Sorry, you need to enable JavaScript to visit this website.

വിദേശ നിക്ഷേപകർ 78 കമ്പനികളിൽ ഉടമസ്ഥാവകാശം ഉയർത്തി

സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത 78 കമ്പനികളിൽ വിദേശ നിക്ഷേപകർ ഉടമസ്ഥാവകാശം ഉയർത്തി. ഒരു ദിവസത്തിനിടെ ഈ കമ്പനികളുടെ 36.2 കോടി റിയാൽ വിപണി മൂല്യമുള്ള 10.1 ദശലക്ഷം ഓഹരികളാണ് വിദേശ നിക്ഷേപകർ വാങ്ങിയതെന്ന് സൗദി ഷെയർ മാർക്കറ്റ് കമ്പനി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മറ്റു 75 കമ്പനികളിൽ വിദേശ നിക്ഷേപകരുടെ ഉടമസ്ഥാവകാശം കുറഞ്ഞു. ഈ കമ്പനികളുടെ 19.5 കോടി റിയാൽ വിപണി മൂല്യമുള്ള 37 ലക്ഷം ഓഹരികൾ വിദേശ നിക്ഷേപകർ വിറ്റൊഴിവാക്കി. 
വിദേശ നിക്ഷേപകരുടെ ഉടമസ്ഥാവകാശ അനുപാതം ഏറ്റവും ഉയർന്നത് സാദിറാത്ത് കമ്പനിയിലാണ്. സാദിറാത്തിൽ വിദേശ നിക്ഷേപകരുടെ ഉടമസ്ഥാവകാശ അനുപാതം 0.52 ശതമാനം ഉയർന്നു. ഉടമസ്ഥാവകാശ അനുപാതം 3.37 ശതമാനത്തിൽ നിന്ന് 3.89 ശതമാനമായാണ് ഉയർന്നത്. ഒരു ദിവസത്തിനിടെ സാദിറാത്ത് കമ്പനിയുടെ 39 ലക്ഷം റിയാൽ വിപണി മൂല്യമുള്ള 1,01,088 ഓഹരികൾ വിദേശ നിക്ഷേപകർ വാങ്ങി. 
വിദേശ നിക്ഷേപകരുടെ ഉടമസ്ഥാവകാശ അനുപാതം ഏറ്റവും കുറഞ്ഞത് അൽതത്‌വീരിയ ഫുഡ് കമ്പനിയിലാണ്. 
അൽതത്‌വീരിയ കമ്പനിയിലെ ഉടമസ്ഥാവകാശ അനുപാതം 0.23 ശതമാനം തോതിൽ കുറഞ്ഞു. കമ്പനിയിലെ വിദേശ നിക്ഷേപകരുടെ ഉടമസ്ഥാവകാശ അനുപാതം 1.85 ശതമാനത്തിൽ നിന്ന് 1.62 ശതമാനമായാണ് കുറഞ്ഞത്. കമ്പനിയുടെ പതിമൂന്നു ലക്ഷം റിയാൽ വിപണി മൂല്യമുള്ള 6900 ഓഹരികളാണ് ഒരു ദിവസത്തിനിടെ വിദേശ നിക്ഷേപകർ വിൽപന നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച സൗദി ഓഹരി സൂചിക 9.21 പോയന്റ് ഇടിവ് രേഖപ്പെടുത്തി. 11,310.67 പോയന്റിലാണ് വ്യാഴാഴ്ച സൂചിക ക്ലോസ് ചെയ്തത്.

Latest News