൽ നിന്ന് രണ്ടര ശതമാനം കരുത്ത് വിപണി തിരിച്ചുപിടിച്ചു. ജൂൺ സീരീസ് സെറ്റിൽമെന്റിന് മുന്നോടിയായി ഓപറേറ്ററർമാർ ഷോട്ട് കവറിംഗിന് ഇറങ്ങിയത് ഒരു പരിധി വരെ കഴിഞ്ഞ ദിവസങ്ങളിലെ തിരിച്ചുവരവിന് വഴി ഒരുക്കി. സാങ്കേതികമായി വിപണി ഓവർ സോൾഡായതാണ് ഊഹക്കച്ചവടക്കാരെ ഷോട്ട് കവറിങിന് പ്രേരിപ്പിച്ചത്. 
ഇന്ത്യ വോളാറ്റിലിറ്റി ഇൻഡക്‌സ് 28 ൽ നിന്നും 20 ലേയ്ക്ക് താഴ്ന്നത് ഓപറേറ്റർമാരെ വാങ്ങലുകാരാക്കി. ഇതിനിടയിൽ ജി7  രാഷ്ട്രങ്ങളുടെ യോഗം തുടങ്ങി. റഷ്യ ഉക്രൈൻ യുദ്ധം, ചൈന, വിയറ്റ്‌നാം വിഷയങ്ങളിലെ വിലയിരുത്തൽ ഒപെക് യോഗത്തിൽ പ്രതിഫലിക്കാം. ജൂലൈ, ഓഗസ്റ്റിലെ പ്രതിദിന എണ്ണ ഉൽപാദനം ഉയർത്താൻ ഇടയുണ്ടങ്കിലും ഡോളർ സൂചികയിലെ ചലനങ്ങൾ ഒപെക് വിലയിരുത്തും. 
വിദേശ ഫണ്ടുകൾ പിന്നിട്ട വാരം 11,512 കോടി രൂപയുടെ വിൽപന നടത്തിയപ്പോൾ ആഭ്യന്തര ഫണ്ടുകൾ 11,669 കോടി രൂപ നിക്ഷേപിച്ചു. ഇന്ത്യൻ  രൂപയുടെ മൂല്യം 78.05 ൽ നിന്ന് 78.40 ലേയ്ക്ക് ദുർബലമായ ശേഷം വാരാന്ത്യം 78.35 ലാണ്. അടുത്ത രണ്ട് മാസങ്ങളിൽ വിനിമയ മൂല്യം 79.80 റേഞ്ചിലേക്ക് നീങ്ങാം.  ഇതിനിടയിൽ എണ്ണ വില നൂറ് ഡോളറായി താഴ്ന്നാൽ രൂപ മികവിന് ശ്രമിക്കും. ക്രൂഡ് ഓയിൽ ബാരലിന് 124 ഡോളറിൽ നിന്നും 107 വരെ ഇടിഞ്ഞ ശേഷം 113 ഡോളറിലാണ്.
നിഫ്റ്റി രണ്ടാഴ്ചയായി 15,200 പോയന്റിലെ സപ്പോർട്ടിൽ ശക്തി പരീക്ഷിക്കുന്നു. കഴിഞ്ഞ വാരം 15,293 ൽ നിന്നും 15,191 ലേയ്ക്ക് ഇടിഞ്ഞ  ശേഷമുള്ള പുൾബാക്ക് റാലിയിൽ 15,749 വരെ ഉയർന്നു. മാർക്കറ്റ് ക്ലോസിംഗിൽ മുൻവാരം സൂചിപ്പിച്ച 15,690 ലെ പ്രതിരോധത്തിന് മുകളിൽ 15,699 പോയന്റിലാണ്. ഈ വാരം 15,343 ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 15,901-16,104 ലേയ്ക്ക് ഉയരാം. ഡെയ്‌ലി ചാർട്ടിൽ സൂപ്പർ ട്രെന്റ് സെല്ലിങ് മൂഡിലും പാരാബോളിക് എസ് എ ആർ ബുള്ളിഷുമാണ്. 
ബോംബെ സെൻസെക്‌സ് തൊട്ട് മുൻവാരത്തിലെ 50,921 ൽ നിന്നും ആഭ്യന്തര ഫണ്ടുകളുടെ വാങ്ങൽ താൽപര്യത്തിൽ ഇതിനകം 52,909 വരെ ഉയർത്തി, വ്യാപാരാന്ത്യം 52,727 പോയന്റിലാണ്. ഈ വാരം 53,403 നെ ലക്ഷ്യമാക്കിയാവും സൂചിക നീങ്ങുക. ഈ പ്രതിരോധം തകർക്കാനായാൽ ജൂലൈയിൽ 54,079 പോയന്റിനെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമം നടക്കാം. വിൽപന സമ്മർദമുണ്ടായാൽ 51,556 ലും 50,385 ലും താങ്ങുണ്ട്.  
മുൻനിര ഓഹരികളായ എസ് ബി ഐ, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബാങ്ക്, ഇൻഫോസീസ്, വിപ്രോ, റ്റി സി എസ്, മാരുതി, എം ആന്റ് എം, ഡോ. റെഡീസ്, സൺ ഫാർമ, എൽ ആന്റ് റ്റി തുടങ്ങിയവയിൽ ശക്തമായ വാങ്ങൽ താൽപര്യം ദൃശ്യമായി. വിൽപന സമ്മർദം മൂലം ടാറ്റാ സ്റ്റീൽ, ആർ ഐ എൽ, എൻ റ്റി പി സി ഓഹരി വിലകൾ താഴ്ന്നു. 
 

Latest News