നടി സായ് പല്ലവിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. ആദ്യം മനുഷ്യത്വം... നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ട്' എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. സായ് പല്ലവിയുടെ വിശദീകരണ വീഡിയോയും അദ്ദേഹം പങ്കുവച്ചു.
കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്നാണ് സായ് പല്ലവി പറഞ്ഞത്. തന്റെ പുതിയ ചിത്രമായ 'വിരാടപര്‍വ'ത്തിന്റെ ഭാഗമായി നടന്ന ഇന്റര്‍വ്യൂവില്‍ ഒരു ചോദ്യത്തിനുത്തരമായാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും നടന്നിരുന്നു.
തന്റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി നടി സായ് പല്ലവി രംഗത്തെത്തി. എന്തെങ്കിലും പറഞ്ഞാല്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുമോയെന്ന ആശങ്കയുണ്ടെന്നും അതിനാല്‍ രണ്ടുവട്ടം ആലോചിച്ചിട്ടേ എന്തെങ്കിലും പറയൂ എന്നും അവര്‍ പറഞ്ഞു. താന്‍ ഇടതിനേയോ വലതിനെയോ പിന്തുണക്കുന്നുവെന്ന് ആ ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടില്ല. നിഷ്പക്ഷമായാണ് നില്‍ക്കുന്നെന്നും വ്യക്തമാക്കിയിരുന്നുവെന്നും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സായി പല്ലവി പറഞ്ഞു.
ആദ്യം നമ്മളൊരു നല്ല മനുഷ്യരാകണം. അടിച്ചമര്‍ത്തപ്പെട്ടവരെ സംരക്ഷിക്കണം. കശ്മീര്‍ ഫയല്‍സ് കണ്ടതിന് ശേഷം ഞാന്‍ അസ്വസ്ഥയായിരുന്നു. ഇക്കാര്യം ഞാന്‍ പിന്നീട് അതിന്റെ സംവിധായകനെ കാണാനിടയായപ്പോള്‍ പറഞ്ഞിരുന്നു. എല്ലാതരം കുറ്റകൃത്യങ്ങളും തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏത് മതത്തിലായാലും. ഇതാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ പലരും അതിനെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.