എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ; സ്വകാര്യബില്‍ ബാലിശം

കോട്ടയം - പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പള്ളി മലങ്കരസഭ തര്‍ക്കവുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് പറയുന്ന സ്വകാര്യ ബില്ല് ബാലിശവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഓര്‍ത്തഡോക്‌സ് സഭ. രാജ്യത്തിന്റെ നിയമമായ സുപ്രീംകോടതി വിധിയെ അട്ടിമറിക്കാനുള്ള ശ്രമം ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ആരോപിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അറിവോടുകൂടിയാണോ എം.എല്‍.എയുടെ ഭരണഘടനാ വിരുദ്ധമായ ശ്രമമെന്ന് അറിയാന്‍ താല്പര്യമുണ്ട്. രാജ്യത്തെ നിയമങ്ങള്‍ പാലിക്കുവാനും ജുഡീഷ്യറിയുടെ മഹിമ ഉയര്‍ത്തിപ്പിടിക്കുവാനും ഉത്തരവാദിത്തമുള്ള സാമാജികര്‍ ബാലിശമായ വിവാദങ്ങളുയര്‍ത്തി സാമര്‍ഥ്യം പ്രദര്‍ശിപ്പിക്കുവാന്‍ നിയമസഭ വേദിയാക്കുന്നത് അപലപനീയമാണ്. സുപ്രീം കോടതിയുടെ അന്തിമ വിധി മാനിച്ച് ശാശ്വത സമാധാനത്തിന് സര്‍ക്കാര്‍ നടത്തുന്ന നിയമാനുസൃത ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ പെരുമ്പാവൂര്‍ എം.എല്‍.എ നടത്തുന്ന വിചിത്രമായ ഒറ്റയാള്‍ പ്രദര്‍ശനം സത്യപ്രതിജ്ഞാലംഘനമാണ്. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുവാന്‍ ഇദ്ദേഹം നടത്തുന്ന ശ്രമങ്ങളെ ഉത്തരവാദിത്തപ്പെട്ടവര്‍ വിലക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു.

ജൂലൈ ഒന്നിനാണ് എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എക്ക് ബില്ല് അവതരിപ്പിക്കാനുള്ള അനുമതി സ്പീക്കര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, യു.ഡി.എഫ് അനുമതി നല്‍കിയാല്‍ മാത്രമേ എല്‍ദോസ് ബില്ല് അവതരിപ്പിക്കുകയുള്ളൂ. നേരത്തെ യാക്കോബായ സഭയും ബില്ലിനെതിരെ രംഗത്ത് വന്നിരുന്നു. തര്‍ക്കമുള്ള പള്ളികളുടെ ഭരണം അതാത് സ്ഥലങ്ങളില്‍ രൂപീകരിക്കുന്ന പ്രാദേശിക ട്രസ്റ്റുകള്‍ക്ക് കൈമാറണമെന്നായിരുന്നു എല്‍ദോസ് കുന്നപ്പള്ളിയുടെ നിര്‍ദേശം.

 

Latest News