കൊല്ലം- കരുനാഗപ്പള്ളിയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തൊടിയൂര്‍ കല്ലേലിഭാഗം സാബു മന്ദിരത്തില്‍ സാബു (52), ഭാര്യ ഷീജ(45) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
രാവിലെ ഒന്‍പതോടെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ ദമ്പതികളെ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ വൈദ്യുതി കേബിള്‍ ചുറ്റിയ നിലയിലായിരുന്നു. ഇരു കൈകളിലെയും വിരലുകള്‍ വൈദ്യുതാഘാതമേറ്റ് കരിഞ്ഞിട്ടുണ്ട്. ഷീജ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും സാബു വീടിന് സമീപത്ത് വ്യാപാര സ്ഥാപനം നടത്തി വരികയുമായിരുന്നു.
സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സാമ്പത്തിക പ്രതിസന്ധി മൂലം വീട് വിറ്റ ശേഷം ബന്ധുവീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. പോലീസും ഫോറന്‍സിക് വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. മകന്‍: അഭിനവ്.