റിയാദ് - കാൻസർ രോഗികൾക്കും അവരെ അനുഗമിക്കുന്നവർക്കും ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് അനുവദിക്കുന്നതിന് സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. സൗദികൾക്ക് എല്ലാ സെക്ടറുകളിലും വിദേശികൾക്ക് ആഭ്യന്തര സെക്ടറിൽ മാത്രവുമാണ് ആനുകൂല്യം.
സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി സൗദിയ വികലാംഗർക്കും അന്ധർക്കും ബുദ്ധിമാന്ദ്യമുള്ളവർക്കും ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് നൽകുന്നുണ്ട്. ഇതിന്റെ ഗുണം കാൻസർ രോഗികൾക്കുകൂടി ലഭ്യമാക്കുന്നതിനാണ് പുതിയ തീരുമാനം.
അർബുദ രോഗികളായ സൗദികൾക്കും അവരെ അനുഗമിക്കുന്നവർക്കും ഇക്കോണമി ക്ലാസിൽ ആഭ്യന്തര, അന്താരാഷ്ട്ര ടിക്കറ്റുകൾ 50 ശതമാനം നിരക്കിൽ ലഭിക്കും. ഇങ്ങനെ ഇളവോടെ അനുവദിക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ വിദേശികൾക്ക് ആഭ്യന്തര സെക്ടറിൽ മാത്രമാണ് 50 ശതമാനം നിരക്കിൽ ടിക്കറ്റ് ലഭിക്കുക.
വൃക്ക, കരൾ, ശ്വാസകോശ, ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് വിധേയരായ സൗദികൾക്ക് 25 ശതമാനം ഇളവിൽ ടിക്കറ്റ് നൽകും. വർഷത്തിൽ മൂന്നു ടിക്കറ്റ് വീതം രണ്ടു കൊല്ലമാണ് 25 ശതമാനം ഇളവിൽ ടിക്കറ്റ് നൽകുക. യാത്രക്കാരന്റെ ആരോഗ്യസ്ഥിതി ആവശ്യപ്പെടുന്ന പക്ഷം ഒരു വർഷം കൂടി ഇതേപോലെ 25 ശതമാനം ഇളവോടെ ടിക്കറ്റുകൾ നൽകും.
വൃക്ക ദാനം ചെയ്യുന്ന സൗദി പൗരന്മാർക്ക് ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളിൽ 50 ശതമാനം നിരക്കിൽ വർഷത്തിൽ മൂന്നു ടിക്കറ്റ് വീതം നൽകും. ശരീരം തളർന്ന സൗദി പൗരന്മാർക്കും വിദേശികൾക്കും ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളിൽ 50 ശതമാനം നിരക്കിൽ അനുവദിക്കും. ഏതു ക്ലാസുകളിലെ ടിക്കറ്റുകളും ഇവർക്ക് 50 ശതമാനം ഇളവിൽ ലഭിക്കും. അന്ധരായ സൗദി പൗരന്മാർക്കും വിദേശികൾക്കും ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളിൽ 50 ശതമാനം നിരക്കിൽ ടിക്കറ്റ് ലഭിക്കും. അന്ധർക്ക് സൗജന്യ നിരക്കിലുള്ള ടിക്കറ്റുകളുടെ എണ്ണത്തിനും പരിധി നിശ്ചയിച്ചിട്ടില്ല.