പേള്‍ ഖത്തറില്‍ ആറു വര്‍ഷത്തിനകം എത്തിയത് 90 മില്യന്‍ വാഹനങ്ങള്‍

ദോഹ- ഖത്തറിലെ ആഡംബര ജീവിത കേന്ദ്രമായ പേള്‍ ഖത്തറില്‍ 2016 മുതല്‍ ആറു വര്‍ഷത്തിനിടയില്‍ പ്രവേശിച്ചത് 90 മില്യന്‍ വാഹനങ്ങള്‍. 2016മായി താരതമ്യപ്പെടുത്തുമ്പോള്‍ 2021ലെ വാഹന കണക്കുകളില്‍ 77 ശതമാനമാണ് വര്‍ധനവുണ്ടായത്. 2022 അവസാനിക്കുമ്പോഴേക്കും 19 മില്യന്‍ വാഹനങ്ങളെങ്കിലും പേള്‍ ഖത്തറില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പേള്‍ ഖത്തറിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ച സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് വാഹനങ്ങളുടെ എണ്ണം കണ്ടെത്തിയത്. കഴിഞ്ഞ ആറു വര്‍ഷമായി പ്രതിവര്‍ഷം 12 ശതമാനം വാഹനങ്ങളാണ് വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. താമസക്കാര്‍ക്കും ജോലിക്കാര്‍ക്കു ംപുറമേ സന്ദര്‍ശകരും വിനോദ സഞ്ചാരികളുമെല്ലാം ഈ ആഡംബര കേന്ദ്രത്തിലെത്തുന്നുണ്ട്.

പുതിയ കണക്കുകള്‍ പ്രകാരം 2022 ജനുവരി മുതല്‍ മെയ് വരെ എട്ട് മില്യന്‍ വാഹനങ്ങളാണ് പേള്‍ ഖത്തറില്‍ പ്രവേശിച്ചത്. 2016ല്‍ ഒരു വര്‍ഷത്തില്‍ ഒന്‍പത് മില്യന്‍ വാഹനങ്ങളാണ് പ്രവേശിച്ചത്. ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഫിഫ ലോകകപ്പ് ഖത്തറുമായി ബന്ധപ്പെട്ട് കൂടുതല്‍ വാഹനങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പേള്‍ ഖത്തറിലെ താമസ കേന്ദ്രങ്ങളില്‍ നിലവില്‍ 93 ശതമാനത്തിലും ആളുകളുണ്ട്. കൂടുതല്‍ പേര്‍ ഇവിടെ താമസിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്. കൂടുതല്‍ താമസ കേന്ദ്രങ്ങളുടെ നിര്‍മാണത്തിന് പദ്ധതികളുണ്ട്.

Tags

Latest News