മൗനങ്ങളും ഐശ്വര്യങ്ങളും

ഉപ്പോളം വരില്ല ഉപ്പിലിട്ടത്. പോലീസേമാൻ റിട്ടയർ ചെയ്താൽ പിന്നെ ആ മീശയ്‌ക്കെന്തു വില? ആ ഏമാനും നമ്മുടെ എ.ഐ.സി.സിയും തമ്മിൽ എന്തുണ്ട് വ്യത്യാസം? രാഹുൽ ഗാന്ധിയെ തുടരെ നാലു ദിവസമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിച്ചു ചോദ്യം ചെയ്തു വശംകെടുത്തിയത്. കൊച്ചൻ അതിനു തക്കവണ്ണം എന്തു പാപമാണ് ചെയ്തത്? പത്തു പതിനഞ്ചു കൊല്ലം മുമ്പായിരുന്നെങ്കിൽ കോൺഗ്രസിനെ തൊട്ടുകളിക്കുമായിരുന്നോ? ഗ്രഹണ സമയത്തു ഞാഞ്ഞൂലും തല പൊക്കും. തീക്കട്ടയിൽ ഉറുമ്പരിക്കും. മുതുമുത്തച്ഛനു ധനമുണ്ടായിപ്പോയി. പുഷ്‌കല കാലത്ത് മൂപ്പർ പണിയിച്ച മന്ദിരങ്ങളെല്ലാം പിന്നീട് പാർട്ടിക്കാരുടെ സുഖവാസ കേന്ദ്രങ്ങളായി. 1977 ൽ ഇന്ദിരാജി ഒരു കൊച്ചുജയിൽ വാസം കഴിഞ്ഞു വന്നപ്പോൾ താമസിക്കുന്നതിന് സ്വന്തമായി ഒരു വീടുപോലും ഒഴിവില്ലായിരുന്നു. 1938 ൽ നെഹ്‌റുവും സ്വാതന്ത്ര്യക്കൊതിയന്മാരായ ചില ചങ്ങാതിമാരും ചേർന്നു സ്ഥാപിച്ച 'നാഷനൽ ഹെറാൾഡ്' പത്രത്തിന്റെ കാര്യവും കഷ്ടത്തിലായിരുന്നു. അദ്ദേഹം ഇടയ്ക്കിടെ ജയിലിൽ കിടക്കുകയും നല്ല പുസ്തകങ്ങൾ എഴുതുകയും ചെയ്തു. പക്ഷേ, പുറത്ത് പത്രത്തിന്റെ മേൽ ബ്രിട്ടീഷ് കുതിരകയറ്റവും നിരോധനവുമായിരുന്നു. എല്ലാ പ്രളയ കാലത്തും 'കിറ്റു' കൊടുക്കുന്ന സർക്കാരിനെപ്പോലെ എ.ഐ.സി.സിയും നല്ല മനസ്സുള്ള കോൺഗ്രസ് മുതലാളിമാരും സഹായിച്ചു. അത് കറുത്ത പണമാണോ, വെളുത്ത പണമാണോ എന്നാരും അന്വേഷിച്ചില്ല. മറ്റു തൊഴിലൊന്നും വശമില്ലാത്ത ചിലർ അന്നേ തുടങ്ങിയ പണിയാണ് ഇന്നും പൂർവാധികം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുന്നത്, അത് ഇത്ര മാത്രം; നെഹ്‌റുവിനെ പൊളിക്കുക. ദീർഘകാലമായുള്ള ആ വൻ പ്രതിബിംബത്തെ ഇടിച്ചുനിരപ്പാക്കുക. അതിന്റെ തുടർച്ചയാണ് ഈയിടെ നടന്ന, നാലു ദിവസം നീണ്ട രാഹുൽ ഗാന്ധി വിചാരണയെന്നേ (കോൺഗ്രസുകാർക്കു) കരുതാനാകൂ. പൊളിഞ്ഞ 'നാഷണൽ ഹെറാൾഡിന്' ധർമം കൊടുക്കാൻ' എ.ഐ.സി.സിക്ക് എവിടെ നിന്നാണ് പണം? ഇ.ഡി മാത്രമല്ല ഏതു സാദാ പോലീസുകാരനും സംശയിക്കും. കശ്മീർ മുതൽ കന്യാകുമാരി വരെ ഏതൊരു കോൺഗ്രസുകാരന് പണം എത്തിച്ചേർന്നാലും അത് പാർട്ടിയുടെ 'വഞ്ചി'യിലേക്കു പോകുക അസാധ്യമെന്നതാണ് നാട്ടുനടപ്പും പൊതുധാരണയും. അവശേഷിച്ച ഒറ്റ മാർഗം മമ്മിയെയും മക്കളെയും പിടിച്ചു വിചാരണ ചെയ്യുക! അതു മാത്രമേ സംഭവിച്ചുള്ളൂ.... രാഹുലിനെ മാനസികമായി തളർത്താൻ ഇ.ഡി ശ്രമിക്കുന്നുവെന്ന് പാർട്ടി വക്താവിന്റെ പ്രസ്താവന. ശുദ്ധ അസംബന്ധം. കബിൽ സിബൽ ചാടിപ്പോയശേഷം പാർട്ടിയിൽ ആരും കോട്ടുവായിടാനല്ലാതെ വാതുക്കാറില്ല. മറ്റുള്ളവരുടെ ഭയപ്പെടുത്തുന്ന മൗനമാകട്ടെ, പാർട്ടിയിൽ നിറഞ്ഞു തുളുമ്പി നിൽക്കുന്നു. അടുത്തായി പുറത്തേക്കു ചാടുന്നത് ആരൊക്കെയാകും എന്ന ഒറ്റ ചിന്ത മതി, രാഹുലിന് പത്തു കിലോ ഭാരം കുറയാൻ. ച്ചാൽ, തളർത്താൻ കോൺഗ്രസ് തന്നെ ധാരാളം. ഇ.ഡി അക്കാര്യത്തിൽ ഏഴയലത്ത് എത്താൻ വേണ്ടി വളർന്നിട്ടില്ല.
****                        ****                 ****

പയ്യന്നൂരിലെ രക്തസാക്ഷി ധനരാജിന്റെ കടം പാർട്ടി തന്നെ വീട്ടിക്കൊള്ളും. രക്തസാക്ഷി ഫണ്ടിൽനിന്നും പണം തിരിമറി നടത്തിയത് ശവം തിന്നുന്നതിനു തുല്യമെന്ന,് കാര്യം കേട്ടപാതി കേൾക്കാത്തപാതി സുധാകര ഗുരുക്കൾ കയറി പ്രതികരിച്ചു കളഞ്ഞു. ബന്ധുക്കൾക്കു ഫണ്ട് നൽകിയും വീടു നിർമിച്ചും ഫണ്ട് കുറെ തീർന്നുവെന്ന് ജില്ല മേധാവി (നേതാവ് ഒരു പഴയ പദമാണോ!) ജയരാജൻ പറഞ്ഞാൽ പിന്നെ ചോദ്യമോ, ഉത്തരമോ കഴുക്കോലോ ബാക്കിയില്ല. സംശയിക്കുന്നവൻ പാർട്ടിക്കാരനെങ്കിൽ, ദിവസേന ഉറക്കമെണീറ്റ് ആദ്യം തന്നെ, തല കഴുത്തിനു മീതെ തന്നെയുണ്ടോ എന്നു തപ്പിനോക്കുന്നതു നന്നായിരിക്കും. അതൊരു പ്രഭാത വ്യായാമവും ആകട്ടെ. മധുസൂദനൻ എന്ന എമ്മെല്ലേ സഖാവ് മൂന്നു ഫണ്ട് തിരിമറികളിൽ അലംഭാവം കാട്ടിയെന്നു ശങ്കിച്ച ഏരിയ സെക്രട്ടറി കുഞ്ഞികൃഷ്ണൻ പരാതി കൊടുത്തു. ഉറക്കം തൂങ്ങി പാർട്ടിയല്ല നമ്മുടേത്. ഉടൻ നടപടിയുണ്ടായി. പാടത്തു വേലയ്ക്കു വരമ്പത്ത് കൂലി. കുഞ്ഞികൃഷ്ണനു തന്നെ കിട്ടി സസ്‌പെൻഷൻ. പരാതി കൊടുക്കാൻ തക്കവണ്ണം ഒരു ഏരിയ സെക്രട്ടറി വളർന്നിട്ടില്ല. അതൊക്കെ ജോയന്റ് സെക്രട്ടറിയോ, അഡീഷണൽ സെക്രട്ടറിയോ ആയിട്ടു മതി. കുഞ്ഞൻ അതോടെ പൊതുപ്രവർത്തനം അവസാനിപ്പിച്ചു വീടുപൂകി. അതാണ് സുരക്ഷിതം. പഴയൊരു 'അമ്പത്തി ഒന്നുവെട്ടി'ന്റെ കഥ ഇന്നു വടക്കാൻ പാട്ടായി നാട്ടിലുണ്ട്. ഫണ്ട് കക്കുന്നുവെന്നതിനർഥം ശവം തിന്നുന്നു എന്നാണെന്ന് കളരി ഗുരുക്കളും കോൺഗ്രസുകാരനുമായ കെ. സുധാകരന്റെ പ്രസ്താവന പ്രശ്‌നത്തിന്റെ ഭീകരതയും വർധിപ്പിച്ചിരുന്നു. കുഞ്ഞികൃഷ്ണന് ആയുസ്സുണ്ട്; ശവത്തെ പേടിയുമുണ്ട്. പാർട്ടിയെ സംബന്ധിച്ചിടത്തോളം, എം.വി. ജയരാജൻ സഖാവ് അപേക്ഷിച്ചിട്ട് അനുസരിക്കാത്ത കുഞ്ഞൻ സഖാവിനെ എന്തിനു കൊള്ളാം? 'ശുംഭൻ' എന്നു തൽക്കാലം വിളിച്ചില്ല. അതു കൊച്ചിയിലെ കോടതിയെ നോക്കി രണ്ടു കൊല്ലം മുമ്പു വിക്ഷേപിച്ചതാണ്. ഫലവും അനുഭവിച്ചു. ആരു പോയാലും പുല്ലാണ് എന്നതാണ് ഇപ്പോഴത്തെ നയം. 2025 വരെ മാറ്റമില്ല; കസേരയുണ്ടല്ലോ. അനിത പുല്ലയിൽ വന്നാലും നിലപാട് അതു തന്നെ.
****                          ****                               ****

സാമ്പത്തിക വിദഗ്ധനും സദാ മൗനിയുമായ മൻമോഹൻ സിംഗ് കുറച്ചുകാലം ഇന്ത്യ ഭരിച്ചിരുന്നു. അദ്ദേഹം ഉദാരവൽക്കരണം നടത്തി നാടിനെ മറ്റാർക്കോ പണം വെയ്ക്കുകയാണെന്ന് ഒരു പ്രചരണവുമുണ്ടായി. ഇരുപതു കൊല്ലം കഴിഞ്ഞിട്ടും അതു നടന്നില്ല. ഉദാരവാന്റെ കാലത്ത്,  ആവശ്യക്കാർക്ക് സർവീസിൽനിന്നും സ്വയം വിരമിക്കാനൊരു പദ്ധതി എടുത്തു പുറത്തേക്കു നീട്ടി. ചില ബുദ്ധിജീവികൾ ഇതു തന്നെ തക്കമെന്നു കണ്ട് കിട്ടിയതും വാങ്ങി രംഗം കാലിയാക്കി; സ്വകാര്യ മേഖലയുടെ കാൽ തിരുമ്മുന്നതും തൈലലേപനം നടത്തുന്നതുമാണ് സുഖമെന്നു കണ്ടു. ഒരു മുട്ടുശാന്തിക്ക് വി.ആർ.എസ് പിടിവള്ളിയാണെന്നു കണ്ട ഭരണ കോവിദന്മാർ പിടിവിട്ടതുമില്ല. ഇപ്പോൾ അതിനു പകരം, ചായം പൂശി മിനുക്കിയ 'അർധ വേതനാവധി'യുമായി ആനവണ്ടി കോർപറേഷൻ രംഗത്തിറങ്ങിയിരിക്കുന്നു. 'തസ്തിക ഏതായാലും ലീവെടുത്താൽ മതി' എന്നതാണ് ആപ്തവാക്യം'. വരൂ നറുക്കെടുക്കൂ, അഞ്ചു കൊല്ലത്തെ അവധി നിങ്ങളെ മാടി വിളിക്കുന്നു- എന്ന പഞ്ചാര പ്രലോഭനവുമായി മാനേജ്‌മെന്റ്. കാര്യം മനസ്സിലാക്കാതെ കോടതി ഒരു ഹൃദയസ്പൃക്കായ ചോദ്യം ഉന്നയിച്ചു കളഞ്ഞു:- പല 'കെ'കൾക്കും നൽകുന്ന പ്രാധാന്യം കെ.എസ്.ആർ.ടി.സിക്കും കൊടുത്തുകൂടേ? അതും ഒരു 'കെ' അല്ലേ?
കെ-റെയിൽ പദ്ധതിക്കിട്ട് ഒന്നു തോണ്ടിയതാണെന്ന് ഏതു പിള്ളേർക്കും മനസ്സിലാകും. എന്നാൽ ഈ 'പകുതി ശമ്പള അവധി' വണ്ടി കോർപറേഷനിൽ നിലവിൽ വന്നാൽ അതൊരു വിപ്ലവമായിരിക്കും. ഡ്രൈവറും കണ്ടക്ടറുമില്ലാത്ത വണ്ടി എന്ന ചിരകാല സ്വപ്‌നം പൂവണിയും. ടാറില്ലാത്ത, ഗിയറില്ലാത്ത വണ്ടി, ക്ലച്ചില്ലാത്ത വണ്ടി, ഹെഡ്‌ലൈറ്റില്ലാത്ത വണ്ടി എന്നീ മനോഹര യാഥാർഥ്യങ്ങളുടെ ജനിതക വിപ്ലവ വിത്തായിരിക്കും, മേൽപടി 'അരശമ്പള അവധി'. അതിൽ ഇനിയും സാധ്യതകളുണ്ട്. പകുതി ശമ്പളവും അഞ്ചു കൊല്ലത്തെ അവധിയും വകുപ്പു മന്ത്രിക്കും അനുവദിക്കുക. 'ആനവണ്ടിക്കൊരു മന്ത്രി' അത്ര അത്യന്താപേക്ഷിതമൊന്നും അല്ലെന്ന് നാട്ടുകാർക്കെങ്കിലും അറിയാം. പണിയൊന്നും ചെയ്യാതെ പകുതി ശമ്പളം കിടച്ചാൽ മന്ത്രിക്കും 'ഹാപ്പി'യാകും. കക്ഷിയുടെ മറ്റു അനാമത്ത് ചെലവുകൾ ഒഴിയുമ്പോൾ തന്നെ, വണ്ടി കോർപറേഷൻ ലാഭമുണ്ടാക്കാൻ തുടങ്ങും. ഒന്നോ രണ്ടോ മന്ത്രിമാർ കുറഞ്ഞതുകൊണ്ടു കേരളത്തിന് ഒരു ദോഷവും ഉണ്ടാകാനില്ല.

****                          ****                               ****

ഇ.പി. ജയരാജൻ യു.ഡി.എഫിന്റെ ഐശ്വര്യം' എന്ന് ഒരു സ്റ്റിക്കർ ഓരോ പ്രതിപക്ഷ ഓഫീസ് വാതിലിനു മുകളിലും പതിപ്പിക്കുന്ന ലക്ഷണമുണ്ട്. സതീശനാശാൻ പറയുന്നതൊക്കെ നടപ്പാക്കുന്നതാണ് നടപ്പുരീതി. ജയരാജൻ വാതുറന്നപ്പോഴൊക്കെ യു.ഡി.എഫിനു നേട്ടമുണ്ടായതാണ് ചരിത്രം. ആ ചരിത്രപരമായ ഞെട്ടലിൽനിന്ന് അവർ പോലും പൂർണമായും മോചനം നേടിയിട്ടുമില്ല. ഇന്ദിരാഭവന്റെ നടയിൽ അത്തരം ഒരെണ്ണം ഒട്ടിച്ചുവെച്ചാൽ പിന്നെ ഇടതുമുന്നണി ഓഫീസുകളിൽ 'സ്റ്റിക്കർ പൂര'മായിരിക്കും. പ്രളയകാലത്ത് സർക്കാർ 'കിറ്റ്' വിതരണം ചെയ്തതിനെതിരെ കോടതിയിൽ കേസ് കൊടുത്ത ചെന്നിത്തല അവരുടെ ഐശ്വര്യമല്ലേ? മഹാരാഷ്ട്രയിൽ ഒരു 'ഏകനാഥ് ഷിൻഡേ ബി.ജെ.പിയുടെ ഐശ്വര്യ'മായി വാതിലിനു മുകളിൽ പതിഞ്ഞു കഴിഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും പല 'ഐശ്വര്യ'ങ്ങളും കാണാനാകും!.
 

Latest News