Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കറുപ്പണിഞ്ഞ് പ്രതിപക്ഷ എംഎൽഎമാർ;  ബഹളം, നിയമസഭ  നിർത്തിവെച്ചു

തിരുവനന്തപുരം- നിയമസഭ സമ്മേളനത്തിൽ പ്രതിപക്ഷ ബഹളത്തോടെ തുടക്കം.  ചോദ്യോത്തര വേള ആരംഭിച്ചപ്പോൾതന്നെ കറുത്ത വേഷം ധരിച്ചെത്തിയ പ്രതിപക്ഷ എംഎൽഎമാർ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തുകയും മുദ്രാവാക്യം വിളി ആരംഭിക്കുകയും ചെയ്തു. എസ്എഫ്‌ഐ പ്രവർത്തകർ രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ ബഹളം. 
രാഹുലിന്റെ ഓഫീസിന് നേർക്കുണ്ടായ ആക്രമണം കാടത്തമെന്നും, എസ്എഫ്‌ഐ ഗുണ്ടായിസത്തിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഷാഫി പറമ്പിൽ, അൻവർ സാദത്ത്, റോജി എം ജോൺ, സനീഷ് കുമാർ, എൽദോസ് കുന്നപ്പിള്ളി തുടങ്ങിയ എംഎൽഎമാരാണ് കറുത്ത വസ്ത്രവും മാസ്‌കും ധരിച്ച് പ്രതിഷേധിച്ചത്. ബാനറുകളും പ്ലക്കാർഡുകളും ചട്ടവിരുദ്ധമാണെന്ന് സ്പീക്കർ വ്യക്തമാക്കി.
ചോദ്യോത്തരവേള കഴിഞ്ഞാൽ വിഷയങ്ങൾ ഉന്നയിക്കാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും ആ നിർദേശം പ്രതിപക്ഷം തള്ളി. സ്പീക്കർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷബഹളം തുടർന്നതോടെ സഭ തൽക്കാലത്തേക്ക് നിർത്തിവെച്ചു. സഭ നിർത്തിവെച്ചിട്ടും പ്രതിപക്ഷ എംഎൽഎമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. മന്ത്രിമാരടക്കം ഭരണപക്ഷവും മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റതോടെ നാടകീയ രംഗങ്ങൾക്കാണ് സഭ സാക്ഷ്യം വഹിച്ചത്. 
അതിനിടെ, രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. ടി സിദ്ദിഖാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയത്. നിയമസഭയിൽ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. നിയമസഭ നടപടികൾ സഭാ ടീവിയിലൂടെ മാത്രമാണ് സംപ്രേഷണം ചെയ്യുന്നത്. പ്രതിപക്ഷ പ്രതിഷേധം സഭ ടിവി സംപ്രേഷണം ചെയ്തില്ല. പ്രതിപക്ഷ പ്രതിഷേധം നടക്കുമ്പോൾ, സ്പീക്കറെയും ഭരണപക്ഷ എംഎൽഎമാരെയുമാണ് കാണിച്ചുകൊണ്ടിരുന്നത്. 
 

Latest News