Sorry, you need to enable JavaScript to visit this website.

ലണ്ടനില്‍ പോളിയോ വൈറസ്,   സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന

ലണ്ടന്‍- ലണ്ടനിലെ മലിനജലത്തില്‍ നിന്ന് പോളിയോ വൈറസ് സാമ്പിളുകള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന. വാക്‌സിനുകളില്‍ നിന്ന് ഉണ്ടായതെന്ന് സംശയിക്കുന്ന ഒരുതരം പോളിയോ വൈറസാണ് മലിനജലത്തില്‍ നിന്ന് വേര്‍തിരിച്ചത്. ലണ്ടനില്‍ നിന്നും ടൈപ്പ് 2 വാക്‌സിന്‍ ഡിറൈവ്ഡ്  പോളിയോ വൈറസ്  കണ്ടെത്തിയെന്ന് പ്രസ്താവനയിലൂടെയാണ് ലോകാരോഗ്യസംഘടന അറിയിച്ചത്. എങ്കിലും ആര്‍ക്കും തന്നെ രോഗം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ വൈറസ് മനുഷ്യശരീരത്തിലേക്ക് കടന്നിട്ടില്ലെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും വിശദമായ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ കടുത്ത ജാഗ്രത തുടരാനാണ് നിര്‍ദേശം.
അഞ്ച് വയസില്‍ താഴെയുളള കുട്ടികളെ മാരകമായി ബാധിക്കുന്ന പോളിയോ രോഗത്തെ ദശാബ്ദങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തുടച്ചുനീക്കിയത്. 125 രാജ്യങ്ങളില്‍ പോളിയോ വ്യാപിക്കുകയും ലോകമെമ്പാടും 350,000 പോളിയോ കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ വാക്‌സിനേഷന് ശേഷം 1988 മുതലിങ്ങോട്ട് പോളിയോ വൈറസിനെ 99 ശതമാനം പ്രതിരോധിക്കാന്‍ സാധിച്ചിരുന്നു.
പോളിയോ വൈറസിന്റെ ചെറിയ ചില വകഭേദങ്ങള്‍ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മാത്രമായിരുന്നു 1988ന് ശേഷം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അവയും അത്ര ഗുരുതരമായിരുന്നില്ല. ഓറല്‍ പോളിയോ വാക്‌സിനേഷന് ശേഷം കുഞ്ഞിന്റെ മലവിസര്‍ജനങ്ങള്‍ കലര്‍ന്ന മലിനജലം വഴി വൈറസ് മറ്റുള്ളവരിലേക്ക് പകരുമോ എന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്.
 

Latest News