Sorry, you need to enable JavaScript to visit this website.

ഏപ്രില്‍ 18-ന് ആദ്യ തിയേറ്റര്‍ തുറക്കുന്ന  സൗദി കാന്‍ ചലച്ചിത്ര മേളയിലേക്കും 

റിയാദ്- മൂന്നര പതിറ്റാണ്ട് ഇടവേളക്കു ശേഷം ഈ മാസം 18-ന് ആദ്യ സനിമാ തിയേറ്റര്‍ തുറക്കുന്ന സൗദി അറേബ്യ കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കാനും ഒരുങ്ങുന്നു. സൗദി വാര്‍ത്താ വിതരണ, സാംസ്‌കാരിക മന്ത്രാലത്തെ ഉദ്ധരിച്ച് മലയാളം ന്യൂസിന്റെ സഹപ്രസിദ്ധീകരണമായ അറബ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 
ചലച്ചിത്ര വ്യവസായത്തെ പിന്തുണക്കാനും നിയന്ത്രിക്കാനും ഫിലിം ബോര്‍ഡ് രൂപീകരിക്കാനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഫിലിം ബോര്‍ഡ് അതിന്റെ റിപ്പോര്‍ട്ടുകള്‍ പുതുതായി രൂപീകൃതമായ ജനറല്‍ കള്‍ചര്‍ അതോറിറ്റിക്ക് സമര്‍പ്പിക്കും. 
35 വര്‍ഷത്തിലേറെ നീണ്ട ഇടവേളക്കുശേഷം ഈ മാസം 18-നാണ് തലസ്ഥാനമായ റിയാദില്‍ വീണ്ടും തിയേറ്റര്‍ തുറക്കുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ഹോളിവുഡ് സിനിമയായ ബ്ലാക്ക് പാന്തറാണ് ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. 
മൂന്ന് കോടിയിലേറെ വരുന്ന ജനസംഖ്യയില്‍ ബഹുഭൂരിഭാഗവും 30 വയസ്സിനുതാഴെയുള്ള യുവജനങ്ങളായിരിക്കെ, സൗദി അറേബ്യയില്‍ വന്‍ സാധ്യതകളാണ് ചലച്ചിത്രമേഖല മുന്നില്‍ കാണുന്നത്. വര്‍ഷിക ടിക്കറ്റ് വില്‍പന 100 കോടി ഡോളറെങ്കിലുമാണ് പ്രതീക്ഷിക്കുന്നത്. 
71 ാമത് കാന്‍സ് ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള തീരുമാനം സൗദിയിലെ സിനിമാ നിര്‍മാതാക്കള്‍ക്കുമുന്നില്‍ വലിയ അവസരമാണ് തുറക്കാന്‍ പോകുന്നത്. ആഗോള തലത്തില്‍ തങ്ങളുടെ പ്രതിഭ തെളിയിക്കാനുള്ള അവസരം സൗദിയിലെ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് ലഭിക്കും. 
ലോകത്ത് തന്നെ ഏറ്റവും വലിയ സിനിമാ തിയേറ്റര്‍ കമ്പനിയായ എ.എം.സിക്ക് കഴിഞ്ഞയാഴ്ചയാണ് സൗദിയില്‍ തിയേറ്റര്‍ തുറക്കുന്നതിനുള്ള ലൈസന്‍സ് നല്‍കിയത്. 2030 നകം 350 തിയേറ്ററുകള്‍ തുറക്കാനാണ് ഇവരുടെ പദ്ധതി. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട വിനോദ അവസരങ്ങള്‍ കൂടി സമ്മാനിക്കുകയെന്നതും വിഷന്‍ 2030 ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് സാംസ്‌കാരിക വാര്‍ത്താ വിതരണ മന്ത്രി ഡോ. അവ്വാദ് അല്‍ അവ്വാദ് വ്യക്തമാക്കിയിരുന്നു. നിലവില്‍ സൗദി അറേബ്യ സാംസ്‌കാരിക, വിനോദ മേഖലയില്‍ ചെലവഴിക്കുന്ന വരുമാനം 2.3 ശതമാനമാണെങ്കില്‍ അത് 2030 ല്‍ ആറു ശതമാനമാകുമെന്ന് കണക്കാക്കുന്നു.
 

Latest News