അവിഹിതത്തിൽ പിറന്ന കുഞ്ഞിനെ ഉപേക്ഷിച്ച യുവതിയെ അഞ്ച് മണിക്കൂറിനകം പിടിച്ച് ഷാർജ സി.ഐ.ഡി

ഷാര്‍ജ- യു.എ.ഇയില്‍ രണ്ടര മാസം പ്രായമായ മകനെ പ്രശസ്തമായ ചാരിറ്റി സ്ഥാപനത്തിനു മുന്നില്‍ ഉപേക്ഷിച്ച യുവതിയെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. അറബ് വനിതയാണ് അറസ്റ്റിലായതെന്ന് ഷാര്‍ജ പോലീസിലെ സി.ഐ.ഡി  ഡയരക്ടര്‍ കേണല്‍ ബൗവല്‍സോദ് പറഞ്ഞു. 

ചാരിറ്റി സമുച്ചയത്തില്‍ ശിശുവിനെ കണ്ടെത്തിയതായി സന്നദ്ധ സംഘടന വൈകിട്ട് അഞ്ച് മണിയോടെ ഫോണില്‍ പോലീസിനെ അറിയിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരില്ലാത്ത തക്കത്തില്‍ കെട്ടിടത്തിനകത്തേക്ക് യുവതി പ്രവേശിക്കുന്നതും ഓഫീസുകളിലൊന്നിന്റെ പുറത്ത് കുഞ്ഞിനെ ഉപേക്ഷിച്ച് മടങ്ങുന്നതും ക്യാമറകളില്‍ പതിഞ്ഞിരുന്നു.

സ്ഥലത്തെത്തിയ സി.ഐ.ഡി സംഘം കുഞ്ഞിനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.  കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വിശദ പരിശോധനക്കുശേഷം ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. യുവതിയെ കണ്ടെത്താന്‍ സി.ഐ.ഡി സംഘങ്ങള്‍ ഉടന്‍ തന്നെ ശ്രമം ആരംഭിച്ചിരുന്നു. അഞ്ച് മണിക്കൂറിനകം കുഞ്ഞിന്റെ മാതാവിനെ തിരിച്ചറിയാനും കണ്ടെത്താനും സാധിച്ചുവെന്ന് കേണല്‍ ബൗവല്‍സോദ് പറഞ്ഞു. കുട്ടികളുടെ അവകാശ സംരക്ഷണങ്ങള്‍ക്കായുള്ള സെന്ററിന്റെ സഹകരണത്തോടെ യുവതിയെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറിയിരിക്കയാണ്.
അവിഹിത ബന്ധത്തില്‍ ജനിച്ച കുഞ്ഞായതിനാലാണ് ഉപേക്ഷിച്ചതെന്ന് യുവതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

 

Latest News