ആര്‍ക്കുവേണ്ടിയും ഹജ് നിര്‍വഹിക്കാന്‍ തയാര്‍, തട്ടിപ്പിനു ശ്രമിച്ച വിദേശി പിടിയില്‍

ജിദ്ദ- മറ്റുള്ളവര്‍ക്കു വേണ്ടി ഹജ് നിര്‍വഹിക്കാന്‍ സന്നദ്ധത അറിയിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് തട്ടിപ്പുകള്‍ക്ക് ശ്രമിച്ച വിദേശിയെ ജിദ്ദയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി  കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി  ജിദ്ദ പോലീസ് അറിയിച്ചു.

 

വിവാഹഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ഥിനിയുടെ കഴുത്തറുത്തു

കയ്‌റോ- വിവാഹഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് 21 കാരി വിദ്യാര്‍ഥിനിയുടെ കഴുത്തറുത്തു. ഈജിപ്തിലെ മന്‍സൂറ യൂനിവേഴ്‌സിറ്റിയിലെ ആര്‍ട്‌സ് വിദ്യാര്‍ഥിനി നയേര അശ്‌റഫിനെയാണ്  വിദ്യാര്‍ഥികളുടേയും പ്രദേശവാസികളുടെയും മുന്നില്‍വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

യൂനിവേഴ്‌സിറ്റിക്കു മുന്നില്‍വെച്ച് കൃത്യം നടത്തിയ വിദ്യാര്‍ഥിയുടെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷണത്തിനും പ്രതിയെ ചോദ്യം ചെയ്യാനും ഈജിപ്തിലെ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. വിദ്യാര്‍ഥിനിയുടെ കഴുത്തിലും നെഞ്ചിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലുമുണ്ടായ മുറിവുകള്‍ പ്രോസിക്യൂഷന്‍ പരിശോധിച്ചു.

പിടിയിലായ പ്രതി തന്നെയാണ് കൃത്യം നടത്തിയതെന്ന് രണ്ട് സുരക്ഷാ ജീവനക്കാര്‍ മൊഴി നല്‍കി. കുറ്റകൃത്യത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് സഹപാഠി കൃത്യം നടത്തിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

യൂനിവേഴ്‌സിറ്റിയുടെ ഗേറ്റുകളില്‍ ഒന്നിനടുത്താണ് സംഭവമെന്നും പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തുവെന്നും മന്‍സൂറ യൂനിവേഴ്‌സിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. കൊലപാതകം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സ്ഥലത്തുണ്ടായിരുന്നവരാണ് പിടികൂടിയത്.

പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മാര്‍ഗമധ്യേ മരിച്ചിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞത്. ഈജിപ്തുകാരെ ഞെട്ടിച്ച സംഭവത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ നിറയുകയാണ്.  

Latest News