നെടുമ്പാശ്ശേരി- വീട്ടുജോലിയ്ക്കെന്ന പേരില്‍ കുവൈത്തില്‍ എത്തിച്ച് മനുഷ്യക്കടത്ത് സംഘത്തിന്റെ തടവിലായിരുന്ന ഒരു യുവതികൂടി രക്ഷപ്പെട്ട് നാട്ടില്‍ മടങ്ങിയെത്തി. കൊടിയ പീഡനമാണ് കുവൈത്തില്‍ നേരിട്ടതെന്ന് ചെറായി സ്വദേശിനി അജിത പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്നും ഭയം ഉള്ളതിനാല്‍ പരാതി നല്കുന്നില്ലെന്നുമാണ് വീട്ടമ്മ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. മൂന്ന് മാസമായി ശമ്പളം ലഭിച്ചിട്ടില്ല.
നാട്ടിലെത്തിയാല്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് നിര്‍ദേശിച്ചതായും യുവതി വ്യക്തമാക്കി. ഫോണിലെ മുഴുവന്‍ വിവരങ്ങളും നിര്‍ബന്ധിച്ച് ഡിലീറ്റ് ചെയ്യിച്ചുവെന്നും യുവതി പറഞ്ഞു. ഏപ്രിലിലാണ് അജിത കുട്ടികളെ നോക്കാനായി കുവൈത്തിലേക്ക് പോകുന്നത്. മുപ്പതിനായിരം രൂപയാണ് ഏജന്റ് ശമ്പളമായി വാഗ്ദാനം ചെയ്തത്. എന്നാല്‍ കുവൈത്തിലെത്തിയ വീട്ടമ്മക്ക് നേരിടേണ്ടിവന്നത് അതിക്രൂരമായ പീഡനമാണ്. വൈദ്യസഹായംപോലും ലഭ്യമാക്കിയിരുന്നില്ല. മനുഷ്യക്കടത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഭാര്യ തടങ്കലിലാണെന്നും മോചനദ്രവ്യം ആവശ്യപ്പെട്ട് നിരന്തരമായി ഭീഷണിയുണ്ടെന്നും വെളിപ്പെടുത്തി ഭര്‍ത്താവായ ലിനീഷ് രംഗത്ത് വരികയായിരുന്നു.
തന്നെപ്പോലെ നിരവധി സ്ത്രീകള്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിലകപ്പെട്ടിട്ടുണ്ടന്ന് അജിത പറഞ്ഞു. എന്നാല്‍ ഏജന്റിന്റെ പേരോ വിവരങ്ങളോ പുറത്തു പറയാന്‍ ഇവര്‍ തയാറായില്ല. കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളാണ് ജോലിക്കായി വിദേശത്ത് പോകാന്‍ കാരണമെന്നും ഇവര്‍ പറഞ്ഞു.