ഇന്ത്യൻ ഫുട്‌ബോളിൽ ശൂന്യതയാണ് ഇപ്പോൾ. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേലിനെ സുപ്രീം കോടതി നീക്കിയിരിക്കുന്നു. പകരം കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് എന്ന താൽക്കാലിക സംവിധാനമാണ്. ഈ അവസ്ഥ മനസ്സിലാക്കിയാവണം ദേശീയ കോച്ച് ചില കൽപനകൾ പുറപ്പെടുവിച്ചിരിക്കുകയാണ്. പൂർണമായ സ്വാതന്ത്ര്യം നൽകിയില്ലെങ്കിൽ ഇന്ത്യൻ കോച്ചായി അധിക കാലം താൻ ഉണ്ടാവില്ലെന്നാണ് കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ ഭീഷണി.
എന്താണ് കോച്ച് പ്രധാനമായും ആവശ്യപ്പെടുന്ന കാര്യങ്ങൾ. പ്രതിഫലത്തിൽ ഗണ്യമായ വർധനയാണ് അതിൽ പ്രധാനം. ഒപ്പം ഇന്ത്യൻ ഫുട്‌ബോൾ രംഗം അടിമുടി ഉടച്ചുവാർക്കണമെന്നും ക്രൊയേഷ്യക്കാരൻ ആവശ്യപ്പെടുന്നു. ദീർഘമായ സീസൺ, കളിക്കാർക്ക് കൂടുതൽ മത്സരങ്ങൾ, കൂടുതൽ ടീമുകളുള്ള ഐ.എസ്.എൽ, വിദേശ കളിക്കാരെ പൂർണമായും തഴയുന്ന ഐ-ലീഗ് എന്നിവയാണ് അതിനുള്ള മാർഗമായി കോച്ച് ചൂണ്ടിക്കാട്ടുന്നത്. ഇതെല്ലാം നടന്നു കിട്ടില്ലെന്ന് അദ്ദേഹത്തിന് പൂർണമായി അറിയാം. എങ്കിലും ഫുട്‌ബോൾ രംഗം വലിയൊരു മാറ്റം പ്രതീക്ഷിക്കുന്നുവെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.
ഇന്ത്യയുടെ ആഭ്യന്തര ഫുട്‌ബോൾ സീസൺ നവംബർ മധ്യം മുതൽ മാർച്ച് മധ്യം വരെയാണ്. ആ സമയത്താണ് ഏതാണ്ട് ഒരുമിച്ച് ഐ.എസ്.എല്ലും ഐ-ലീഗും പൂർത്തിയാവുക.
താൻ കോച്ചായി ചുമതലയേൽക്കുമ്പോൾ വലിയൊരു മാറ്റം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ അധികമൊന്നും നടന്നില്ലെന്നും സ്റ്റിമാക് തുറന്നു പറയുന്നു. ദേശീയ ടീമിന്റെ അഭിവൃദ്ധിക്കായി എല്ലാവരും കൈകോർക്കുമെന്ന മോഹം പൂവണിഞ്ഞില്ലെന്നതാണ് കോച്ചിന്റെ ഏറ്റവും വലിയ നിരാശ. പല ഗ്രൂപ്പുകളും പല വ്യക്തികളും പല കാര്യങ്ങൾക്കു വേണ്ടിയാണ് പ്രവർത്തിച്ചത്. പലർക്കും തങ്ങൾ എന്താണ് ചെയ്യുന്നതെന്നതിനെക്കുറിച്ച ബോധ്യം പോലുമുണ്ടായിരുന്നില്ല -സ്റ്റിമാക് തുറന്നടിച്ചു.
കോവിഡ് മഹാമാരി കാരണം പല പരിഷ്‌കാരങ്ങളും നീട്ടി വെക്കേണ്ടിവന്നുവെങ്കിലും ഐ.എസ്.എൽ പ്ലേയിംഗ് ഇലവനിൽ നാല് വിദേശ കളിക്കാർ മാത്രമേ പറ്റൂ എന്ന കാര്യം നടപ്പാക്കാൻ ഇത്ര കാലവിളംബമുണ്ടായതിൽ കോച്ചിന് നിരാശയുണ്ട്. മൂന്നു വർഷം കൊണ്ടാണ് അത് നടപ്പായത്. കോച്ചായി സ്ഥാനമേറ്റെടുക്കും മുമ്പ് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനുമായി ഇക്കാര്യങ്ങളിൽ കൂടുതൽ ചർച്ച നടത്തേണ്ടതായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.
ഐ.എസ്.എൽ സീസൺ തീർത്തും ഹ്രസ്വമാണെന്നും മത്സരങ്ങൾ ഒട്ടും കുറവാണെന്നും കോച്ച് പറയുന്നു. മത്സരഘടന മാറ്റാൻ ശ്രമമുണ്ടായെങ്കിലും ഒന്നും പ്രാബല്യത്തിൽ വന്നില്ല. സീസൺ കുറേക്കൂടി ദീർഘമാവണം. കൂടുതൽ മത്സരങ്ങൾ കളിക്കാൻ കളിക്കാർക്കു സാധിക്കണം. എട്ടാഴ്ചയിൽ കൂടുതൽ ഇടവേള കളിക്കാർക്ക് നന്നല്ല. ഐ.പി.എല്ലിന്റെയും സംപ്രേഷണത്തർക്കങ്ങളുടെയും ബന്ദിയാവാൻ പാടില്ല ഫുട്‌ബോൾ സീസൺ. ക്രിക്കറ്റ് ഇന്ത്യയിൽ ജനപ്രിയമാണ് എന്നത് നല്ല കാര്യമാണ്. അതിനർഥം മറ്റൊരു കായിക ഇനം കൂടി ജനപ്രിയമാവാൻ പാടില്ല എന്നല്ല. ക്രിക്കറ്റിന്റെ പേരിൽ ഫുട്‌ബോളോ മറിച്ചോ പ്രയാസപ്പെടാൻ പാടില്ല. ഐ.എസ്.എൽ എത്ര ജനപ്രിയമായാലും അത് ജനം ഏറ്റെടുക്കുന്നതിന് പരിധിയുണ്ട്. ദേശീയ ടീമാണ് ജനങ്ങളിൽ ഫുട്‌ബോൾ വികാരം സൃഷ്ടിക്കുക -സ്റ്റിമാക് പറഞ്ഞു.
വലിയ അഭിപ്രായങ്ങൾ പറയാൻ മാത്രം മികച്ചതൊന്നുമല്ല സ്റ്റിമാക്കിന്റെ കോച്ചിംഗ് കാലമെന്നതാണ് പ്രശ്‌നം. ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ട് വരെ 24 മാത്രമായിരുന്നു ഇന്ത്യൻ ടീമിന്റെ വിജയ ശതമാനം. എന്തുകൊണ്ടാണ് പ്ലേയിംഗ് ഇലവനിൽ സ്ഥിരതയില്ലാത്തതെന്നു ചോദിക്കുമ്പോൾ കളിക്കാർ സ്ഥിരത പുലർത്താതിരിക്കുമ്പോൾ എന്തു ചെയ്യുമെന്നാണ് കോച്ചിന്റെ മറു ചോദ്യം. സെൻട്രൽ മിഡ്ഫീൽഡറായി ഞാൻ കണ്ടു വെച്ച കളിക്കാരനായിരുന്നു റൗളിൻ ബോർഹസ്. അയാൾ ഇപ്പോൾ എവിടെയാണ്? ഒരു വർഷത്തോളമായി അയാളെ കാണാനില്ല. അണ്ടർ-17 ലോകകപ്പ് ടീമിൽനിന്ന് സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടിയ ആദ്യ കളിക്കാരനായിരുന്നു അമർജിത് സിംഗ് കിയാം. കൈക്ക് ക്ഷതമേറ്റ ശേഷം അയാൾ പഴയ ഫോമിലേക്ക് തിരിച്ചുവന്നില്ല.
ഇന്ത്യൻ ഫുട്‌ബോളിന്റെ ഘടന മാറ്റാൻ അടിയന്തരമായി ചെയ്യേണ്ടത് ഐ.എസ്.എല്ലിൽ 18 ടീമുകളെയെങ്കിലും ഉൾപെടുത്തുകയാണെന്ന് കോച്ച് പറയുന്നു. ഒപ്പം തരംതാഴ്ത്തലും സ്ഥാനക്കയറ്റവും വേണം. ഐ-ലീഗ് ടീമിൽ വിദേശ കളിക്കാരേ പാടില്ല. സമ്മർദ്ദമില്ലെങ്കിൽ കളിക്കാർ സുഖലോലുപരാവും. അത് ദേശീയ ടീമിന് ഗുണകരമല്ല. ഓരോ ദിനവും മികച്ച രീതിയിൽ പൊരുതാൻ കഴിയുന്ന കളിക്കാർ ഉണ്ടായാലേ ദേശീയ ടീം മെച്ചപ്പെടൂ. അടുത്ത സീസണിൽ ഓരോ കളിക്കാരനും 40 മത്സരങ്ങളും ലഭിക്കുമെന്നതിൽ സന്തോഷവാനാണ് സ്റ്റിമാക്. ഐ.എസ്.എൽ പ്രി സീസൺ ജൂലൈയിൽ തുടങ്ങും. അതിന് മുമ്പ് ഡ്യൂറന്റ് കപ്പും ഒടുവിൽ സന്തോഷ് ട്രോഫിയും അരങ്ങേറും.
ഐ.എസ്.എൽ കോച്ചുമാർ പ്രധാന സ്ഥാനങ്ങളിൽ യുവ കളിക്കാരെ പരീക്ഷിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്ന് കോച്ച് പറഞ്ഞു. ആകാശ് മിശ്ര, രോഷൻ സിംഗ്, ജീക്‌സൻ സിംഗ്, സുരേഷ് സിംഗ്, അൻവർഅലി എന്നിവർ ശ്രദ്ധ പിടിച്ചുപറ്റിയത് അങ്ങനെയാണ്.
അഖിലേന്ത്യാ ഫെഡറേഷനിൽ അടിയന്തരമായി ഇലക്ഷൻ നടത്തിയില്ലെങ്കിൽ ഫിഫ വിലക്ക് വന്നേക്കാമെന്നും പ്രതീക്ഷാവഹമല്ലെന്നു പറഞ്ഞ് ഫുട്‌ബോളിന് കേന്ദ്ര ഫണ്ട് കുറച്ചത് വലിയ തിരിച്ചടിയാവുമെന്നും കോച്ച് ചൂണ്ടിക്കാട്ടി. അതാണ് അടിയന്തര പ്രതിസന്ധി. സെപ്റ്റംബറിൽ സ്റ്റിമാക്കിന്റെ കരാർ അവസാനിക്കും. അത് ദീർഘിപ്പിക്കാനുള്ള ഒരു ചർച്ചയും ആരംഭിച്ചിട്ടില്ല. ഇന്ത്യൻ ടീമിനെ ഏഷ്യൻ കപ്പിൽ പരിശീലിപ്പിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അതിന് ഒരുപാട് മാറ്റങ്ങൾ അനിവാര്യമാണെന്നും സ്റ്റിമാക് വ്യക്തമാക്കി.