മഹാരാഷ്ട്രയിലെ അട്ടിമറി നാടകം

രാഷ്ട്രീയ അട്ടിമറികളുടെ ആശാനാണ് അമിത് ഷാ. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കുന്ന സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ബി.ജെ.പി രൂപം കൊടുത്ത ഓപറേഷൻ താമര ഒടുവിൽ മഹാരാഷ്ട്രയിലും വിജയത്തിലേക്ക് നീങ്ങുകയാണ്്. 
ഇന്ത്യൻ രാഷ്ട്രീയത്തിലെ കരുത്തനായ ശരത് പവാറിനെ പോലും തറപറ്റിച്ചുകൊണ്ട് മോഡിയും അമിത് ഷായും ചേർന്ന് നടത്തുന്ന രാഷ്ട്രീയ നാടകത്തിന്റെ കെണിയിൽ മഹാരാഷ്ട്രയിൽ ഭരണത്തിന് നേതൃത്വം നൽകുന്ന ശിവസേനയിലെ ഒരു വിഭാഗം മന്ത്രിമാരും എം.എൽ.എമാരും വീണുപോകുമ്പോൾ ജനാധിപത്യത്തിന്റെ പ്രസക്തിക്ക് നേരെ വീണ്ടും ചോദ്യമുയരുകയാണ്. പക്ഷേ ഇത് രാഷ്ട്രീയമാണ്. 
സ്ഥായിയായ ശത്രുവും സ്ഥായിയായ മിത്രവും ഇവിടെ ഇല്ല. ആദർശങ്ങൾക്കല്ല, മറിച്ച് അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾക്ക് മാത്രമാണ് ഇവിടെ വിലയുള്ളത്. ഏത് നിമിഷവും അട്ടിമറിക്കാൻ തക്ക രീതിയിലേക്ക് ഇന്ത്യൻ ജനാധിപത്യത്തെ ബി.ജെ.പിയും മറ്റു പരിവാർ സംഘടനകളും ചേർന്ന് മാറ്റിയെടുത്തതിന്റെ അനുഭവങ്ങൾ പല സംസ്ഥാനങ്ങളിലും ഇതിന് മുൻപും കണ്ടതാണ്. അതിന്റെ ഒരു ആവർത്തനം മാത്രമാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ നടക്കുന്നത്. 2019 ൽ നടന്ന  നാടകത്തിന്റെ തനിയാവർത്തനം.
ശിവസേനയും എൻ.സി.പിയും കോൺഗ്രസും ഉൾപ്പെട്ട ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ ശിവസേനക്കുള്ളിൽ നിന്ന് തന്നെയാണ് ആരംഭിച്ചത്. ഇത് സമർത്ഥമായി മുതലെടുക്കുന്നതാകട്ടെ ബി.ജെ.പിയും. 
ശിവസേന നേതാവായ മന്ത്രി ഏക്‌നാഥ് ഷിൻഡേയുടെ നേതൃത്വത്തിൽ മൂന്ന് മന്ത്രിമാരടക്കമുള്ള 22 നിയമസഭാംഗങ്ങൾ കലാപമുയർത്തി രംഗത്തെത്തുകയായിരുന്നു. മഹാരാഷ്ട്ര വിട്ട് ഗുജറാത്തിലെ ഹോട്ടലിൽ രഹസ്യമായി തമ്പടിച്ചിരിക്കുന്ന ഇവർ ബി.ജെ.പി ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തി വരികയാണ്. വിമത എം.എൽ.എമാരെ ചാക്കിട്ട് പിടിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി നേതൃത്വം. 
ബി.ജെ.പിയുമായി നിരന്തരമായി നടന്ന രഹസ്യ ചർച്ചകൾക്കൊടുവിലാണ് ഏക്‌നാഥ് ഷിൻഡേ തന്നെ അനുകൂലിക്കുന്ന എം.എൽ.എമാരുമായി സ്ഥലം വിട്ടത്. ഇവരിൽ കുറച്ച് പേരെയെങ്കിലും തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ശിവസേന നേതൃത്വം നടത്തിയെങ്കിലും അതെല്ലാം പരാജയത്തിലേക്കാണ് നീങ്ങിയത്.
ഉദ്ധവ് താക്കറേയുടെ വിശ്വസ്തനും സർക്കാരിലും പാർട്ടിയിലും ഏറെ സ്വാധീനവുമുള്ള വ്യക്തിയാണ് ഏക്‌നാഥ് ഷിൻഡേ. ഉദ്ധവിന്റെ മകൻ ആദിത്യ താക്കറെ മന്ത്രിസഭയിലെത്തിയതോടെ താൻ അവഗണിക്കപ്പെടുന്നുവെന്ന തോന്നലാണ് ഏക്‌നാഥ് ഷിൻഡേയെ പ്രകോപിപ്പിച്ചത്. 
മുട്ടനാടുകൾ തമ്മിലുള്ള യുദ്ധത്തിൽ ചോര കുടിക്കാൻ കാത്തു നിൽക്കുന്ന ബി.ജെ.പി നേതൃത്വം വളരെ സൂക്ഷ്മതയോടെയാണ് കാര്യങ്ങൾ നീക്കുന്നത്. 2019 ൽ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ അവർ നടത്തിയ ശ്രമം പരാജയപ്പെട്ടു പോയതിന്റെ അനുഭവം ബി.ജെ.പിക്ക് മുന്നിലുണ്ട്. 
അതുകൊണ്ട് ഇത്തവണ ചുവടുകൾ പിഴയ്ക്കാതിരിക്കാൻ മോഡി - അമിത് ഷാ കൂട്ടുകെട്ട് എല്ലാ മുൻകരുതലുകളും എടുക്കുന്നുണ്ട്. സർക്കാർ ഉടൻ രാജിവെക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം കാര്യങ്ങൾ മുന്നോട്ട് നീക്കുന്നത്. സാധ്യമായ സംസ്ഥാനങ്ങളിലെല്ലാം ജനാധിപത്യ സർക്കാരുകളെ അട്ടിമറിക്കുകയെന്നത് ബി.ജെ.പിയുടെ പ്രധാന രാഷ്ട്രീയ നയമാണ്. ചില സംസ്ഥാനങ്ങളിൽ അത് വളരെയെളുപ്പം വിജയിപ്പിച്ചെടുക്കാനായി. അതിന് കഴിയാത്തിടങ്ങളിൽ നിരന്തരമായ ശ്രമങ്ങൾ നടത്തിവരികയായിരുന്നു. ഒടുവിൽ മഹാരാഷ്ട്രയിലും അത് വിജയത്തിലേക്ക് നീങ്ങുകയാണെന്ന് വേണം കരുതാൻ.
ഭരണപക്ഷ എം.എൽ.എമാരെ ചാക്കിട്ട് പിടിച്ച് കേവലം ഒരു സർക്കാരിനെ പുറത്താക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ബി.ജെ.പിയുടെ മഹാരാഷ്ട്രയിലെ നീക്കങ്ങൾ. കുറച്ച് വിശാലമായ രാഷ്ട്രീയ താൽപര്യങ്ങൾ കൂടി ഇതിന് പിന്നിലുണ്ട്. 
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലാകെ ബി.ജെ.പി കാതലായ മാറ്റങ്ങൾ വരുത്തുകയും മുതലാളിത്തത്തെ വലിയ തോതിൽ പിന്തുണക്കുകയെന്ന നയം സ്വീകരിക്കുകയും ചെയ്യുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയിൽ രാഷ്ട്രീയമായും ഭരണപരമായും ആധിപത്യം പുലർത്തേണ്ടത് കേന്ദ്ര സർക്കാരിനെയും ബി.ജെ.പിയെയും സംബന്ധിച്ചിടത്തോളം ഏറ്റവും അനിവാര്യമായ കാര്യമാണ്. രാജ്യത്തെ മുതലാളിത്ത സംവിധാനങ്ങളും ഈ ആവശ്യത്തെ നിർലോഭമായി പിന്തുണക്കാൻ തയാറാകും. 
ഉടൻ നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പാണ് മറ്റൊരു പ്രധാന അജണ്ട. ഒറ്റക്ക് രാഷ്ട്രപതി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനുള്ള പൂർണമായ വോട്ട് മൂല്യം ദേശീയ ജനാധിപത്യ സഖ്യത്തിനില്ല. 
പ്രതിപക്ഷമാണെങ്കിൽ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ബി.ജെ.പിയുടെ മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയെ അവരുടെ സ്ഥാനാർത്ഥിയായി രംഗത്തിറക്കിയിട്ടുണ്ട്. ദേശീയ ജനാധിപത്യ സഖ്യത്തിന് പുറത്തുള്ള ചില കക്ഷികൾ  ബി.ജെ.പി സഖ്യത്തെ പിന്തുണയ്ക്കാൻ സാധ്യതയുള്ളതിനാൽ അത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വലിയ ഭീഷണി ഉയർത്തുന്നില്ലെങ്കിലും രാഷ്ട്രപതി സ്ഥാനാർത്ഥിയുടെ പേരിൽ പ്രതിപക്ഷത്തിന്റെ ഐക്യപ്പെടൽ വലിയ രാഷ്ട്രീയ വെല്ലുവിളിയായി തന്നെ ബി.ജെ.പി നേതൃത്വം കാണുന്നുണ്ട്. 
ഇന്ത്യൻ രാഷ്ട്രീയത്തിൽ കരുത്തനായ എൻ.സി.പി നേതാവ് ശരത് പവാറാണ് മഹാരാഷ്ട്രയിലെ ഭരണ മുന്നണിയായ മഹാവികാസ് അഘാഡി സഖ്യത്തിന്റെ ശിൽപി. അദ്ദേഹം തന്നെയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന് വേണ്ടി പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ചതും പ്രതിപക്ഷ നിരയിലെ എല്ലാവർക്കും സ്വീകാര്യനായ രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതും. മഹാവികാസ് അഘാഡി സർക്കാർ തകരുന്നതോടെ അതിന്റെ ഏറ്റവും വലിയ ആഘാതം അനുഭവിക്കേണ്ടി വരിക ശരത് പവാറായിരിക്കും. രാജ്യത്തെ പ്രതിപക്ഷ നിരയിൽ അദ്ദേഹത്തിന് ഇപ്പോഴുള്ള അപ്രമാദിത്തം പോലും ചോദ്യം ചെയ്യുന്ന സ്ഥിതി വിശേഷം സംജാതമായേക്കാം. ഇത് തന്നെയാണ് ബി.ജെ.പി നേതൃത്വം ആഗ്രഹിക്കുന്നതും.
2024 ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തെ തകർക്കുകയെന്നതാണ് ബി.ജെ.പിയുടെ പ്രധാന അജണ്ടകളിലൊന്ന്. പ്രതിപക്ഷ കക്ഷികൾ വിഘടിച്ചു നിന്നാൽ മാത്രമേ അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യത നിലനിൽക്കുകയുള്ളൂവെന്ന് ബി.ജെ.പി നേതൃത്വത്തിന് വ്യക്തമായി അറിയാം. 
അതുകൊണ്ട് വിവിധ പ്രാദേശിക രാഷ്ട്രീയ കക്ഷികൾക്കിടയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബി.ജെ.പി നേതൃത്വത്തിന് കൃത്യമായ ബോധ്യമുണ്ട്.  മഹാരാഷ്ട്രയിൽ സർക്കാർ നിലംപതിക്കുകയാണെങ്കിൽ അത് പ്രതിപക്ഷത്തിന്റെ പോരാട്ട വീര്യം കുറയ്ക്കുന്നതിന് സഹായകമാകുമെന്ന് അവർ കണക്കുകൂട്ടുന്നുണ്ട്. 
ഏച്ചുകൂട്ടിയാൽ മുഴച്ചിരിക്കുമെന്ന അവസ്ഥയിലായിരുന്നു മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സർക്കാർ. ഇതിന്റെ രൂപീകരണം മുതൽ തന്നെ സഖ്യത്തിൽ ഉൾപ്പെട്ട ശിവസേനയും എൻ.സി.പിയും കോൺഗ്രസും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. 
എന്നാൽ എൻ.സി.പി നേതാവ് ശരത് പവാറിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായാണ് ഈ സഖ്യം ഇതുവരെ പോറലേൽക്കാതെ നിലനിന്നത്. ഹിന്ദുത്വത്തെ മറ്റൊരു രീതിയിൽ നടപ്പാക്കുന്ന ശിവസേനക്ക് സംഘപരിവാറിന്റെ  പല നിലപാടുകളോടും യോജിപ്പുണ്ട്. അതുകൊണ്ട് തന്നെ  ശിവസേനക്ക് യഥാർത്ഥത്തിൽ ബി.ജെ.പി മുന്നണിയോട് ചേരുന്നതിന് വലിയ തടസ്സമൊന്നുമുണ്ടായിരുന്നില്ല. ശിവസേനയുമായി കാൽ നൂറ്റാണ്ടോളമുണ്ടായിരുന്ന കൂട്ടുകെട്ട് തുടരുന്നതിൽ ബി.ജെ.പിക്കും താൽപര്യമാണുണ്ടായിരുന്നത്. എന്നാൽ ചില അധികാര തർക്കങ്ങളെ തുടർന്നാണ് അത്തരത്തിലൊരു സഖ്യം നടക്കാതെ പോയത്. 
ശിവസേനയുടെ പല നിലപാടുകളോടും യോജിപ്പുണ്ടായിരുന്നില്ലെങ്കിലും അവരെ കൂട്ടി സർക്കാരുണ്ടാക്കാനുള്ള അവസരം എൻ.സി.പിയും കോൺഗ്രസും ഫലപ്രദമായി മുതലെടുത്തതുകൊണ്ടാണ് മഹാവികാസ് അഘാഡി സർക്കാർ രൂപപ്പെട്ടത്. 
ശിവസേന കൂട്ടുകൂടേണ്ടത് ബി.ജെ.പിയോടാണെന്ന് അഭിപ്രായമുള്ള ജനപ്രതിനിധികളും പ്രാദേശിക നേതാക്കളും പ്രവർത്തകരുമെല്ലാം ശിവസേനക്കകത്ത് ഇപ്പോൾ ധാരാളമായുണ്ട്. 
അതുകൊണ്ട് തന്നെയാണ് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്ക്  പിന്നണിയിലിരുന്ന് ചരട് വലിക്കാൻ ബി.ജെ.പി നേതൃത്വത്തിന് എളുപ്പത്തിൽ കഴിയുന്നത്.
 

Latest News