ജയരാജ വിജയവും വീണയും

'ആപത്തിൽ സഹായിക്കുന്നവനാണ് യഥാർഥ മിത്രം' എന്നത്രേ പഴമൊഴി. ജയരാജൻ സഖാവ് രക്ഷിച്ചില്ലായിരുന്നുവെങ്കിൽ മുഖ്യമന്ത്രിയുടെ ഗതി എന്താകുമായിരുന്നു -ചോദിക്കുന്നതും ഇ.പി. ജയരാജൻ തന്നെ. മറുപടി നൽകേണ്ടത് നാട്ടുകാരുടെ ജോലി. പണ്ടേ പറഞ്ഞിട്ടുള്ളതാണ്, സഖാവിന് പിണറായി സഖാവ് മൂത്ത സഹോദര തുല്യനാണെന്ന്. ആ സഹോദരനോടാണ്, ഇൻഡികോ വിമാനത്തിനുള്ളിൽ ഭീകര പ്രവർത്തകർ മാത്രം ചെയ്യാൻ ധൈര്യപ്പെടുന്ന പണി മൂന്നു യൂത്തന്മാർ ചേർന്നു പറ്റിച്ചത് എന്തായിരുന്നു അവരുടെ മാസ്റ്റർ പ്ലാൻ? വിമാനത്തെ അന്റാർടിക്കയിലോ, അവിടെ ലാന്റ് ചെയ്യാൻ റൺവേ തരപ്പെട്ടില്ലെങ്കിൽ എതിർദിശയിലേക്കു വെച്ചു പിടിച്ച് ആർട്ടിക് ഭൂഖണ്ഡത്തിലോ എത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നിട്ട് തികച്ചും ഹിഡൻ അജണ്ട! ഇന്ത്യയിലെ ഒരേയൊരു മാർക്‌സിസ്റ്റ് ഭരണാധികാരിയാണെന്നോർക്കണം. ഒന്നു മയങ്ങി കണ്ണു തുറന്നപ്പോൾ, മൂന്നു പേർ മദ്യപിച്ചുകൊണ്ട് മുഖ്യമന്ത്രിയെ പിടികൂടാൻ ശ്രമിക്കുന്നതാണ് ജയരാജൻ സഖാവ് കണ്ടത്. പിന്നീട് പുറത്തു വന്ന പോലീസ് റിപ്പോർട്ടിലാകട്ടെ, മദ്യത്തിന്റെ ലവലേശം സൂചനയോ ഗന്ധമോ ഇല്ലായിരുന്നു! അതറിഞ്ഞ സഖാവും വിട്ടില്ല; തനിക്ക് ആ യൂത്തന്മാരെക്കുറിച്ച് അങ്ങനെയാണ് തോന്നിയതെന്നായി. അതിൽ സഖാവിനെ അറിയാവുന്ന ആർക്കും അദ്ഭുതം തോന്നാനിടയില്ല. തനിക്കു തോന്നുന്നതു പറയാനും പ്രവർത്തിക്കാനുമുള്ളതാണ് രാഷ്ട്രീയം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഒരു ബന്ധു നിയമനം നടത്തിയതും  തനിക്കു തോന്നിയിട്ടായിരുന്നു. കുറച്ചു ദിവസത്തേക്ക് കസേരയിൽ നിന്നിറങ്ങി പുറത്തു പൊരിവെയിലിൽ നിൽക്കേണ്ടിവന്നു. അതാണല്ലോ രണ്ടാം പിണറായി സർക്കാരിന്റെ വാതിലിനകത്തു കയറ്റാതെ വന്നതും! അതോടെ, ഇടയ്ക്കിടെ തികട്ടി വരുന്ന ദുഃഖം ഒതുക്കാനായി മുഖ്യനെ വല്യേട്ടൻ സ്ഥാനം നൽകി 'ആദരിക്കുന്ന' പരിപാടി തുടങ്ങി. അതിനു പാരിതോഷികം കിട്ടി എൽ.ഡി.എഫ് കൺവീനർ സ്ഥാനം. എന്നിട്ടും ഒത്തിരി ദുഃഖം ഉള്ളിൽ ബാക്കിയുണ്ടെന്നു സംശയിക്കണം. ഉറുമ്പിനോളം പോന്ന വിമാനയാത്രാ സംഭവത്തെ കൊമ്പനാനയാക്കി ചിത്രീകരിക്കുന്ന അടവ് പിന്നെ എന്തിനാണ് എടുത്തു വീശിയത്? തുളുനാടൻ കളരിയിൽ നെഞ്ചത്തു ചവിട്ടുന്ന അധ്യായം പഠിപ്പിക്കാറില്ലെങ്കിലും യൂത്തുകാരെന്നു കണ്ടയുടനെ സഖാവിന്റെ വീരത്വം പുറത്തു ചാടി. മുന്നിൽ നിൽക്കുന്നവരെ കെ. സുധാകരനായും വി.ഡി. സതീശനായും സതീശൻ പാച്ചേനിയായും സങ്കൽപിച്ചുകൊണ്ട് കൊടുത്തു നല്ല പെട! അതോടെ മൂന്നാമൻ അണ്ടർ ഗ്രൗണ്ടിലായി. ഇനി പോലീസ് വിമാനത്താവളത്തിന്റെ റൺവേ മുതൽ കുഴിച്ചു നോക്കണം. 'ലുക്കൗട്ട് നോട്ടീസ്' ഭൂമിക്കടിയിലും വിതരണം ചെയ്യാൻ ഏർപ്പാടുണ്ടാക്കണം. എന്തൊക്കെ പൊല്ലാപ്പാണ്! ഒരു ചിത്രത്തിൽ ജഗദീഷിന്റെ കഥാപാത്രം ചോദിച്ചതു പോലെ, 'ആക്ച്വലി എന്താണു സംഭവിച്ചത്'? എവിടെയാണ് സംഭവിച്ചത്? ആരാണ് മദ്യപിച്ചിരുന്നത്? മുഖ്യമന്ത്രി നിലത്തിറങ്ങിയെന്നാണോ, ഇരുന്നുറങ്ങി എന്നാണോ മൊഴികൊടുത്തത്? യൂത്തന്മാർ മദ്യലഹരിയിലായിരുന്നോ, അതോ 'മദ്യപിച്ചിട്ടില്ലായിരുന്നെങ്കിൽ സന്തോഷം' എന്നതാണോ ശരി? ഏതായാലും ഏക മാർക്‌സിസ്റ്റ് ഇതിഹാസ മുഖ്യമന്ത്രിയെ രക്ഷിച്ച വകയിൽ ഒരു 'പട്ടും വളയും' മാത്രം പോരാ. 'വീരശൃംഖല'യും സഖാവിനു പ്രതീക്ഷിക്കാം. മുഖ്യമന്ത്രി ചക്രവർത്തിയായി മാറി വരുന്നു എന്ന് രഹസ്യമായി ഒരു ആക്ഷോപമുണ്ടല്ലോ. അതു സത്യമായി ഭവിക്കട്ടെ. ഒരു കാര്യമേ പറയാനുള്ളൂ, വിമാനത്തിൽനിന്നും അണ്ടർഗ്രൗണ്ടിലേക്കു പോയ യൂത്ത് നാരായണനെ ജീവനോടെ പിടികൂടിയില്ലെങ്കിൽ കേസുകൾ പല വകുപ്പുകളിലായിരിക്കും വന്നെത്തുക; താങ്ങാൻ പ്രയാസമായിരിക്കും.
കരണീയമായ  മറ്റൊരു പദ്ധതി ആലോചനാ ഗൃഹത്തിലാണെന്നു കേട്ടു- 'ജയരാജ വിജയം' ഒരു ഫീച്ചർ ഫിലിമായി അവതരിപ്പിക്കുക. തൊഴിലില്ലാത്ത അനുഭാവി സഖാക്കൾ സിനിമയില്ലാതെ അലഞ്ഞുനടക്കുന്നുണ്ട്. ഭരണാധികാരിയെ 'തട്ടാൻ' പദ്ധതിയിട്ട പ്രമേയവുമായി ഒന്നര ഡസൻ ചിത്രങ്ങളെങ്കിലും പുറത്തിറങ്ങിയിട്ടുമുണ്ട്. എയർപോർട്ട് - വൺ, ടൂ, ത്രീ, 'ഡേ ഓഫ് ദി ജക്കാൾ' തുടങ്ങി കോപ്പിയടിക്കാൻ എത്രയെത്ര ആംഗല ഹിറ്റ് പടങ്ങൾ! ഉത്സവങ്ങൾക്ക് കോവിഡ് കാരണം നിരോധനം ഏർപ്പെടുത്താതിരുന്നാൽ വേറെയും (അനന്ത) സാധ്യതകളുണ്ട്- ബാലേ, വിൽപാട്ട്, കഥകളി, കൂത്ത്, ഓട്ടൻതുള്ളൽ, മാപ്പിളപ്പാട്ട് ഇത്യാദി കലകളും ജയരാജനെ കീർത്തിമാനാക്കും. പടംപിടിച്ച് മറ്റേ ജയരാജനെപ്പോലെ 'ചോരച്ചെങ്കതിരോൻ' ആകാതെ സൂക്ഷിച്ചാൽ മതി. ടി.വി സീരിയലാക്കുന്നതും അത്യുത്തമം. അതിനു 'വാലും തലയു'മൊന്നും വേണ്ടല്ലോ. സ്ഥലകാലമില്ല; ജനന മരണവുമില്ല. നായക സഖാവിന്റെ റോളിൽ നടിക്കാൻ മമ്മൂക്കയോ ലാലേട്ടനോ ആരു വേണമെങ്കിലും ഓടിയെത്തും. സുരേഷ് ഗോപി പോലും വരും; പക്ഷേ അടുപ്പിക്കരുത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നമുക്കു ഗുസ്തി പിടിക്കാനുള്ളതാണ്.
****                                 ****                      ****
'വീണ ഒരു മനോഹരവും കേൾവി സുഖമുള്ള ഉപകരണമാണ്. അതിനാലായിരിക്കാം പേരിടുമ്പോൾ പെൺകുട്ടികൾക്കും അത് പ്രിയംകരമാകുന്നത്. പണ്ടൊരു 'വീണ വിദ്വാൻ' എസ്. ബാലചന്ദറുണ്ടായിരുന്നു. മൂപ്പർക്ക് ശെമ്മങ്കുടി ശ്രീനിവാസയ്യരുമായി കേസ് പറയുന്നതിലായി വയസ്സുകാലത്തു കമ്പം. വീണ വാദനത്തിൽ ഒന്നാമൻ. പക്ഷേ മദ്രാസ് ഹൈക്കോടതിയിൽ കേസ് വാദനത്തിൽ വീണുപോയി. അന്നത്തെ മുഖ്യമന്ത്രി എം.ജി.ആർ ഇടെപട്ടിട്ടാണ് കേസ് ഒത്തുതീർപ്പിലായതും വിദ്വാന്റെ മാനം രക്ഷപ്പെട്ടതും. ഇവിടെ 'വീണ'മാർ മൂന്നു പേരാണ്. വീണാ ജോർജ് ആരോഗ്യ വകുപ്പിൽ വീഴാതെ പിച്ചെവച്ചു നടക്കുന്ന കാലമാണ്. മുൻ മന്ത്രിയെപ്പോലെ ഉറക്കമിളച്ച് സെക്രട്ടറിയേറ്റിലിരുന്ന് ഖ്യാതി നേടണമെന്ന മോഹമില്ല. പ്രസ്താവനകളില്ല. ഓഫീസ് വിട്ടാൽ നേരേ സ്വസ്ഥ ഗൃഹഭരണം. അവരെക്കുറിച്ച് അശ്ലീല വിഡീയോ തയാറാക്കാൻ ശ്രമിച്ചുവെന്നതിന് 'ക്രൈം' നന്ദകുമാറിനെ പോലീസ് പോക്കി. വാരികക്കു പേരിട്ടത് അറം പറ്റിയതാവാം. 'ക്രൈം' എന്നു പേരിടും മുമ്പ് ആലോചിക്കണമായിരുന്നു. സഹപ്രവർത്തകയെ മേൽപടി കൃത്യത്തിന് കൂട്ടുനിൽക്കാൻ പ്രേരിപ്പിച്ചുവെന്നതാണ് ഇപ്പോഴത്തെ കുറ്റം. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ വീണു പോകത്തക്കവണ്ണമുള്ള ആരോപണങ്ങളാണ് സ്വപ്ന സുന്ദരി അടുത്ത കാലത്തായി അവതരിപ്പിക്കുന്നത്. ഭർത്താവും മരാമത്ത് മന്ത്രിയുമായ റിയാസ് മൊത്തം എസ്റ്റിമേറ്റ് തയാറാക്കി ഒരു മറുപടി നൽകിയതു കേട്ടാൽ ശ്രോതാക്കളും വായനക്കാരും ഞെട്ടിപ്പോകും. 'പച്ചമാംസത്തിൽ കടിച്ചു പറിക്കുമ്പോഴുള്ള വേദന'യോടാണ് അദ്ദേഹം ആരോപണങ്ങളെ താരതമ്യപ്പെടുത്തിയത്. അത്രയും വേണോ? നമ്മൾ മൃഗശാലയിലോ, കാട്ടിലെ കഴുതപ്പുലിയുടെ മുന്നിലോ ആണോ സഖാവേ ജീവിക്കുന്നത്, അല്ലല്ലോ.... പിന്നെന്താ? നല്ല ഉപമകളുള്ള കാവ്യങ്ങൾ വായിച്ചാൽ മറുപടി ജോറാകും. തലസ്ഥാനത്ത് പൊടിയേറ്റു കിടന്ന മറ്റൊരു വീണക്ക് തലപൊക്കാൻ മന്ത്രിയുടെ വീണ അവസരം ഒരുക്കിക്കൊടുത്തു എന്നു പറഞ്ഞാൽ പിണങ്ങരുത്. വീണ എസ്. നായർ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാൻ ഇറങ്ങിയപ്പോഴേ വീണു പോയൊരു ദേഹമാണ്. അവരുടെ പോസ്റ്റുകൾ ആക്രിക്കടയിൽ കണ്ടെടുത്ത വിവരം അന്വേഷിച്ചുപോയ കെ.പി.സി.സിയുടെ മൂന്നംഗ സമിതി ഇതുവരെ തിരിച്ചെത്തിയിട്ടില്ല. അങ്ങനെ മൂന്നു 'വീണമാർ' വീണ്ടും വാർത്തകളിൽ നിറയുന്നു. റിയാസിനു നന്ദി പറഞ്ഞുകൊണ്ട് ഫേസ്ബുക്കിൽ കയറി പോസ്റ്റിക്കളയരുതേ എന്നൊരഭ്യർഥനയുണ്ട്. കലഹമുണ്ടാകാൻ ഇക്കാലത്തു കാരണം ഏറെയൊന്നും വേണ്ട.
****                              ****                          ****
ഏവർക്കും പൊതുസമ്മതനാണെങ്കിൽ ഒരു കൈകൂടി നോക്കാമെന്ന് രാഷ്ട്രപതിക്കസേരയെ ലാക്കാക്കി മഹാത്മജിയുടെ പൗത്രൻ രാജ്‌മോഹൻ ഗാന്ധി. പ്രതിപക്ഷത്തെ വല്യേട്ടനാകാൻ കൊതിക്കുന്ന മുൻ ദേശീയ പാർട്ടിയും മൂന്നു സീറ്റിന്മേൽ ഇന്ത്യൻ ബുദ്ധിജീവി സ്ഥാനത്തു തുടരുന്ന കേരള ഭരണപ്പാർട്ടിയും തമ്മിലുള്ള ഊഷ്മള ബന്ധം കാണണമെങ്കിൽ ഗാന്ധിയുടെ കൊച്ചുമോൻ 'ദൈവത്തിന്റെ നാട്ടിലേക്കു ഒന്നു വരണം. ഗാന്ധി പ്രതിമയുടെ തലവെട്ട്, ബോംബേറ്, കൊല, കത്തിക്കുത്ത്. പാർട്ടിയാപ്പീസ് ആക്രമണം തുടങ്ങിയ മർമപ്രധാനമായ ഐക്യ പ്രസ്ഥാന നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നതു കാണാം. ഇതിനു പുറമേയാണ് സ്വപ്ന സുരേഷിന്റെ മൊഴിമുത്തുകളിന്മേൽ ചാനൽ ചർച്ചകളെന്ന സായാഹ്ന പരിപാടി. ടൂറിസം പാക്കേജിൽ ഉൾപ്പെടുത്തി എല്ലാ സന്ദർശകർക്കും ഒന്നുപോലെ ആസ്വദിക്കാൻ പാകപ്പെടുത്തിയവയാണ് കേരള പരിപാടികൾ. രാഷ്ട്രപതി സ്ഥാനാർഥിയാകാൻ പോകും മുമ്പ് പിന്തുണക്കാരുടെ തൽസ്വരൂപം അറിയുന്നതുകൊണ്ട് നഷ്ടമൊന്നുമില്ല. ജയിച്ചാലും തോറ്റാലും ഇവരെയൊന്നും കാണേണ്ടതില്ലല്ലോ.

Latest News