Sorry, you need to enable JavaScript to visit this website.

സമ്മതത്തോടെയുള്ള ബന്ധം പീഡനമായി   മാറ്റുന്നതിനെതിരെ ജാഗ്രത വേണം- ഹൈക്കോടതി

കൊച്ചി- പുതുമുഖനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 17 വരെയുള്ള സന്ദേശങ്ങളില്‍ ഇരുവരും തമ്മില്‍ അടുത്തബന്ധമുണ്ടെന്ന് വ്യക്തമാകുന്നു എന്നതടക്കം വിലയിരുത്തിയാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. തെളിവുകളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തില്‍ കോടതി കണക്കിലെടുത്ത കാര്യങ്ങള്‍ ഇവയാണ്.
വിജയ്ബാബു വിവാഹിതനാണെന്നും കുട്ടിയുടെ കാര്യം കണക്കിലെടുത്ത് അതില്‍ നിന്ന് മാറാന്‍ ഇടയില്ലെന്നും നടിക്കറിയാമായിരുന്നു. മാര്‍ച്ച് 18  മുതല്‍ ഏപ്രില്‍14  വരെ നടി ഏതെങ്കിലും വിധത്തില്‍ തടവിലായിരുന്നില്ല. വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം വഴി ഇരുവരും സന്ദേശങ്ങള്‍ കൈമാറിയിരുന്നു. വിജയ് ബാബു മാര്‍ച്ച് 16 മുതല്‍ 30 വരെയുള്ള ഫോണിലെ സംഭാഷണങ്ങള്‍ മായിച്ചുകളഞ്ഞപ്പോള്‍ നടി എല്ലാ സന്ദേശങ്ങളും മായിച്ചുകളയുകയാണ് ചെയ്തത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍17 വരെ മൊബൈലില്‍ നടത്തിയ ആശയവിനിമയങ്ങളിലൊന്നും ലൈംഗികാതിക്രമത്തെ കുറിച്ച് പറയുന്നില്ല. ഇതിനോടകം വിജയ്ബാബുവിനെ 38 മണിക്കൂര്‍ ചോദ്യം ചെയ്തു. ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു.
ഹര്‍ജിക്കാരന്റെ സിനിമയില്‍ താനല്ല നായിക എന്ന് നടി അറിയുന്നത് ഏപ്രില്‍ 15നാണ്. 17ന് നടി വിജയ് ബാബുവിനോട് പൊട്ടിത്തെറിച്ചിരുന്നു. പാസ്‌പോര്‍ട്ട് തടഞ്ഞുവച്ചിരിക്കുന്നതിനാല്‍  വിജയ് ബാബു രാജ്യം വിടാന്‍ സാധ്യതയില്ലെന്നും കൂടാതെ വിജയ് ബാബുവിന്റെ ഭാര്യ 2018ല്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതി, മോശമായ പെരുമാറ്റം എന്നിവ ആരോപിച്ച് നല്‍കിയ പരാതി ആഴ്ചകള്‍ക്ക് ശേഷം പിന്‍വലിക്കുകയും ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ തെളിവുകളുടെ സൂക്ഷ്മ പരിശോധന നടത്തേണ്ട ആവശ്യമില്ലെങ്കിലും സമ്മതപ്രകാരമുള്ള ബന്ധത്തെ പീഡനമായി മാറ്റുന്നതിനെതിരെ ജാഗ്രതവേണമെന്നും ഹൈക്കോടതി വിലയിരുത്തി.അതേസമയം, വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് നടിയുടെ അഭിഭാഷകന്‍ അറിയിച്ചു. 
 

Latest News