ആകാശവിജയത്തിന്റെ അഞ്ചാണ്ട്

ഒരു സർവകലാശാലയിലെ വിദ്യാർഥികളും അധ്യാപകരും മുന്നിട്ടിറങ്ങി ഒരു ഉപഗ്രഹം നിർമിക്കുക. അത് പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയാൻ ജനങ്ങളെ സഹായിക്കുക. ഈ മഹത്തായ ലക്ഷ്യത്തിൽ നൂറുൽ ഇസ്‌ലാം സർവകലാശാല വിജയിച്ചിട്ട് അഞ്ചാണ്ട് പിന്നിടുന്നു. സർവകലാശാലകളുടെ സാമൂഹിക ദൗത്യത്തിന്റെ നിദർശനമായി എൻ.ഐ.യു സാറ്റ് ഭ്രമണപഥത്തിൽ കറങ്ങുന്നു.

നൂറുൽ ഇസ്‌ലാം യൂനിവേഴ്‌സിറ്റി വിക്ഷേപിച്ച എൻ.ഐ.യു സാറ്റ്  ഭ്രമണപഥത്തിൽ പ്രയാണം തുടങ്ങിയിട്ട് അഞ്ച് വർഷം പിന്നിടുകയാണ്. നൂറുൽ ഇസ്‌ലാം യൂനിവേഴ്‌സിറ്റിയിലെ മികച്ച വിദ്യാർഥികളും 200 ഓളം ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരും നടത്തിയ കഠിനയത്‌നത്തിന്റെ ഫലമായിരുന്നു എൻ.ഐ.യു സാറ്റ് വിക്ഷേപണം. 
പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവും മുൻകൂട്ടി പ്രവചിക്കുന്ന ഉപഗ്രഹമാണിത്. വിജയകരമായ ആ ദൗത്യത്തിന്റെ ഓർമയിലാണ് നൂറുൽ ഇസ്‌ലാം യൂനിവേഴ്‌സിറ്റി മാനേജ്‌മെന്റും വിദ്യാർഥികളും അധ്യാപകരും. ഇന്ത്യയിലെ തന്നെ, വിദ്യാർഥികൾ നിർമിച്ച ആദ്യത്തെ പ്രകൃതി ദുരന്ത മുന്നറിയിപ്പ് ഉപഗ്രഹമാണ് എൻ.ഐ.യു സാറ്റ്. 
മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽകലാമിന്റെ ഉപദേശം പിന്തുടർന്ന് യാഥാർഥ്യമായ എൻ.ഐ.യു സാറ്റ്, ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് ഐ.എസ്.ആർ.ഒയാണ് ഭ്രമണപഥത്തിലെത്തിച്ചത്. മറ്റു വിദേശ നിർമിത ഉപഗ്രഹങ്ങളോടൊപ്പം ഭാരതത്തിന്റെ അഭിമാനമായും മലയാളക്കരയുടെ ഖ്യാതി വാനോളം ഉയർത്തിയും എൻ.ഐ.യു സാറ്റ് 2017 ജൂൺ 23 നു രാവിലെ 9.29 നു വിക്ഷേപണപേടകമായ പി.എസ്.എൽ.വി-സി38 ൽനിന്നു വേർപെട്ട് ഭ്രമണപഥത്തിൽ സ്വതന്ത്ര സഞ്ചാരം ആരംഭിച്ചു. തുടർന്ന് 11.04 ന് നൂറുൽ ഇസ്‌ലാം യൂനിവേഴ്‌സിറ്റിയുടെ ഗ്രൗണ്ട് സ്റ്റേഷനുമായി വാർത്താവിനിമയ ബന്ധം സ്ഥാപിക്കുകയും ചെയ്തു.
31 ഓളം ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി-സി38 എന്ന പേടകം ബഹിരാകാശത്തേക്ക് കുതിച്ചുയർന്നപ്പോൾ കാർട്ടോസാറ്റ് 2 എന്ന ഐ.എസ്.ആർ.ഒ ഷട്ടിലിൽ എൻ.ഐ.യു സാറ്റ് എന്ന ഉപഗ്രഹവും ഭ്രമണപഥത്തിലെത്തി. മിനിയേച്ചർ വൈഡ്ഫീൽഡ് സെൻസർ  സംവിധാനത്തിലൂടെ രൂപപ്പെടുത്തിയതായിരുന്നു എൻ.ഐ.യു സാറ്റ്.
2004 ഡിസംബർ 26 ലെ സുനാമി കടൽക്ഷോഭകാലത്ത് കേരള-തമിഴ്‌നാട് കടൽത്തീരത്തു 1800 ലേറെ പേരാണ് മരിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ കന്യാകുമാരിയിൽ മാത്രം 750 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കൊല്ലത്ത് 67 പേരും മരിക്കുകയുണ്ടായി. സുനാമി ദുരന്തത്തിന്റെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നിർവഹണങ്ങൾക്കു നേതൃത്വം നൽകവെയാണ് ഉപഗ്രഹ നിർമാണത്തെക്കുറിച്ച് നൂറുൽ ഇസ്‌ലാം യൂനിവേഴ്‌സിറ്റി ചാൻസലർ ഡോ. എ.പി. മജീദ്ഖാന്റെ ചിന്തയിൽ ഇങ്ങനെയൊരു ആശയമുദിച്ചത്. സുനാമി ദുരന്തത്തിൽ മരിച്ചവരിൽ മജീദ് ഖാന്റെ ഉടമസ്ഥതയിലുള്ള  കന്യാകുമാരിയിലെ ഉപ്പുപാടങ്ങളിലെ എട്ടു തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിന് നിർധനരായ മത്സ്യത്തൊഴിലാളികളും ഉൾപ്പെട്ടിരുന്നു.
ശാസ്ത്രം വലിയ തോതിൽ വികസിച്ചിട്ടും മഹാദുരന്തങ്ങളെ മുൻകൂട്ടി പ്രവചിക്കാനാവുന്നില്ല എന്നത് മജീദ്ഖാനെ ഏറെ ആകുലപ്പെടുത്തുന്നുണ്ടായിരുന്നു. ദുരന്തം മുൻകൂട്ടി അറിയാൻ കഴിയുമായിരുന്നുവെങ്കിൽ ഈ മരണങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന ചിന്തയാണ് ഉപഗ്രഹനിർമാണ ദൗത്യവുമായി മുന്നിട്ടിറങ്ങാൻ അദ്ദേഹത്തിന് പ്രചോദനമായത്. 
14 കിലോ ഭാരമുള്ള നാനോ സാറ്റലൈറ്റായ എൻ.ഐ.യു സാറ്റ്  ഭ്രമണപഥത്തിലെത്തിയത് വഴി ഭൂഗർഭ ജല ലഭ്യത കണ്ടെത്താനും കടലിൽ മത്സ്യമേഖലയെ നിരീക്ഷിക്കാനും പ്രകൃതി ദുരന്തങ്ങളെയും  ഭൂകമ്പങ്ങളെയും മുൻകൂട്ടി അറിയാനും സാധിക്കും. ജിയോ സ്പെക്ടറൽ സെൻസർ, സ്‌പേസ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ ഡിവൈസ്, മൾട്ടി കളേർഡ് സോളാർ ക്യാമറ, റിയൽ ടൈം മൾട്ടി സ്പെക്ടറൽ സ്വാപ് ക്യാമറ തുടങ്ങിയ ഉപകരണങ്ങളാണ് എൻ.ഐ.യു സാറ്റിലുള്ളത്.
ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങൾ സ്വീകരിക്കാൻ നൂറുൽ ഇസ്‌ലാം യൂനിവേഴ്‌സിറ്റി കാമ്പസിൽ സ്വന്തമായി മാസ്റ്റർ കൺട്രോൾ പാനലുകളോടെയുള്ള ഗ്രൗണ്ട് സ്റ്റേഷനും നിർമിച്ചിരുന്നു. ഐ.എസ്.ആർ.ഒയുടെ സ്റ്റുഡന്റ്‌സ് സാറ്റലൈറ്റ് പദ്ധതിയുടെ ഭാഗമായി യൂനിവേഴ്‌സിറ്റിയിലെ വിവിധ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് എൻ.ഐ.യു സാറ്റ് നിർമിച്ചത്. വി.എസ്.എസ്.സിയുടെയും അഹമ്മദാബാദിലെ സ്‌പെയ്‌സ് ആപ്ലിക്കേഷൻ സെന്ററിന്റെയും വലിയമല എൽ.പി.എസ്.സിയുടെയും സാങ്കേതിക സഹായവും ലഭിച്ചിരുന്നു. ഐ.എസ്.ആർ.ഒയിലെ സാറ്റലൈറ്റ് എക്‌സ്‌പെരിമെന്റ് വിഭാഗം പ്രൊജക്ട് ഡയറക്ടറായിരുന്ന ഡോ. കൃഷ്ണസ്വാമിയും പ്രൊപ്പൽഷൻ ടെക്നോളജി ഇൻ ഇന്ത്യൻ സ്‌പെയ്‌സ് പ്രോഗ്രാമിന്റെ പിതാവെന്നറിയപ്പെടുന്ന ഡോ. മുത്തുനായകവുമായിരുന്നു ഉപഗ്രഹ നിർമാണത്തിന് നേതൃത്വം നൽകിയത്.
നെയ്യാറ്റിൻകര സ്വദേശിയായ ഒരു മലയാളി തുടങ്ങിവെച്ച ആശയങ്ങളും സ്വപ്നങ്ങളും ഇന്ന് ആരവങ്ങളും ആഘോഷങ്ങളും ഇല്ലാതെ വാനോളം എത്തിപ്പെട്ടതിന്റെ സന്തോഷം അഞ്ചാം വർഷത്തിൽ നൂറുൽ ഇസ്‌ലാം യൂനിവേഴ്‌സിറ്റി നിറമനസ്സോടെ പങ്കുവെക്കുന്നു. കന്യാകുമാരി ജില്ലയിലെ തക്കല കേന്ദ്രമായുള്ള ഈ സർവകലാശാലയുടെ ഇപ്പോഴത്തെ പേര് നൂറുൽ ഇസ്‌ലാം സെന്റർ ഫോർ ഹയർ എജുക്കേഷൻ എന്നാണ്. സർവകലാശാലകളുടെ പ്രവർത്തനം സമൂഹനന്മക്കാവണം എന്ന കാഴ്ചപ്പാടിന്റെ പ്രതിഫലനം കൂടിയാണ് ഈ മഹാനേട്ടം.

Latest News