വാര്‍ത്താസമ്മേളനത്തില്‍ അപ്രിയ ചോദ്യം: ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്

കല്‍പറ്റ- എം.പി ഓഫീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എം.പി ഓഫീസില്‍  ചുമരില്‍ ഉറപ്പിച്ച  ഗാന്ധി ചിത്രം നിലത്തുവീണതു സംബന്ധിച്ചു ദേശാഭിമാനി ലേഖകന്‍ ഉന്നയിച്ച ചോദ്യമാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. എം.പി ഓഫീസില്‍ അതിക്രമം നടന്നതിനു തൊട്ടുപിന്നാലെ മാധ്യമങ്ങളില്‍ വന്ന ചിത്രത്തില്‍ ഗാന്ധിജിയുടെ പടം ചുമരില്‍ത്തന്നെ കാണാമായിരുന്നു. പിന്നീടാണ് ഗാന്ധിജിയുടെ ചിത്രം നിലത്തുവീണ അവസ്ഥയിലുള്ള പടങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇതുമായി ബന്ധപ്പെടുത്തി ദേശാഭിമാനി ലേഖകന്‍ ചോദ്യം ഉന്നയിച്ചതിനു പിന്നാലെ പ്രതിപക്ഷ നേതാവ് ക്ഷുഭിതനാകുകയായിരുന്നു. വൈകാരികമായ ഒരു പ്രശ്‌നത്തില്‍ ഇത്തരത്തില്‍ ചോദിച്ചിട്ടും  ഇറക്കിവിടാത്തത് മര്യാദ ഉള്ളതുകൊണ്ടാണെന്നു സതീശന്‍ പറഞ്ഞു. 'മര്യാദയ്ക്കു ഇരുന്നോണം, പുറത്തിറക്കാന്‍ നിര്‍ബന്ധിക്കരുത്' എന്ന താക്കീതും പ്രതിപക്ഷ നേതാവ് നല്‍കി. വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളും മാധ്യമപ്രവര്‍ത്തരില്‍ ചിലരുമായും വാക്കേറ്റം ഉണ്ടായി. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. അതിക്രമം നടന്ന എം.പി ഓഫീസ് സന്ദര്‍ശിച്ചശേഷമാണ് പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തിനു  എത്തിയത്.

 

Latest News