അഗ്നിപഥ്: സൈന്യത്തെ കാവിവൽക്കരിക്കാനുള്ള നീക്കം

പൗരത്വ ഭേദഗതി നിയമത്തിനെതിരായും കാർഷിക നിയമങ്ങൾക്കെതിരായും നടന്ന പ്രക്ഷോഭങ്ങൾക്കു ശേഷം രാജ്യം മറ്റൊരു പ്രക്ഷോഭത്തിനു സാക്ഷ്യം വഹിക്കുകയാണ്. ആദ്യ പ്രക്ഷോഭത്തിലെ മുഖ്യ ശക്തി മുസ്‌ലിം ന്യൂനപക്ഷങ്ങളും രണ്ടാമത്തേതിലേത് കർഷകരുമായിരുന്നുവെങ്കിൽ പുതിയ പ്രക്ഷോഭത്തിലെ മുഖ്യ ശക്തി യുവജനങ്ങളാണ്. 
ആദ്യ രണ്ടു പ്രക്ഷോഭങ്ങളിലും ശക്തമായ രാഷ്ട്രീയമാണ് ഉയർത്തിയതെങ്കിൽ ഈ പ്രക്ഷോഭത്തിൽ പ്രധാനമായും ഉയർത്തുന്നത് യുവജനങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. എന്നാൽ പൗരത്വ - കർഷക വിഷയങ്ങളോളമോ അതിനേക്കാൾ കൂടുതലോ രൂക്ഷമായ രാഷ്ട്രീയമാണ് അഗ്നിപഥിലുളളത്. ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവരെല്ലാം ശക്തമായി രംഗത്തിറങ്ങി പ്രതിരോധിക്കേണ്ട ഒന്നാണ് നീക്കം. 
ആ നിലയിലേക്ക് ഈ പോരാട്ടം വികസിക്കുമോ എന്നു വരും ദിനങ്ങളിൽ കാണാനാവും. 19 നും 23 നും ഇടയിൽ പ്രായമുള്ള യുവാക്കളെ 4 വർഷക്കാലയളവിലേക്ക് 40,000 രൂപ കൂലിയിൽ  അഗ്നിവീർ എന്ന പേരിൽ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുക,  അതിനു ശേഷം 25 ശതമാനം പേരെ നിലനിർത്തുക, ബാക്കിയുള്ളവർക്ക്  12 ലക്ഷം രൂപ പാരിതോഷികം നൽകി പിരിച്ചുവിടുക -ഇതാണ് ചുരുക്കിപ്പറഞ്ഞാൽ അഗ്നിപഥ് പദ്ധതി.  സാങ്കേതിക പരിശീലനം നേടിയ, ഒഴിവാക്കപ്പെടുന്ന 75% അഗ്നിവീരന്മാർ. രാജ്യത്തിന്റെ വിവിധങ്ങളായ വ്യാവസായിക ഉൽപാദന മേഖലക്ക് മുതൽക്കൂട്ടാകുമെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് ഉതകുമെന്നും സർക്കാർ അവകാശപ്പെടുന്നു. പ്രക്ഷോഭം ശക്തമായപ്പോൾ പിരിച്ചുവിടുന്നവർക്ക് അർധസൈനിക വിഭാഗത്തിലും പ്രതിരോധ പൊതുമേഖല സ്ഥാപനങ്ങളിലും  പത്തു ശതമാനം സംവരണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലതൊന്നും പ്രക്ഷോഭകർ അംഗീകരിക്കുന്നില്ല.
ബിഹാർ, യു.പി പോലുള്ള സംസ്ഥാനങ്ങളിലെ ചെറുപ്പക്കാരുടെ പ്രധാന ലക്ഷ്യം സൈന്യത്തിൽ ചേരുക എന്നതാണ്. അത് രാജ്യത്തിനു വേണ്ടി സേവനമനുഷ്ഠിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നു കരുതുന്നത് മൗഢ്യമായിരിക്കും. ബിഹാറിനെ പോലുള്ള പിന്നോക്ക സംസ്ഥാനത്തെ യുവജനങ്ങൾക്ക് താരതമ്യേന എളുപ്പത്തിൽ കിട്ടാവുന്ന തൊഴിലായതിനാലാണിത്. മാത്രമല്ല, ഇപ്പോഴും ജാതീയതയും അതിക്രമങ്ങളും കൊടികുത്തി വാഴുന്ന അവിടത്തെ ഗ്രാമങ്ങളിൽ നിന്നുള്ളവർക്ക് ഒരു പരിധിവരെയെങ്കിലും അന്തസ്സും അഭിമാനവും ഈ തൊഴിലിലൂടെ ലഭിക്കുന്നു. കൂടാതെ സൈനിക സേവനത്തിനു ശേഷം പെൻഷനും മറ്റു തൊഴിൽ സാധ്യതകളും. 
കോവിഡ് കാലത്ത് നിയമനങ്ങളൊന്നും നടന്നട്ടില്ല. നിരവധി പേരാണ് മറ്റെല്ലാ നടപടികളും പൂർത്തിയാക്കി പരീക്ഷയെഴുതാൻ തയാറായിരിക്കുന്നത്. ഇവരെ അതിനു തയാറാക്കുന്ന നിരവധി കോച്ചിംഗ് സെന്ററുകളുമുണ്ട്. ഈ സാഹചര്യത്തിലാണ് അഗ്നിപഥ് പ്രഖ്യാപനം വന്നത്. സ്വാഭാവികമായും അതിനെതിരെ യുവജന രോഷം കുത്തിയൊഴുകാതിരിക്കുമോ? റെയിൽവേയിലും സമീപകാലത്ത് കാര്യമായ നിയമനം നടക്കാത്തതിനാലാവാം സമരം മുഖ്യമായും തീവണ്ടികൾക്കെതിരെ തിരിഞ്ഞത് എന്നു കരുതാം. 
സമരത്തിനു പിറകിൽ കോച്ചിംഗ് സെന്ററുകളാണെന്നാണ് കേന്ദ്ര വാദം. അവക്കെതിരെ നടപടികളാരംഭിച്ചിട്ടുണ്ട്. എന്നാൽ സമരം അതിവേഗത്തിൽ രാജ്യവ്യാപകമാകുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. മിക്കയിടത്തും അക്രമ സമരമാണ് നടക്കുന്നത്. അഗ്നിപഥ് എന്ന പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ അഗ്നിനാളങ്ങളാണ് എങ്ങുമുയരുന്നത്. അഖിലേന്ത്യ ബന്ദടക്കം പ്രഖ്യാപിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഒരു പാർട്ടിയുടെയും പിന്തുണയോടെയല്ല സമരമാരംഭിച്ചതെങ്കിലും മിക്കവാറും പ്രതിപക്ഷ കക്ഷികൾ പിന്തുണയുമായി രംഗത്തെത്തിക്കഴിഞ്ഞു. എന്തിനേറെ, ബിഹാർ ഭരിക്കുന്ന എൻ.ഡി.എയിലെ ഘടക കക്ഷി കൂടിയായ ജെ.ഡി.യു പോലും ഇക്കാര്യത്തിൽ  ബി.ജെ.പിക്കൊപ്പമല്ല.
തുടക്കത്തിൽ പറഞ്ഞ പോലെ തൊഴിൽ നഷ്ടപ്പെടുമോ എന്ന ഭീതിയാണ് ചെറുപ്പക്കാരെ രംഗത്തിറക്കിയിരിക്കുന്നത്. ഇത്ര ശക്തമായ പ്രക്ഷോഭം കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചിട്ടുമില്ല. വളരെ ആസൂത്രിതമായ ഒരു രാഷ്ട്രീയ നീക്കമായിരുന്നു അവരുടേത്. അതിനാണ് പ്രതീക്ഷിക്കാത്ത രീതിയിലുള്ള പ്രതിരോധം ഉണ്ടായിരിക്കുന്നത്. അങ്ങേയറ്റം സൈനികവത്കൃതമായ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണല്ലോ ഇന്നു രാജ്യം ഭരിക്കുന്നത്. അധികാരത്തിലെത്തിയതു മുതൽ ഓരോരോ ഭരണകൂട സ്ഥാപനങ്ങളെയും ഹിന്ദുത്വവൽക്കരിക്കാനുളള നീക്കങ്ങളാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ചരിത്രസ്ഥാപനങ്ങളുമെല്ലാം അതിലുൾപ്പെടുന്നു. 
സിലബസും ചരിത്രവുമെല്ലാം മാറ്റിയെഴുതുന്നു. കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ എടുത്തുകളഞ്ഞതും പൗരത്വ ഭേദഗതിയുമൊക്കെ അതിന്റെ തുടർച്ചയായ രാഷ്ട്രീയ തീരുമാനങ്ങളായിരുന്നു. മറുവശത്ത് ബീഫിന്റെ പേരിലും എഴുത്തിന്റെ പേരിലും നിലപാടുകളുടെ പേരിലുമെല്ലാം കൊലപാതകങ്ങൾ നടക്കുന്നു. കൂടുതൽ പളളികൾ തകർക്കാനുള്ള നീക്കം നടക്കുന്നു. 
മുസ്‌ലിമിനെ ശത്രുവായി അവരോധിച്ച്, വെറുപ്പിന്റെ രാഷ്ട്രീയത്തിലൂടെ ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നു. ജുഡീഷ്യറിയെപോലും കാവിവൽക്കരിക്കുന്നു. ഇതിന്റെയെല്ലാം തുടർച്ചയാണ് ഈ തീരുമാനവും. സൈന്യത്തെയും ഹിന്ദുത്വവൽക്കരിക്കുക എന്നതാണ് യഥാർത്ഥത്തിൽ ഇതിന്റെ ലക്ഷ്യം. ഒപ്പം ഇന്ത്യൻ സമൂഹത്തെയാകെയും. ഇക്കാര്യം തിരിച്ചറിഞ്ഞല്ല സമരം നടക്കുന്നതെങ്കിലും പ്രതീക്ഷിക്കാത്ത പ്രഹരമാണ് സംഘപരിവാറിന് ഇതിലൂടെ ഏറ്റിരിക്കുന്നത്. 
എല്ലാ ഫാസിസ്റ്റ് ഭരണാധികാരികളും സൈന്യത്തെ തങ്ങളുടെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കാറുണ്ട്. മറുവശത്ത് നമ്മുടെ അയൽപക്കങ്ങളിലടക്കം നിരവധി സൈനിക അട്ടിമറികളും നടന്നിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ പൊതുവിൽ ഈ രണ്ടവസ്ഥകളും ഇതുവരെ ഉണ്ടായി എന്നു പറയാനാകില്ല. ജനാധിപത്യ ഘടനക്കു കീഴിൽ തന്നെയാണ് ഇന്നോളം സൈന്യം പ്രവർത്തിച്ചിട്ടുള്ളത്. അതിനുള്ള ദീർഘദൃഷ്ടി നമ്മുടെ രാഷ്ട്രീയ മുൻഗാമികൾക്കുണ്ടായിരുന്നു. എന്നാൽ ആ അവസ്ഥയാണ് അട്ടിമറിക്കപ്പെടാൻ പോകുന്നത്. മൂന്നു സൈന്യത്തിനും കൂടി ഒരു മേധാവി എന്ന മോഡി സർക്കാരിന്റെ തീരുമാനം വന്നപ്പോൾ തന്നെ അത് സൈന്യത്തെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കമാണെന്ന വിലയിരുത്തൽ ഉണ്ടായിരുന്നല്ലോ. ഇപ്പോഴിതാ, അതിൽ നിന്നു കാര്യങ്ങൾ മുന്നോട്ടു പോകുകയാണ്. 
വാസ്തവത്തിൽ ഒരു വെടിക്ക് രണ്ടു പക്ഷി എന്നതാണ് ഈ നീക്കത്തിലൂടെ സംഘപരിവാർ ലക്ഷ്യമിടുന്നത്. സൈന്യത്തെ മാത്രമല്ല, തുടക്കത്തിൽ സൂചിപ്പിച്ച പോലെ ഇന്ത്യൻ സമൂഹത്തിന്റെ സംഘിവൽക്കരണത്തെയും ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യവും അഗ്നിപഥിനുണ്ട്. നാലുവർഷത്തെ സേവനത്തിനും പരിശീലനത്തിനും ശേഷം തിരിച്ചുവരുന്നവരിൽ നിന്നു സംഘപരിവാർ പ്രതീക്ഷിക്കുന്നത് എന്താണെന്നു തിരിച്ചറിയാനും സാമാന്യ ബോധം ധാരാളമല്ലേ? ഇന്ത്യൻ സമൂഹത്തെ സംഘിവൽക്കരിക്കുന്നതിൽ ഗ്രാമഗ്രാമാന്തരങ്ങളിൽ നേതൃത്വം നൽകാൻ പോകുന്നത് ഇവരായിരിക്കില്ലേ? ആയുധ പരിശീലനം നേടിയ സേനയെ തന്നെ വാർത്തെടുക്കാൻ ഇവരെ ഉപയോഗിക്കില്ല എന്ന് എന്താണുറപ്പ്? പഞ്ചാബിൽ പണ്ട് ഖാലിസ്ഥാൻ വാദികൾക്ക് മുൻ പട്ടാളക്കാർ പരിശീലനം നൽകിയിരുന്നല്ലോ. ആ മാതൃക സംഘപരിവാർ ഉപയോഗിക്കാതിരിക്കില്ല എന്നു വിശ്വസിക്കാനാവുമോ? രാജ്യമാകെ സംഘപരിവാറിന്റെ അനൗദ്യോഗിക സൈന്യം രൂപപ്പെടുമെന്നതായിരിക്കും ഇതിന്റെ അനന്തരഫലം. 
അവരുടെയെല്ലാം ലക്ഷ്യം എന്താണെന്നും ആരാണെന്നും വിശദീകരിക്കേണ്ടതില്ലല്ലോ.സൈനിക മേഖലയിലേക്കുള്ള ആർ.എസ്.എസ് റിക്രൂട്ട്മെന്റ് മുമ്പേ ആരംഭിച്ചിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം.  ഉത്തർപ്രദേശിൽ ബുലന്ദ്ഷഹർ ജില്ലയിലെ ശിക്കാർപൂരിൽ ആർ.എസ്.എസ് സർ സംഘചാലക് ആയിരുന്ന 'രജ്ജു ഭയ്യ' എന്നറിയപ്പെടുന്ന രാജേന്ദ്ര സിംഗിന്റെ പേരിൽ പ്രവർത്തിക്കുന്ന 'രജ്ജു ഭയ്യ സൈനിക് വിദ്യ മന്ദിർ' ഈ ലക്ഷ്യത്തോടെ നിലനിൽക്കുന്ന സ്ഥാപനമാണ്. ഇത്തരത്തിലുള്ള ആർ.എസ്.എസ് സഞ്ചാലിത സൈനിക വിദ്യാലയങ്ങൾ രാജ്യത്തെമ്പാടും ആരംഭിക്കാനുള്ള നടപടികൾ നേരത്തെ ആരംഭിച്ചിട്ടുണ്ട്. 
ചുരുക്കത്തിൽ സൈന്യത്തെയും ഇന്ത്യൻ സമൂഹത്തെയും കൈപ്പിടിയിലൊതുക്കാനുള്ള വളരെ ആസൂത്രിതമായ നീക്കമാണ് അഗ്നിപഥ്. സമരം ചെയ്യുന്ന ചെറുപ്പക്കാർ അതു മനസ്സിലാക്കാത്തത് സ്വാഭാവികമാകാം. എന്നാൽ സമരത്തെ പിന്തുണക്കുന്നു എന്നു പറയുന്ന പ്രസ്ഥാനങ്ങളും ഈ ഭീഷണിയെ അതർഹിക്കുന്ന ഗൗരവത്തോടെ കാണുന്നില്ല എന്നതാണ് വസ്തുത. 

Latest News