Sorry, you need to enable JavaScript to visit this website.

മാണിക്യമലര്‍ ഗാനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജി

ന്യൂദല്‍ഹി- പ്രവാചകനേയും പത്‌നി ഖദീജാ ബീവിയേയും പരാമര്‍ശിക്കുന്ന ഗാനത്തിന്റെ ചിത്രീകരണം മതനിന്ദയാണെന്ന് ആരോപിച്ച് സുപ്രീം കോടതിയില്‍ ഹരജി. നടി പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കലിലൂടെ വന്‍ഹിറ്റായ മാണിക്യമലരായ പൂവി എന്ന ഗാനമാണ് വീണ്ടും കോടതി കയറുന്നത്. ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ ഈ ഗാനം ഉള്‍പ്പെടുത്തരുതെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഗാനം തടയണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം. 


വിവാദ ഗാനത്തെ തുടര്‍ന്ന് നടിക്കും സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലുവിനുമെതിരെ പോലീസ് ഫയല്‍ ചെയ്ത് എഫ്.ഐ.ആര്‍ നേരത്തെ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. കണ്ണിറുക്കല്‍ അനുവദനീയമല്ലെന്നും അത് പ്രവാചകന്‍ പരാമാര്‍ശിക്കപ്പെടുന്ന ഗാനത്തില്‍ ഉള്‍പ്പെടുത്തിയത് ശരിയല്ലെന്നുമാണ് ഹൈദരാബാദ് സ്വദേശികളായ മുഖീത് ഖാന്‍, സഹീര്‍ ഖാന്‍ എന്നിവര്‍ ഹരജിയില്‍ വാദിക്കുന്നത്. 
നടി പ്രിയ സഹപാഠിയോട് കണ്ണിറുക്കുന്ന രംഗമാണ് മാണിക്യമലരായ പൂവി എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയത്. റിലീസ് ചെയ്ത ഉടന്‍ ഈ ഗാനം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. പ്രവാചകനേയും ഖദീജാ ബീവിയേയും പ്രകീര്‍ത്തിക്കുന്ന ഗാനത്തില്‍ അതിനോട് ചേരാത്ത രംഗങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. 

Latest News