വിജയ ശതമാനത്തിലുള്ള വർധന പുനഃപരിശോധനക്ക് വിധേയമാക്കേണ്ടിവരും. എല്ലാവരെയും വിജയിപ്പിക്കുകയെന്ന സമീപനം വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. കുറെ കൂടി കർശനമായ മൂല്യനിർണയം ഏർപ്പെടുത്തി പഠനനിലവാരമനുസരിച്ച് യോഗ്യത നൽകുന്ന പഴയ രീതിയിലേക്ക് തിരിച്ചുപോകേണ്ടി വരും. അധികം പേരെ യോഗ്യരായി പ്രഖ്യാപിക്കുകയും അവർക്ക് പഠിക്കാൻ സൗകര്യമൊരുക്കാതിരിക്കുകയും ചെയ്യുന്നത് നീതിയല്ല. മാത്രമല്ല, യോഗ്യത നേടുന്നവരുടെ വിദ്യാഭ്യാസ നിലവാരം എന്താണെന്നത് സംബന്ധിച്ചും ആലോചിക്കേണ്ടതുണ്ട്.
പത്താം ക്ലാസ് പരീക്ഷ ഫലം പുറത്തു വന്നു. വിജയ ശതമാനം ഇത്തവണയും ഉയർന്നതായിരുന്നു. 99.26 ശതമാനം. പരീക്ഷയെഴുതിയവരിൽ മഹാഭൂരിഭാഗവും തുടർപഠനത്തിന് യോഗ്യത നേടിയിരിക്കേ, ഇവർ എവിടെ തുടർപഠനം നടത്തുമെന്നതിനെ കുറിച്ചാണ് ഇപ്പോഴത്തെ ചർച്ച. എസ്.എസ്.എൽ.സി വിജയ ശതമാനം ഇത്തരത്തിൽ ഉയർന്നു തുടങ്ങിയ കാലം മുതൽ തുടർപഠനമെന്നത് വിദ്യാർഥികൾക്ക് മുന്നിൽ വലിയൊരു ചോദ്യചിഹ്നമാണ്. മലബാർ മേഖലയിൽ പ്രത്യേകിച്ച്, തുടർപഠന സൗകര്യങ്ങൾ എക്കാലത്തും കുറവാണ്.
ഇത്തവണയും മലബാറിലെ വിദ്യാർഥികൾ പ്ലസ് ടു പഠനത്തിന് സീറ്റ് ലഭിക്കാൻ നെട്ടോട്ടം തുടങ്ങി. യോഗ്യത നേടിയവർക്കെല്ലാം നൽകാൻ പൊതുവിദ്യാലയങ്ങളിൽ സീറ്റില്ല എന്നതാണ് പ്രധാന പ്രശ്നം. ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് മാത്രം പ്രവേശനം ലഭിക്കുകയും മറ്റുള്ളവർക്ക് അൺ എയ്ഡഡ് സ്കൂളുകളിൽ ഉയർന്ന ഫീസ് നൽകി പഠിക്കേണ്ടി വരികയും ചെയ്യേണ്ട അവസ്ഥയാണുള്ളത്. എല്ലാവർക്കും വിദ്യാഭ്യാസമെന്ന സർക്കാർ പ്രഖ്യാപനമെല്ലാം ഈ സീറ്റ് ക്ഷാമത്തിൽ പൊലിഞ്ഞു പോകും.
മലബാർ ജില്ലകളിൽ പലയിടത്തും ഇത്തവണ വിജയ ശതമാനം സംസ്ഥാന ശരാശരിയേക്കാൾ മുന്നിലാണ്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന വിജയ ശതമാനം കണ്ണൂരിലാണ് -99.77 ശമതാനം. ഇവിടെ യോഗ്യത നേടിയവർക്കെല്ലാം സീറ്റില്ലാത്ത അവസ്ഥയാണുള്ളത്. വടക്കൻ കേരളത്തിലെ മിക്ക ജില്ലകളിലും സ്ഥിതി ഇതു തന്നെയാണ്.
യോഗ്യത നേടിയവർക്കെല്ലാം പഠിക്കാൻ സൗകര്യമില്ലാത്ത പ്രദേശമായി വടക്കൻ കേരളം മാറിയിട്ട് വർഷങ്ങളായി. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ യോഗ്യത നേടിയവരേക്കാൾ കുറവാണ് പൊതുവിദ്യാലയങ്ങളിലെ ഹയർ സെക്കണ്ടറി സീറ്റുകൾ. ഇതിൽ പ്രതിസന്ധി രൂക്ഷമായി നിൽക്കുന്നത് മലപ്പുറം ജില്ലയിലുമാണ്. അതേസമയം, തെക്കൻ കേരളത്തിൽ സീറ്റുകളുടെ എണ്ണം അധികവുമാണ്.
തൃശൂർ ജില്ലയിൽ ഇത്തവണ ഹയർ സെക്കണ്ടറി പഠനത്തിന് യോഗ്യത നേടിയത് 35,658 പേരാണ്. എന്നാൽ പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കണ്ടറി, ഐ.ടി.എ തുടങ്ങിയ വിദ്യാഭ്യാസ കേന്ദ്രങ്ങളിലായി ജില്ലയിൽ ആകെയുള്ളത് 34,328 സീറ്റുകളാണ്. 1330 സീറ്റുകളുടെ കുറവ്. പാലക്കാട് ജില്ലയിൽ തുടർ പഠനത്തിന് 38,955 പേർ യോഗ്യത നേടിയപ്പോൾ 28,823 ഹയർ സെക്കണ്ടറി സീറ്റുകളാണുള്ളത്. 10,132 സീറ്റുകൾ കുറവ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ തുടർപഠനത്തിന് യോഗ്യത നേടിയ മലപ്പുറത്താണ് സ്ഥിതി കൂടുതൽ നിരാശാജനകമായിട്ടുള്ളത്. 77,691 പേർ തുടർപഠന യോഗ്യത നേടി നിൽക്കേ ജില്ലയിൽ പൊതു വിദ്യാലയങ്ങളിലെ ആകെ സീറ്റുകൾ 46,750 ആണ്. 30,941 കുട്ടികൾ പുറത്ത്. 43,496 കുട്ടികൾ വിജയിച്ച കോഴിക്കോട് ജില്ലയിൽ 8579 സീറ്റുകളുടെ കുറവുണ്ട്. മലബാറിൽ കുട്ടികൾ കുറവുള്ള വയനാട് ജില്ലയിലും തുടർപഠനത്തിന് അവസരങ്ങൾ കുറവാണ്. ജില്ലയിൽ ആകെ തുടർപഠന യോഗ്യത നേടിയവരുടെ എണ്ണം 11,946 പേരാണ്. ഇവരിൽ എല്ലാവർക്കും ഹയർ സെക്കണ്ടറി പ്രവേശനം നൽകാൻ പോലും ജില്ലയിൽ സീറ്റില്ല. 2232 സീറ്റുകളുടെ കുറവാണ് വയനാട്ടിലുള്ളത്. കണ്ണൂരിൽ 35,167 പേർ വിജയിച്ചപ്പോൾ സീറ്റുകളുടെ എണ്ണം 29,811 ആണ്. 5356 പേർ പുറത്താകും. കാസർകോട് ജില്ലയിൽ 19,658 പേർ വിജയിച്ചപ്പോൾ 3723 പേർക്ക് ഹയർ സെക്കണ്ടറിയിൽ പ്രവേശനമുണ്ടാകില്ല.
വിജയ ശതമാനവും തുടർപഠന സാധ്യതകളും തമ്മിലുള്ള ഈ പൊരുത്തക്കേട് തുടങ്ങിയിട്ട് കാലങ്ങളായി. പ്ലസ് ടു പരീക്ഷ ഫലം വരുമ്പോഴും ഇതേ പ്രശ്നം ഉയരും. കോളേജുകളിൽ ആവശ്യത്തിന് സീറ്റില്ലാതെ വിദ്യാർഥികൾ നെട്ടോട്ടമോടും. വർഷങ്ങളായി ഈ പ്രതിസന്ധി തുടരുമ്പോഴും വിദ്യാർഥി സംഘടനകൾ നിരന്തരമായി ഈ വിഷയത്തിൽ പ്രക്ഷോഭ രംഗത്തിറങ്ങുമ്പോഴും ഇതിന് സ്ഥായിയായ പരിഹാരം കാണാൻ സർക്കാരിന് കഴിയുന്നില്ല. പൊതുവിദ്യാലയങ്ങളിൽ അധിക ബാച്ച് അനുവദിച്ചുകൊണ്ട് താൽക്കാലിക പരിഹാരം കാണാനാണ് സർക്കാരുകൾ ശ്രമിക്കാറുള്ളത്. നിലവിൽ ഹൈസ്കൂൾ വരെയുള്ള വിദ്യാലയങ്ങളിൽ ഹയർ സെക്കണ്ടറി ആരംഭിക്കണമെന്ന ആവശ്യം പലപ്പോഴും സർക്കാർ അംഗീകരിക്കാറില്ല. അധിക സാമ്പത്തിക ബാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രധാന കാരണം.
വിജയ ശതമാനത്തിലുള്ള വർധന പുനഃപരിശോധനക്ക് വിധേയമാക്കേണ്ടി വരും. എല്ലാവരെയും വിജയിപ്പിക്കുകയെന്ന സമീപനം വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. കുറെ കൂടി കർശനമായ മൂല്യനിർണയം ഏർപ്പെടുത്തി പഠനനിലവാരമനുസരിച്ച് യോഗ്യത നൽകുന്ന പഴയ രീതിയിലേക്ക് തിരിച്ചുപോകേണ്ടി വരും. അധികം പേരെ യോഗ്യരായി പ്രഖ്യാപിക്കുകയും അവർക്ക് പഠിക്കാൻ സൗകര്യമൊരുക്കാതിരിക്കുകയും ചെയ്യുന്നത് നീതിയല്ല. മാത്രമല്ല, യോഗ്യത നേടുന്നവരുടെ വിദ്യാഭ്യാസ നിലവാരം എന്താണെന്നത് സംബന്ധിച്ചും ആലോചിക്കേണ്ടതുണ്ട്.
പരീക്ഷയെഴുതുന്ന കുട്ടികളുടെ എണ്ണമനുസരിച്ച് ഹയർ സെക്കണ്ടറി സീറ്റുകളുടെ എണ്ണം പുനഃക്രമീകരിക്കുകയും വേണം. പഠിക്കാൻ കുട്ടികളില്ലാതെ സീറ്റുകൾ ഒരു ഭാഗത്ത് ഒഴിഞ്ഞു കിടക്കുമ്പോഴാണ് മറുഭാഗത്ത്, സീറ്റില്ലാതെ യോഗ്യരായ കുട്ടികൾ പുറത്തു നിൽക്കുന്നത്. അധ്യാപകരുടെ പുനർവിന്യാസം നടത്തി ഈ പ്രശ്നം പരിഹരിക്കുകയും സീറ്റുകളുടെ കാര്യത്തിൽ സമതുലിതാവസ്ഥ പാലിക്കുകയും വേണം.
പ്ലസ് ടു കോഴ്്സുകൾക്കൊപ്പം മറ്റു ബദൽ കോഴ്്സുകളും സർക്കാർ പ്രോൽസാഹിപ്പിക്കേണ്ടതുണ്ട്. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലും ഐ.ടി.ഐകളിലും ഇപ്പോഴുള്ള സീറ്റുകളുടെ എണ്ണം പരിമിതമാണ്. പലയിടത്തും ആവശ്യത്തിന് ജീവനക്കാരുമുണ്ട്. ഇവിടങ്ങളിൽ പുതിയ ബാച്ചുകളും കോഴ്സുകളും തുടങ്ങി വിദ്യാർഥികളെ ആ മേഖലയിലേക്കും ആകർഷിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ഐ.ടി.ഐകളിൽ മികച്ച പഠന നിലവാരമാണുള്ളത്. എന്നാൽ ഇവിടെ പഠിക്കാൻ കുട്ടികൾ മടികാണിക്കുന്നു. മറ്റൊരു കോഴ്സിലും പ്രവേശനം ലഭിക്കാത്തിനാൽ തൊഴിലധിഷ്ഠിത കോഴ്്സുകളിൽ ചേരുന്നവരാണേറെയും. എന്നാൽ കുട്ടികളുടെ ഈ മനോഭാവത്തിൽ മാറ്റം വരുത്താൻ സർക്കാരിന് കഴിയണം. പ്ലസ് ടു പഠിക്കുന്ന വിദ്യാർഥികൾക്ക് കോളേജ് പഠനം കൂടി കഴിയുമ്പോൾ അഞ്ചോ ആറോ കൊല്ലമെടുത്താണ് ജോലി കിട്ടുന്നത്. തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് മൂന്നു വർഷത്തിന് ശേഷം ജോലി ഉറപ്പാക്കുന്ന സംവിധാനം സർക്കാർ നടപ്പാക്കണം. ഈ മേഖലയിലേക്ക് കൂടുതൽ പേർ കടന്നുവരാൻ ഇത് സഹായിക്കും.






