ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങൾ ബ്ലൂചിപ്പ് ഓഹരികൾ സ്വന്തമാക്കാൻ മത്സരിച്ചത് ഓഹരി ഇൻഡക്‌സുകളിൽ മുന്നേറ്റമുളവാക്കി. ബോംബെ സെൻസെക്‌സ് രണ്ട് ശതമാനം നേട്ടം കൈവരിച്ചുകൊണ്ട് 658 പോയന്റ് വർധിച്ചു. നിഫ്റ്റി സൂചിക 218 പോയന്റിന്റെ തിളക്കമാർന്ന നേട്ടവുമായി 10,331 ലേയ്ക്ക് ഉയർന്നു. സൂചികയ്ക്ക് 10,332 ൽ തടസ്സം നേരിടുമെന്ന കാര്യം മുൻവാരം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ഇക്കുറി കാലവർഷം അനുകൂലമായിരിക്കുമെന്ന വിലയിരുത്തലുകൾ കാർഷികോൽപാദനം ഉയർത്തിയാൽ ഓഹരി വിപണിക്ക് നേട്ടമാകും. ഒപ്പം നാണയപ്പെരുപ്പം കുറയുമെന്നത് സാമ്പത്തിക മേഖലക്ക് ഉണർവ് പകരും.
മുൻനിര ഓഹരിയായ ടാറ്റാ മോട്ടോഴ്‌സിന്റെ നിരക്ക് പതിനൊന്ന് ശതമാനം ഉയർന്ന് 363 രൂപയായി. ഹീറോ മോട്ടോർ കോർപ്പ് ആറ് ശതമാനം നേട്ടവുമായി 3782 രൂപയായി. അതേ സമയം എയർ ടെൽ ഓഹരി വില മുന്നര ശതമാനം കുറഞ്ഞ് 385 രൂപയായി. കോൾ ഇന്ത്യ 275 രൂപയായും ഒ എൻ ജി സി 176 രൂപയായും ആക്‌സിസ് ബാങ്ക് 500 രൂപയിലും ഇൻഫോസീസ് ടെക്‌നോളജി 1129 രൂപയിലും ക്ലോസിങ് നടന്നു.
നിഫ്റ്റി താഴ്ന്ന നിലവാരമായ 10,119 ൽ നിന്ന് വൻ പ്രതിരോധങ്ങൾ തകർത്ത് 10,347 വരെ കയറിയെങ്കിലും വാരാന്ത്യം സൂചിക 10,331 ലാണ്. ഈ വാരം 10,412 ലെ ആദ്യ പ്രതിരോധം മറികടക്കാനായാൽ ലക്ഷ്യം 10,493-10,640 ലേക്ക് തിരിയും. അതേ സമയം വിപണിക്ക് തിരിച്ചടി നേരിട്ടാൽ ആദ്യ താങ്ങ് 10,184 പോയന്റിൽ പ്രതീക്ഷിക്കാം. ഇത് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ സൂചിക 10,037 വരെ സാങ്കേതിക പരീക്ഷണങ്ങൾ നടത്താം. വിപണിയുടെ മറ്റ് സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ ഡെയ്‌ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ് സെല്ലിങ് മൂഡിലാണെങ്കിലും 10,366 ലെ പ്രതിരോധം തകർത്താൽ സിഗ്‌നൽ ബുള്ളിഷ് ട്രന്റിലേയ്ക്ക് തിരിയും.
ബോംബെ സെൻസെക്‌സ് 32,990 ൽ നിന്നുള്ള കുതിച്ചു ചാട്ടത്തിൽ 33,697 വരെ കയറി. മുൻവാരം സൂചിപ്പിച്ച രണ്ടാം പ്രതിരോധമായ 33,705 പോയന്റിലെ തടസ്സം വിപണിക്ക് മറികടക്കാനായില്ല. വ്യാപാരാന്ത്യം സെൻസെക്‌സ് 33,627 ലാണ്. ഈ വാരം 33,179 ലെ സപ്പോർട്ട് നിലനിർത്തിക്കൊണ്ട് 33,886-34,145 ലേക്ക് ഉയരാനാവും ആദ്യഘട്ട ശ്രമം. ഈ നീക്കം വിജയിച്ചാൽ അടുത്ത ചുവടുവെപ്പിൽ 34,593 പോയന്റിലേക്ക് സെൻസെക്‌സ് മാസത്തിന്റെ രണ്ടാം പകുതിയിൽ സഞ്ചരിക്കാം. അതേ സമയം ആദ്യ താങ്ങ് നിലനിർത്താനായില്ലെങ്കിൽ സൂചിക 32,731 വരെ താഴാം.
വിദേശ ഫണ്ടുകൾ 1365.95 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര ഫണ്ടുകൾ 2660.52 കോടി രൂപയുടെ നിക്ഷേപത്തിന് കഴിഞ്ഞ വാരം ഉത്സാഹിച്ചു. ഇതിനിടയിൽ ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം മെച്ചപ്പെട്ടു. 65.18 ൽ വ്യാപാരം ആരംഭിച്ച രൂപ വെള്ളിയാഴ്ച 64.97 ലേക്ക് ശക്തിപ്രാപിച്ചു.
ഹോങ്‌ങ്കോങിൽ ഹാൻസെങ് സൂചിക വാരാന്ത്യം മികവ് കാണിച്ചപ്പോൾ ജപ്പാൻ, ചൈന, കൊറിയൻ മാർക്കറ്റുകൾ തളർച്ചയിലായിരുന്നു. യൂറോപ്യൻ ഓഹരി ഇൻഡക്‌സുകൾ എല്ലാം നഷ്ടത്തിലാണ്. അമേരിക്കയിൽ ഡൗ ജോൺസ്, നാസ്ഡാക്, എസ് ആന്റ പി ഇൻഡക്‌സുകളും വാരാവസാനം വിൽപനക്കാരുടെ നിയന്ത്രണത്തിലായിരുന്നു.
ചൈന - യു എസ് വ്യാപാരത്തിലെ ആശങ്കകൾ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ സമ്മർദ്ദം ഉളവാക്കി. ന്യൂയോർക്കിൽ എണ്ണ വില ബാരലിന് 61.95 ലേയ്ക്ക് താഴ്ന്നു. സ്വർണം ട്രോയ് ഔൺസിന് 1334 ഡോളറിലാണ്.