Sorry, you need to enable JavaScript to visit this website.

മൺസൂൺ ദുർബല സാഹചര്യം അവസരമാക്കി മാറ്റി റബർ കർഷകർ

സംസ്ഥാനത്ത് മൺസൂൺ ദുർബല സാഹചര്യം അവസരമാക്കി മാറ്റി റബർ ടാപ്പിങ് പരമാവധി മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് കാർഷിക മേഖല. തെളിഞ്ഞ കാലാവസ്ഥയിൽ ഏതാണ്ട് എഴുപത് ശതമാനം തോട്ടങ്ങളിലും വെട്ട് പുരോഗമിക്കുകയാണ്.  സാധാരണ കാലവർഷത്തിന്റെ തുടക്കത്തിൽ ജൂണിൽ ഒട്ടുമിക്ക ദിവസങ്ങളിലും പ്രതികൂല കാലാവസ്ഥയിൽ ടാപ്പിങ് സ്തംഭിക്കാറാണ് പതിവ്. ഇക്കുറി ഉൽപാദനത്തിലെ ഉണർവ്് പരിശോധിച്ചാൽ ജൂൺ ആദ്യ പകുതിയിൽ റബർ ഉൽപാദനം മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടിയിട്ടുണ്ട്. അതേസമയം മെയ് മാസം വേനൽ മഴയിൽ ടാപ്പിങ് പല അവസരത്തിലും തടസ്സപ്പെട്ടതിനാൽ ഉൽപാദന മേഖലയിൽ റബർ സ്‌റ്റോക്ക് കുറവാണ്.  രാജ്യാന്തര വിപണിയിൽ പിന്നിട്ട വാരം റബർ വില താഴ്ന്നത് കണ്ട് ഇന്ത്യൻ വ്യവസായികൾ ആഭ്യന്തര വില ഇടിച്ച് ഷീറ്റ് ശേഖരിക്കാൻ ശ്രമിച്ചു. ബാങ്കോക്കിൽ 17,350 രൂപയിൽ നിന്ന് 16,225 വരെ താഴ്ന്നതിനിടയിൽ ഇന്ത്യൻ ടയർ കമ്പനികൾ ആഭ്യന്തര വില 300 രൂപ കുറച്ച് 17,500 വരെ നിരക്ക് താഴ്ത്തിയെങ്കിലും വ്യവസായികൾക്ക് ചരക്ക് ലഭിക്കാഞ്ഞതിനാൽ വാരാന്ത്യം അവർ 17,600 രൂപയായി ഉയർത്തി. ഈ വാരവും വിപണികളിൽ ലഭ്യത ചുരുങ്ങിയാൽ വിലയിൽ മുന്നേറ്റത്തിന് അവസരം ഒരുങ്ങും. അഞ്ചാം ഗ്രേഡ്  16,900-17,400 രൂപയിലാണ്. കോവിഡ് വ്യാപനം മൂലം ചൈനയുടെ പല ഭാഗങ്ങളിലും ലോക്ഡൗണിന് സമാനമായ സാഹചര്യമായതിനാൽ റബറിന് വ്യവസായിക ഡിമാന്റ് കുറഞ്ഞു. ഇതോടെ ചൈനയിൽ മാത്രമല്ല, റബർ അവധി വ്യാപാരം നടക്കുന്ന സിംഗപ്പൂർ, ജപ്പാൻ വിപണികളിലും റബർ വില താഴ്ന്നു. തായ് വിപണിയായ ബാങ്കോക്കിൽ വാരാന്ത്യം റബർ 16,237 രൂപയിലാണ്.
നാളികേരോൽപന്ന വില മുൻവർഷത്തെ അപേക്ഷിച്ച് താഴ്ന്നതോടെ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും വെളിച്ചെണ്ണക്ക് അന്വേഷണങ്ങളെത്തി. നേരത്തെ തന്നെ അറബ് രാജ്യങ്ങൾ നമ്മുടെ വെളിച്ചെണ്ണയിൽ താൽപര്യം കാണിച്ചിരുന്നു. ഇതിന് പുറമെ യൂറോപ്യൻ വിപണികളിൽ നിന്നും അന്വേഷണങ്ങളെത്തി. ഇപ്പോഴിതാ ചൈനയും ദക്ഷിണേന്ത്യൻ വെളിച്ചെണ്ണയുടെ സ്വാദ് നുകരാനുള്ള ഒരുക്കത്തിലാണ്. എന്നാൽ ചൈനയുമായുള്ള ഇടപാടുകളുടെ കാര്യത്തിൽ നമുക്ക് എത്രമാത്രം മുന്നേറാനാവുമെന്നതിനെ ആശ്രയിച്ചാവും ഭാവി.  കേരളത്തിൽ തുടർച്ചയായ മൂന്നാം വാരവും വെളിച്ചെണ്ണ, കൊപ്ര വിലകൾ സ്‌റ്റെഡിയാണ്. വൻകിട മില്ലുകാർ പച്ചത്തേങ്ങ, കൊപ്ര സംഭരണത്തിൽ കാണിച്ച തണുപ്പൻ മനോഭാവം വിലക്കയറ്റത്തിന് തടസ്സമായി. പല ഭാഗങ്ങളിലും വിളവെടുപ്പ് നടക്കുന്നുണ്ടങ്കിലും പ്രദേശിക വിപണികളിൽ തന്നെ ചരക്ക് വിറ്റഴിക്കുകയാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഡിമാന്റ് മങ്ങിയത് വിലക്കയറ്റത്തിന് തടസ്സമായി. ഇതിനിടയിൽ താങ്ങ് വിലയ്ക്ക് സംഭരണം ഊർജിതമാക്കുമെന്ന പ്രസ്താവനകൾക്ക് വിപണിയിൽ ചലനമുളവാക്കാനായില്ല. കൊച്ചിയിൽ വെളിച്ചെണ്ണ ക്വിന്റലിന് 14,000  രൂപയിലും കൊപ്ര 8250 രൂപയിലുമാണ്.  
കുരുമുളകിന് തളർച്ചയിൽ നിന്നും തിരിച്ചുവരവിന് അവസരം ലഭിച്ചില്ല. ഉത്തരേന്ത്യൻ ഡിമാന്റ് കുറഞ്ഞതോടെ അന്തർസംസ്ഥാന വ്യാപാരികൾ ചരക്ക് സംഭരണം നിയന്ത്രിച്ചത് കണ്ട് കാർഷിക മേഖല കുറഞ്ഞ അളവിലാണ് കുരുമുളക് വിൽപനയ്ക്ക് ഇറക്കുന്നത്. മെയ് ആദ്യം കിലോ 514 രൂപയിൽ വ്യാപാരം നടന്ന അൺ ഗാർബിൾഡ് മുളക് വില ഇതിനകം 485 രൂപയായി. ഉത്തരേന്ത്യയിലെ ഉത്സവ സീസണിലെ കച്ചവടങ്ങൾ മുന്നിൽ കണ്ട് ഉയർന്ന അളവിൽ ഇറക്കുമതിക്കുള്ള ശ്രമത്തിലാണ് ഇറക്കുമതി ലോബി.
ഇന്തോനേഷ്യയിൽ അടുത്ത മാസം കുരുമുളക് വിളവെടുപ്പ് ഊർജിതമാവും. ഈ അവസരത്തിൽ അന്താരാഷ്ട്ര നിരക്ക് താഴ്ത്തി ക്വട്ടേഷൻ ഇറക്കാൻ ഇടയുണ്ട്. ഇത് മുന്നിൽ കണ്ട്് വിയറ്റ്‌നാം സ്‌റ്റോക്ക് ഇറക്കാൻ മത്സരിക്കുകയാണ്. ഇന്തോനേഷ്യ നിരക്ക് ടണ്ണിന് 4000 ഡോളറിൽ നിന്നും പോയ വാരം 3660 ഡോളറാക്കി. വിയറ്റ്‌നാം മുളക് വില 3950 ഡോളർ. മലേഷ്യ 5900 ഡോളറിനും ബ്രസീൽ 3450 ഡോളറിനും ഇന്ത്യ 6475 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ശരാശരി ഇനം ഏലത്തിന് മുന്നേറാനാവുന്നില്ലെങ്കിലും മികച്ചയിനങ്ങൾ ശേഖരിക്കാൻ ഇടപാടുകാർ കാണിച്ച താൽപര്യം വാരാന്ത്യം ഉൽപന്നത്തെ കിലോ 1500 രൂപയ്ക്ക് മുകളിൽ എത്തിച്ചു. വാരാന്ത്യം ഇടുക്കിയിൽ നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ കിലോ 859 രൂപയിൽ കൈമാറി. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ഏലക്ക ശേഖരിച്ചു.

Latest News