Sorry, you need to enable JavaScript to visit this website.

ആറ് തൊഴിൽ മേഖലയിൽകൂടി സൗദിവത്കരണം; 33,000 ജോലികൾ സ്വദേശികൾക്ക് ലഭിക്കും

റിയാദ്-സൗദിയിൽ  സ്വദേശികൾക്ക് ജോലി ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആറു തൊഴിൽ മേഖലയിൽ കൂടി സൗദിവത്കരണം നടപ്പിലാക്കുമെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി പ്രഖ്യാപിച്ചു. ലൈസൻസുള്ള ഏവിയേഷൻ ജോലികൾ, ഒപ്റ്റിക്‌സ് ജോലികൾ, വാഹന പരിശോധന ജോലികൾ, തപാൽ സേവന ഔട്ട്‌ലെറ്റുകളിലേയും പാഴ്‌സൽ ഗതാഗതത്തിലേയും ജോലികൾ, ഉപഭോക്തൃ സേവന ജോലികൾ, ഏഴ് സാമ്പത്തിക മേഖലയിലെ വിൽപ്പന ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. തൊഴിൽ മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തവും നിലവാരവും ഉയർത്താനും അവരുടെ  സാമ്പത്തിക സംഭാവന വർധിപ്പിക്കാനുമാണ് ഈ തീരുമാനം. ഇതിലൂടെ 33,000 കൂടുതൽ തൊഴിലവസരങ്ങൾ സ്വദേശികൾക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.
ലൈസൻസുള്ള ഏവിയേഷൻ തൊഴിലുകൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം രണ്ട് ഘട്ടങ്ങളായാണ് നടപ്പിലാക്കുക. ആദ്യ ഘട്ടം 2023 മാർച്ച് 15 നാണ് ആരംഭിക്കുക. കോപൈലറ്റ്, എയർ കൺട്രോളർ, എയർ റിലേ എന്നീ മേഖലയിൽ 100 ശതമാനവും എയർ ട്രാൻസ്‌പോർട്ട് പൈലറ്റ് വിഭാഗത്തിൽ 60 ശതമാനവും ഫ്‌ളൈറ്റ് അറ്റൻഡന്റ് മേഖലയിൽ 60 ശതമാനവും സ്വദേശിവത്കരണം നടപ്പാക്കും. രണ്ടാം ഘട്ടം 2024 മാർച്ച്  നാലു മുതലാണ് ആരംഭിക്കുക. എയർ ട്രാൻസ്‌പോർട്ട് പൈലറ്റ് മേഖലയിൽ 70 ശതമാനവും  എയർ ഹോസ്റ്റസ് 60 ശതമാനവും സ്വദേശിവത്കരിക്കും.  വ്യോമയാന തൊഴിലുകളിൽ അഞ്ചോ  അതിലധികമോ തൊഴിലാളികളെ നിയമിക്കുന്ന എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമായിരിക്കും. ഈ മേഖലയിലെ തൊഴിലാളികൾ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിൽനിന്ന് പ്രൊഫഷണൽ അക്രഡിറ്റേഷൻ നേടേണ്ടതുണ്ടെന്നും മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. രണ്ടു ഘട്ടവും നടപ്പിലായാൽ 4,000ത്തിലധികം ജോലികൾ സ്വദേശികൾക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

നാലോ അതിലധികമോ പേർ ജോലി ചെയ്യുന്ന സൗദിയിലെ എല്ലാ ഒപ്റ്റിക് സ്ഥാപനങ്ങളിലും 2023 മാർച്ച് 18 മുതൽ  50 ശതമാനം ജീവനക്കാർ സ്വദേശികളാവണം. മെഡിക്കൽ ഒപ്റ്റിക്‌സ് ടെക്‌നീഷ്യൻ, ഫിസിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ,ലൈറ്റ് ആന്റ് ഒപ്റ്റിക്‌സ്, ഒപ്റ്റിക്കൽ ടെക്‌നീഷ്യൻ എന്നീ ജോലികളാണ് ഉൾപ്പെടുന്നത്. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാലിറ്റിയിൽനിന്ന് പ്രൊഫഷണൽ അക്രഡിറ്റേഷൻ നേടിയവരാവണം ഈ ജോലിയിൽ പ്രവേശിക്കുന്നവർ. ഏറ്റവും കുറഞ്ഞ വേതനം 5,500 റിയാലായിരിക്കും. ഈ മേഖലയിൽ 1,000ത്തിലധികം തൊഴിലവസരങ്ങൾ ലഭിക്കുമെന്നണ് വിലയിരുത്തൽ.
മോട്ടോർ വെഹിക്കിൽ പിരീഡിക് പരിശോധനാ മേഖലയിൽ രണ്ട് ഘട്ടങ്ങളായാണ് സ്വദേശിവത്കരണം നടപ്പാക്കുക. ആദ്യ ഘട്ടം 50 ശതമാനവും രണ്ടാം ഘട്ടം 100 ശതമാനവും സ്വദേശിവത്കരിക്കും. സൈറ്റ് മാനേജർ, അസിസ്റ്റന്റ് മാനേജർ, ക്വാളിറ്റി മാനേജർ, ഫിനാൻഷ്യൽ സൂപ്പർവൈസർ, സൈറ്റ് സൂപ്പർവൈസർ,  ഇൻസ്‌പെക്ഷൻ ടെക്‌നീഷ്യൻ, ഒരു അസിസ്റ്റന്റ് ഇൻസ്‌പെക്ഷൻ ടെക്‌നീഷ്യൻ, ഒരു മെയിന്റനൻസ് ടെക്‌നീഷ്യൻ, ഒരു ഇൻഫർമേഷൻ ടെക്‌നീഷ്യൻ, ഒരു ഡാറ്റാ എൻട്രി എന്നീ മേഖലയിലാണ് സ്വദേശിവത്കരണം നടപ്പിലാക്കുക. 5,000ത്തിലധികം തൊഴിലവസരങ്ങളാണ് ഇതു വഴി ലഭിക്കുക. സ്വദേശിവത്കണം പ്രഖ്യാപിച്ചത് മുതൽ 12 മാസത്തിന് ശേഷമാണ് സ്വദേശിവത്കരണം  ആരംഭിക്കുക.
തപാൽ,പാഴ്‌സൽ ഗതാഗത മേഖലയിൽ 14 ജോലികളാണ് ഉൾപെടുന്നത്. സീനിയർ മാനേജ്‌മെന്റിലെ ആദ്യ തലത്തിലുള്ള ജോലികളിൽ 60 ശതമാനവും സീനിയർ മാനേജ്‌മെന്റിന്റെ രണ്ടാം തലത്തിലെ ജോലികളിൽ 70 ശതമാനവും സ്വദേശിവത്കരിക്കും. ഈ മേഖലയിൽ 7000 ത്തിലധികം തൊഴിലവസരങ്ങൾ ലഭിക്കുമെന്നണ് വിലയിരുത്തൽ. 
ഉപഭോക്തൃ സേവന മേഖലയിൽ 100 ശതമാനമായിരിക്കും സ്വദേശിവത്കരണം. ലീഡർ, സൂപ്പർവൈസറി സ്ഥാനങ്ങളാണ് ഇതിൽ ഉൾപെടുക.  4,000ത്തിലധികം തൊഴിലവസരങ്ങളാണ് ഇതു വഴി ലഭിക്കുക. ഏഴ് സാമ്പത്തിക പ്രവർത്തനങ്ങളിലെ വിൽപ്പന ഔട്ട്‌ലെറ്റുകളും സ്വദേശിവത്കരിക്കപ്പെടും. തുറമുഖത്തെ മൊത്തം തൊഴിലാളികളിൽ 70 ശതമാനവും സ്വദേശികളാവും. സുരക്ഷാ ഉപകരണങ്ങൾ വിൽക്കുന്നതിനുള്ള ഔട്ട്‌ലെറ്റുകൾ, എലിവേറ്ററുകളും പടികളും ബെൽറ്റുകളും വിൽക്കുന്നതിനുള്ള ഔട്ട്‌ലെറ്റുകൾ, കൃത്രിമ പുല്ലും നീന്തൽക്കുളങ്ങളുടെ ഉപകരണവും വിൽക്കുന്നതിനുള്ള ഔട്ട്‌ലെറ്റുകൾ, ജല ശുദ്ധീകരണ ഉപകരണങ്ങൾ വിൽക്കുന്നതിനുള്ള ഔട്ട്‌ലെറ്റുകൾ, നാവിഗേഷൻ ഉപകരണങ്ങൾ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, കാറ്ററിംഗ് ഉപകരണങ്ങളും ഇലക്ട്രിക് വാഹനങ്ങളും യാത്രാ സാമഗ്രികളും വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, പാക്കേജിംഗ് ഉപകരണങ്ങൾ വിൽക്കുന്നതിനുള്ള ഔട്ട്‌ലെറ്റുകൾ എന്നിവ സ്വദേശവത്കരിക്കപ്പെടും. ഈ മേഖലയിലെ ബ്രാഞ്ച് മാനേജർ, സൂപ്പർവൈസർ, കാഷ്യർ, കസ്റ്റമർ അക്കൗണ്ടന്റ്, കസ്റ്റമർ സർവീസ് എന്നിവയായിരിക്കും ഇതിൽ ഉൾപെടുക. 12,000ത്തിലധികം തൊഴിലവസരങ്ങൾ ഇതു വഴി സ്വദേശികൾക്ക് ലഭിക്കും. പ്രഖ്യാപനം വന്ന 12 മാസത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരും. വിവരം തൊഴിലുടമകളെയും സ്ഥാപനങ്ങളെയും അറിയിക്കുന്നതിനും സെറ്റിൽമെന്റ് കണക്കാക്കുന്നതിനുമുള്ള സംവിധാനവും നിയമലംഘകർക്കുള്ള പിഴയും മന്ത്രാലയം  ഗൈഡുകളിൽ വ്യക്തമാക്കി.
 

Tags

Latest News